Skip to main content

ഗോറി ഭരണകൂടം

ഗസ്‌നവി ഭരണകൂടം നിലനില്‍ക്കെത്തന്നെ അല്‍ ഗോര്‍ കേന്ദ്രമായി നിലവില്‍ വന്നതാണ് ഗോറി ഭരണകൂടം. ക്രി.വി. 1150ല്‍ ഗസ്‌നി കീഴടക്കിക്കൊണ്ടാണ് ഗോറികളുടെ ഭരണം ആരംഭിച്ചത്.  ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറി ലാഹോര്‍ പിടിച്ചടക്കുന്നതോടെയാണ് ഗസ്‌നവി ഭരണത്തിന്റെ അന്ത്യവും ഗോറി വാഴ്ചയുടെ ഉദയവുമുണ്ടാകുന്നത്.

ഗസ്‌നവികളുടെ സാമന്തരാജ്യമായി നിലകൊണ്ട ഗോറി (സന്‍സൂബ്) ഭരണം തുടക്കത്തില്‍ കാബൂളിനും ഹറാത്തിനുമിടക്കുള്ള ഗോര്‍ പ്രദേശത്ത് ഒതുങ്ങി നില്‍ക്കുകയായിരുന്നു.  ഒന്നരപ്പതിറ്റാണ്ടിന് ശേഷം, ഗസ്‌ന കീഴടക്കിയാണ് ഗോറികള്‍ യഥാര്‍ത്ഥ പ്രതാപം നേടിയത്.  ഗിയാസുദ്ദീന്‍ ഗോറിയുടെ നേതൃത്വത്തില്‍ ക്രി. 1173ലായിരുന്നു ഗസ്‌നി വിജയം.  ഗിയാസുദ്ദീന്‍ ഗോറി, സഹോദരന്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറിയിലെ ഗസ്‌നിയെ സുല്‍ത്വാനായി അവരോധിക്കുകയും ചെയ്തു.

സ്വതന്ത്രമായി ഭരണം നടത്തിയ മുഹമ്മദ് ഗോറി, അഫ്ഗാനിസ്താനു പുറത്തേക്കിറങ്ങി പാക്കിസ്താനിലും വടക്കെ ഇന്ത്യയിലും പടയോട്ടം നടത്തി.  മുള്‍ത്താന്‍, ഉച്ച് എന്നീ നഗരങ്ങള്‍ വരുതിയിലാക്കുകയും 1179ല്‍ പെഷവാറും പിന്നാലെ ദേബലും അധീനപ്പെടുത്തി രാജ്യവിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്തു.  1186ല്‍ ലാഹോറും പിടിച്ചതോടെയാണ് ഗസ്‌നവി ഭരണം പൂര്‍ണമായും തുടച്ചു നീക്കപ്പെടുന്നത്.

ബഖ്തിയാര്‍ ഖില്‍ജി എന്ന വിശ്വസ്തനും ധീരനുമായ പടത്തലവനെ വെച്ചായിരുന്നു ഗോറിയുടെ സൈനിക നീക്കങ്ങള്‍.  ഡല്‍ഹിയും അജ്മീറും വാണിരുന്ന പൃഥിരാജ എന്ന ഭരണാധികാരി ഗോറിയുടെ മുന്നേറ്റത്തിന് തടയിട്ടെങ്കിലും പിന്‍തിരിഞ്ഞ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന ഗോറിയുടെ വന്‍ സൈന്യത്തിനു മുന്നില്‍  പൃഥിരാജക്ക് വെല്ലുവിളിയാവാന്‍ കഴിഞ്ഞില്ല.

വര്‍ധിത വീര്യത്തോടെ മുന്നേറിയ ഗോറിയുടെ കൈകളില്‍ ബീഹാറും ബംഗാളും ഭദ്രമായി.  അങ്ങനെ ചരിത്രത്തിലാദ്യമായി ഇന്നത്തെ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, വടക്കെ ഇന്ത്യ, ബംഗ്‌ളാദേശ് എന്നിവയടങ്ങുന്ന പ്രവിശാലമായ പ്രദേശം മുസ്‌ലിംകളുടെ അധീനതയില്‍ വന്നു.

ഗോറികള്‍ പഠാണികളായിരുന്നു. ഗസ്‌നവി സുല്‍ത്താന്‍മാരില്‍ നിന്ന് വിഭിന്നമായി ആധിപത്യം നേടിയ പ്രദേശങ്ങളില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ അവര്‍ അതീവ ഉത്സാഹം കാണിച്ചു. വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍ പണിയുകയും മാതൃകാധന്യമായ ജീവിതത്തിലൂടെ ഇതരമതസ്ഥരെ ഇസ്‌ലാമിലേക്കാകര്‍ഷിക്കുകയും ചെയ്തു.  മുഹമ്മദുബ്‌നുല്‍ ഖാസിമിന്റെ പിന്‍മുറക്കാരായാണ് ഇസ്‌ലാമിക പ്രബോധന കാര്യത്തില്‍ ഗോറികള്‍ വിലയിരുത്തപ്പെട്ടത്.

ക്രി. 1206 (ബി. 602)ല്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറിയുടെ വധത്തോടെയാണ് ഗോറി കാലഘട്ടത്തിന് അന്ത്യമായത്.  ഇസ്മായിലി വിഭാഗക്കാരനായ ഒരാളാണ് അദ്ദേഹത്തെ വധിച്ചത്.

വിശ്രുതമായ 'തഫ്‌സീറുല്‍ കബീറി'ന്റെ കര്‍ത്താവ് ഇമാം ഫഖ്‌റുദ്ദീന്‍ അല്‍ റാസീ (ഹി. 543-606), അജ്മീര്‍ ദര്‍ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖാജാമുഈനുദ്ദീന്‍ ചിശ്തീ എന്നിവര്‍ ഗോറി കാലത്തെ പ്രധാന വ്യക്തിത്വങ്ങളാണ്.

Feedback