Skip to main content

ഇമാം പിറകിലുള്ളവരെ പരിഗണിക്കണം

നമസ്‌കാരം പൊതുവെ ദീര്‍ഘിപ്പിച്ചും ഭംഗിയോടെയും നിര്‍വഹിക്കേണ്ടതാണ്. തനിയെ നമസ്‌കരിക്കുന്നവര്‍ക്ക് എത്രയും നീട്ടാം. എന്നാല്‍ ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ഇമാം പിറകിലുള്ളവരുടെ സ്ഥിതി പരിഗണി ക്കേണ്ടതാണ്. പിറകിലുള്ളവരില്‍ കുട്ടികള്‍, വൃദ്ധന്മാര്‍, അവശര്‍, ഏതെങ്കിലും ആവശ്യത്തിന് വേഗം പോകേണ്ടവര്‍ ഇങ്ങനെ പലരുമുണ്ടാകും. ഇവരെ പരിഗണിക്കാതെ ദീര്‍ഘമായി നമസ്‌കരിക്കരുത്. 

''മുആദ് തന്റെ ആള്‍ക്കാരുമായി ഇശാ നമസ്‌കാരം വളരെ ദീര്‍ഘമായി നമസ്‌കരിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'ഓ മുആദ്; താങ്കള്‍ ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ ഒരു കുഴപ്പക്കാരനാകാന്‍ ശ്രമിക്കുകയാണോ? 'സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ, വല്ലയ്‌ലി ഇദാ യഗ്ശാ' എന്നീ സൂറത്തുകള്‍ ഓതുക'' (മുസ്‌ലിം 2:419). 

ഒരു കേസിന് തീര്‍പ്പുകല്പിച്ചുകൊണ്ടാണ് നബി(സ്വ) ഇപ്രകാരം പറഞ്ഞത്: ഒരു ഇശാഅ് നമസ്‌കാരത്തില്‍ മുആദ്(റ) സൂറത്തുല്‍ ബഖറ ഓതി. ആ അവസരത്തില്‍ ഒരാള്‍ കൂട്ടത്തില്‍ നിന്ന് പിന്മാറി തനിയെ നമസ്‌കരിച്ചു. ഈ മനുഷ്യന്‍ കപടനാണെന്ന് ജനങ്ങള്‍ പറഞ്ഞു. അയാള്‍ നബിയുടെ മുമ്പില്‍ വന്ന് പരാതിപ്പെട്ടു. അപ്പോഴാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകും വിധം ദീര്‍ഘമായി നമസ്‌കരിക്കരുതെന്ന് നബി(സ്വ) ഗുണദോഷിച്ചത് (മുസ്‌ലിം). 

തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുന്നുവെങ്കിലും ഇമാമിനെ വിട്ടുപിരിഞ്ഞ് തനിയെ നമസ്‌കരിച്ചു പൂര്‍ത്തിയാക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ഹദീസാണതിന് തെളിവ്. മുആദി(റ)നെ വിട്ടുപിരിഞ്ഞ വ്യക്തിയെ നബി(സ്വ) ആക്ഷേപിച്ചില്ല, പ്രത്യുത ദീര്‍ഘമായി നമസ്‌കരിച്ച മുആദിനെ ശാസിക്കുകയാണ് ചെയ്തത്. അടിയന്തിര ഘട്ടങ്ങളില്‍ ഇമാമിനെ പിരിഞ്ഞാല്‍ നമസ്‌കാരം നിഷ്ഫലമാകില്ല എന്നര്‍ഥം.

ഇമാം സര്‍വ സമ്മതനാവണം. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവന്‍ ഇമാമായി നില്ക്കരുത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: മൂന്നു പേരുടെ നമസ്‌കാരം അവരുടെ തലയ്ക്കുമീതെ നിന്ന് ഒരു ചാണ്‍ പോലും ഉയര്‍ത്തപ്പെടുകയില്ല. ജനം വെറുക്കുന്ന സ്ഥിതിയില്‍ അവര്‍ക്ക് ഇമാമായി നിന്നവന്‍, ഭര്‍ത്താവിന്റെ കോപത്തിനു പാത്രമായിക്കൊണ്ട് രാത്രി കഴിച്ചുകൂട്ടിയ സ്ത്രീ, പരസ്പരം കലഹിച്ചുകഴിയുന്ന സഹോദരന്മാര്‍'' (ഫിഖ്ഹുസ്സുന്ന 1:242). 

തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്: ''മൂന്നു പേരുടെ നമസ്‌കാരം അവരുടെ ചെവിക്കപ്പുറം പോവുകയില്ല. ഓടിപ്പോയ അടിമ; മടങ്ങിയെത്തുന്നതു വരെ, ഭര്‍ത്താവിന്റെ കോപത്തിനു പാത്രമായിക്കൊണ്ട് രാത്രി കഴിച്ചുകൂട്ടിയവള്‍, ജനം വെറുക്കുന്ന ഇമാം.''

Feedback