Skip to main content

ബഗ്ദാദും ഇസ്‌ലാമിക സര്‍വ്വകലാശാലകളും

പ്രവാചക വിയോഗത്തിനു ശേഷം ഖിലാഫത്തുര്‍റാശിദ ഇസ്‌ലാമിക ലോകത്തിന്റെ ഭരണമേറ്റെടുത്തു.  തുടര്‍ന്ന് ഉമവീ, അബ്ബാസീ, ഫാത്വിമീ, തുര്‍ക്കി ഭരണകൂടങ്ങള്‍ ഉയര്‍ന്നു വന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ മുതല്‍ പാരിസ് വരെ വ്യാപിച്ചു കിടന്ന ലോകത്തെ ഏറ്റവും വലിയ ഭരണസംവിധാനമായിരുന്നു ഇത്. ഇതില്‍ ഏറ്റവും പ്രബലരായിരുന്നു അബ്ബാസിയ ഭരണകൂടം. എഡി 749ല്‍ അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് സ്ഥാപിക്കുകയും അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍, അല്‍ മഹ്ദി, മൂസാ അല്‍ഹാദി, ഹാറൂന്‍ റശീദ്, അല്‍ അമീന്‍, അല്‍ മഅ്മൂന്‍, അല്‍ മുഅ്തസിം, വസീഖ്, മുതവക്കില്‍ തുടങ്ങി എഡി 861 വരെ നൂറ്റിമുപ്പത്തഞ്ച് വര്‍ഷത്തോളം നിലനിന്ന അബ്ബാസിയ ഭരണമാണ് ശാസ്ത്രപഠനത്തിന് വിത്തുപാകിയത്. ഇസ്‌ലാമിക രാജ്യങ്ങളില്‍ മതപഠനം അവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. 

ലോകചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഉന്നത വിദ്യാകേന്ദ്രമായിരുന്നു എഡി 830ല്‍ അല്‍ മഅ്മൂന്‍ സ്ഥാപിച്ച 'ബൈത്തുല്‍ ഹിക്മ'. ഇതൊരു പരിഭാഷാ കേന്ദ്രവും അക്കാദമിയും ലൈബ്രറിയുമായി പ്രവര്‍ത്തിച്ചു. വ്യത്യസ്ത ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു. ഇവിടെ വാനശാസ്ത്ര വിഭാഗവും അതില്‍ തന്നെ നിരീക്ഷണത്തിനുള്ള ഒബ്‌സര്‍വേറ്ററിയും ഉണ്ടായിരുന്നു. ഇതേ കാമ്പസിനോടനുബന്ധിച്ച് ആസ്പത്രിയും വൈദ്യശാസ്ത്രപഠനവും നടന്നു.

നിസാമിയ സര്‍വ്വകലാശാല

'ബൈത്തുല്‍ ഹിക്മ'യുടെ മാതൃക സ്വീകരിച്ചുകൊണ്ട് എഡി 1065ല്‍ സെല്‍ജ്യൂക് സുല്‍ത്താന്‍ അല്‍പ് അസ്‌ലാന്റെയും മാലിക് ഷായുടെയും പേര്‍ഷ്യന്‍ മന്ത്രിയും പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ഉമറുല്‍ ഖയ്യാമിന്റെയും സംരക്ഷകനുമായ നിസാമുല്‍ മുല്‍ക്ക് സ്ഥാപിച്ച 'നിസാമിയ' സര്‍വ്വകലാശാലയായിരുന്നു ഇസ്‌ലാമിക ചരിത്രത്തിലെ മറ്റൊരു പ്രശസ്ത വിദ്യാകേന്ദ്രം. യൂറോപ്പിലെ പല ആധുനിക സര്‍വ്വകലാശാലകളും മാതൃക സ്വീകരിച്ചത് മുസ്‌ലിംകള്‍ സ്ഥാപിച്ച ഇസ്‌ലാമിക സര്‍വ്വകലാശാലകളില്‍ നിന്നാണെന്ന് ഫിലിപ് കെ ഹിറ്റി തന്റെ 'ഹിസ്റ്ററി ഓഫ് ദി അറബ്‌സ്' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു.

ഇവിടെ ആധുനിക സര്‍വ്വകലാശാലകളെപ്പോലെ കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഇസ്‌ലാമിലെ നാലു മദ്ഹബുകളെക്കുറിച്ചും മറ്റു ശാസ്ത്രശാഖ കളെക്കുറിച്ചും പഠനം നടന്നു. കുട്ടികള്‍ക്ക് പഠനത്തിന് വേണ്ട സ്‌കോളര്‍ഷിപ്പ് നല്കിയിരുന്നു. ഇമാം ഗസ്സാലി(റ), സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ രക്ഷാധികാരി ബഹാവുദ്ദീന്‍ തുടങ്ങിയവര്‍ ഈ സ്ഥാപനത്തിലെ പ്രൊഫസര്‍മാരായിരുന്നു. 

അല്‍ മുസ്തന്‍സ്വരിയ്യ

അല്‍ മുസ്തന്‍സ്വിര്‍ എന്ന അബ്ബാസിയാ ഖലീഫയാണ് അല്‍ മുസ്തന്‍സ്വരിയ്യ സര്‍വ്വകലാശാല സ്ഥാപിച്ചത്. സ്വയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലപ്‌സിഡ്ര ടൈപ്പ് ഘടികാരം ഈ സ്ഥാപനത്തിന്റെ പ്രത്യേകതയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള ഭോജനശാലയും കുളിമുറികളും വിശാലമായ ലൈബ്രറിയും സുന്ദരമായ ആസ്പത്രിയുമെല്ലാം ഈ കലാശാലയില്‍ സ്ഥാപിച്ചിരുന്നു. എ ഡി 1327ല്‍ ബഗ്ദാദ് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൈസാബൂരിലും മറ്റും സമാനമായ നിരവധി സ്ഥാപനങ്ങളും ഇക്കാലത്ത് ആരംഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട പ്രോത്സാഹനം നല്കിയിരുന്ന സെല്‍ജ്യൂക്ക് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഖുറാസാനിലും ഇറാഖിലും സിറിയയിലും നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. ഡമസ്‌കസില്‍ മുപ്പതും അല്‍മൗസ്വിലില്‍ ഇരുപതും ഹിംസ്വില്‍ പത്തും ഉന്നത കലാലയങ്ങള്‍ സ്ഥാപിച്ചതും അയ്യൂബിയായിരുന്നുവെന്ന് ഇബ്‌നുജുബൈര്‍ വിവരിക്കുന്നു.

ബുവൈഹി സുല്‍ത്താനായ അബ്ദുദ്ദൗല സ്ഥാപിച്ച ലൈബ്രറിയില്‍ (ഖിസാനുല്‍ കുതുബ്) പഠിതാക്കള്‍ക്ക് വേണ്ട എഴുത്ത് സാമഗ്രികളും പുസ്തകങ്ങളുടെ കാറ്റ്‌ലോഗും അത് കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്ന് 'ഖത്തീബ് ബഗ്ദാദി' എന്ന ചരിത്രകാരന്‍ വിശദീകരിക്കുന്നു. ശാസ്ത്രവിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഈ ലൈബ്രറികളില്‍ നടന്നു.  എ ഡി 1220 ല്‍ യാഖൂത്ത് തന്റെ ഭൂമിശാസ്ത്ര നിഘണ്ടു രചിക്കാന്‍ മൂന്നു വര്‍ഷം മര്‍വിന്റെയും അല്‍ഖവാരിസ്മിയുടെയും ലൈബ്രറികളില്‍ ചെലവഴിച്ചിട്ടുണ്ട്. 

 

Feedback