10ാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന മുസ്‌ലിം വൈദ്യശാസ്ത്രജ്ഞനും ശസ്ത്രക്രിയാ വിദഗ്ധനുമാണ് അസ്സഹറാവി. എ ഡി 936ല്‍ സ്‌പെയിനിലെ മദീന അസ്സഹ്‌റയിലാണ് ജനനം. മുഴുവന്‍ പേര് അബുല്‍ ഖാസിം കലാഫ് ബ്‌നുല്‍ അബ്ബാസ് അസ്സഹറാവി.
ശസ്ത്രക്രിയ ഉപകരണങ്ങളെ കുറിച്ചുള്ള 'കിതാബുല്‍ തസ്‌രിഫ്' എന്ന ഗ്രന്ഥം വൈദ്യശാസ്ത്ര രംഗത്ത് ഇന്നും ലോകപ്രശസ്തമാണ്. മധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രഗല്‍ഭനായ ശസ്ത്രക്രിയാ വിദഗ്ധനായി ശാസ്ത്രലോകം പരിഗണിക്കുന്നു. ശസ്ത്രക്രിയകളുടെ പിതാവ് എന്നാണ് അറിയപ്പെട്ടിരുന്നത്.
30 വാള്യങ്ങളിലായി അദ്ദേഹം എഴുതിയ ഈ ഗ്രന്ഥം വൈദ്യപരിശോധനാ രംഗത്ത് സര്‍വവിജ്ഞാന കോശമായാണ് പരിഗണിക്കപ്പെടുന്നത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് അസ്സഹറാവി നടത്തിയ കണ്ടുപിടിത്തങ്ങളും വിശദീകരണങ്ങളും ആധുനിക ലോകത്ത് കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളിലെല്ലാം വൈദ്യശാസ്ത്ര രംഗത്ത് ഇപ്പോഴും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ലോകത്താദ്യമായി എക്‌ടോപിക് പ്രഗ്‌നന്‍സി (ഗര്‍ഭധാരണ ഘട്ടത്തിലെ സങ്കീര്‍ണമായ ഒരു അവസ്ഥയാണ് എക്‌ടോപിക് പ്രഗ്നനന്‍സി എന്ന് പറയുന്നത്. ഗര്‍ഭപാത്രത്തിന് പുറത്ത് ഭ്രൂണം വളരുന്ന രോഗം) വിവരിച്ചത് അദ്ദേഹമാണ്. കൂടാതെ ഹീമോഫീലിയ (അമിത രക്തസ്രാവമുണ്ടാകുന്ന രോഗം) പാരമ്പര്യ സ്വഭാവത്തെ തിരിച്ചറിഞ്ഞതും ഇദ്ദേഹമാണ്.
അബൂ കാസിമിന്റെ ജീവത രേഖ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അന്തലൂസിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പല രേഖകളും നഷ്ടപ്പെട്ടുപോയിട്ടുണ്ട്. എങ്കിലും 993ല്‍ ജീവിച്ചിരുന്ന അബൂ മുഹമ്മദ് ബ്‌നു ഹാസിമിന്റെ ഗ്രന്ഥങ്ങളില്‍ അബുല്‍ കാസിമിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
മധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും മഹാനായ വൈദ്യശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹമെന്ന് അബൂ മുഹമ്മദ് രേഖപ്പെടുത്തുന്നു. ഹുമ്മയ്യദിന്റെ ജദ്‌വാതുല്‍ മക്തബിസിലും അബുല്‍ കാസിമിന്റെ ജീവിത രേഖ സംബന്ധിച്ച ചുരുങ്ങിയ വിവരങ്ങള്‍ കാണുന്നുണ്ട്. 1013ലാണ് അന്ത്യം.