നടന്നുകൊണ്ടിരിക്കുന്ന ഒരു ജമാഅത്തില്‍ വൈകിവന്ന ഒരാള്‍ തുടരുമ്പോള്‍ ഇമാമിനോടൊപ്പം റുകൂഅ് ചെയ്യാന്‍ കഴിഞ്ഞാല്‍ റക്അത്ത് കിട്ടിയതായി പരിഗണിക്കപ്പെടും. പിന്തിവരുന്നവര്‍ ഫാതിഹയോ ദുആഉല്‍ ഇസ്തിഫ്താഹോ ഓതണമെന്നില്ല. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം.
അബൂബക്ര്‍(റ) പറയുന്നു: ''നബി (സ്വ) റുകൂഇലായിരിക്കെ, അണിയിലെത്തും മുമ്പെ ഞാന്‍ റുകൂഅ് ചെയ്തു. നബി(സ്വ)യോട് ഞാന്‍ അത് പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് താത്പര്യം വര്‍ധിപ്പിക്കട്ടെ. ഇത് (ഈ ചെയ്തത്) ആവര്‍ത്തിക്കരുത്'' (ബുഖാരി).
അതായത് റുകൂഇലേക്ക് പോയ പ്രവാചകനെ കണ്ടപ്പോള്‍ പള്ളിയില്‍ പ്രവേശിച്ച അദ്ദേഹം അണിയില്‍ വന്നു ചേരും മുമ്പെ റുകൂഅ് ചെയ്തു. ഇതിനെയാണ് റസൂല്‍(സ്വ) ആക്ഷേപിച്ചത്. എന്നാല്‍ വരിയില്‍ ചേര്‍ന്ന് ഇമാമിനോടൊപ്പം റുകൂഅ് ചെയ്തിരുന്നുവെങ്കില്‍ റക്അത്ത് ലഭിച്ചതായി പരിഗണിക്കപ്പെടും. അദ്ദേഹത്തോട് ആ റക്അത്ത് വീണ്ടും നമസ്‌കരിക്കാന്‍ നിര്‍ദേശിച്ചിരുന്നുമില്ല.
ഫാതിഹ ഓതാത്തവന്ന് നമസ്‌കാരം തന്നെയില്ല എന്നും, വൈകിവന്ന് ഇമാമിനെ തുടര്‍ന്നവന്‍ വിട്ടുപോയ ഭാഗം പൂര്‍ത്തിയാക്കണമെന്നും നബി(സ്വ) വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഫാതിഹ ഓതാനവസരം ലഭിക്കാതെ റുകൂഇല്‍ മാത്രം ഇമാമിനെ തുടര്‍ന്നവന് ആ റക്അത്ത് കിട്ടുകയില്ലെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ(റ)യുടെ അഭിപ്രായം ഇപ്രകാരമാണെന്ന് ഹാഫിദ് ഇബ്‌നുഹജര്‍ ഫത്ഹുല്‍ബാരിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതാണ് രണ്ടാമത്തെ വീക്ഷണം. സൂക്ഷ്മതയും തെളിവുകളുടെ വ്യക്തതയും പരിഗണിക്കുമ്പോള്‍ ഈ അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യം. മാത്രമല്ല, എല്ലാ റക്അത്തുകളിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണെന്നതും ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നു.