ലഭ്യമായ അറിവുകള്‍ വെച്ചു നോക്കിയാല്‍ ലോകത്ത് ഏറ്റവും ആദ്യമായി സ്ഥാപിതമായ ഉന്നത കലാലയം ടുണീഷ്യയിലെ ടുണീസ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ജാമിഅഃ സൈതൂനയാണ്. സര്‍വകലാശാല എന്ന് പറയാവുന്ന തരത്തില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി സൈതൂന പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1300 വര്‍ഷം പിന്നിട്ടു. അഥവാ ക്രി.737 (ഹി.120)ലാണ് സൈതൂന ഉയര്‍ന്നു വന്നത്. അറബി, ഇസ്‌ലാമിക സംസ്‌കാരം ലോകത്ത് വ്യാപിച്ചതില്‍ സൈതൂനയ്ക്ക് അനല്പമായ പങ്കുണ്ട്. തൊട്ടുപിന്നാലെ മൊറോക്കോയിലുള്ള അല്‍ ഖുറവിയ്യീനും ഈജിപ്തിലെ അല്‍ അസ്ഹറും വൈജ്ഞാനിക ലോകത്ത് മുസ്‌ലിംകള്‍ അര്‍പ്പിച്ച സംഭാവനകളുടെ നിദര്‍ശനങ്ങളത്രെ.
ശൈഖ് ത്വാഹിറുബ്‌നു ആശൂറാ, ത്വാഹിറുല്‍ ഹദ്ദാദ്, ഇബ്ന്‍ ഖല്‍ദൂന്‍ തുടങ്ങിയ വിശ്വവിഖ്യാതരായ ചിന്തകന്‍മാര്‍ ജാമിഅ സൈതൂനയുടെ സന്തതികളാണ്. ഹഫ്‌സി ഭരണകാലത്തെ പ്രസിദ്ധ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുഹമ്മദ് ബ്‌നു അറഫ, പില്ക്കാലത്തെ നവോത്ഥാന നായകരായ സാലിം ബൂഹാജിബ്, മുഹമ്മദുന്നഖ്‌വി, ശൈഖുല്‍ അസ്ഹര്‍ മുഹമ്മദ് ഇദ്‌രി ഹുസൈന്‍, അബ്ദുല്‍ അസീസ് സആലബി, പ്രസിദ്ധ ടുണീഷ്യന്‍ കവി അബുല്‍ ഖാസിം അശ്ശാബി തുടങ്ങിയ നിരവധി പ്രതിഭാശാലികള്‍ സൈതൂനയിലൂടെ വളര്‍ന്നവരാണ്. ടുണീഷ്യയുടെ അതിരുകള്‍ കടന്ന് ഇസ്‌ലാമിക ലോകത്ത് കീര്‍ത്തി പരത്തിക്കൊണ്ട് സൈതൂന മുന്നേറി. പില്ക്കാലത്ത് ഖുറവിയ്യീന്‍, അസ്ഹര്‍ തുടങ്ങിയ ഉന്നത സര്‍വകലാശാലകള്‍ക്ക് ജന്‍മം നല്‍കിയതില്‍ സൈതൂനക്കുള്ള പങ്ക് പ്രസിദ്ധ ചിന്തകനും എഴുത്തുകാരനും നോബല്‍ ജേതാവുമായ നജീബ് മഹ്ഫൂസ് സൂചിപ്പിച്ചിട്ടുണ്ട്.
സൈതൂനിയാ സ്ഥാപനങ്ങളായ പ്രാഥമിക വിദ്യാലയങ്ങള്‍ 1960കളുടെ തുടക്കത്തില്‍ വരെ ടുണീഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. സെക്കണ്ടറി തലം ആസ്ഥാനത്ത് മാത്രം ഒതുങ്ങി. സാഹിത്യവും തത്ത്വശാസ്ത്രവും ഗണിതവും പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുകളായിരുന്നു. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷാപഠനത്തിനും പ്രത്യേക വിഭാഗങ്ങളായിരുന്നു. 1960കളോടു കൂടി ഈ സ്ഥാപനം അടച്ചുപൂട്ടുകയും സ്വാതന്ത്ര്യാനന്തരം 1987ല്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തു.
ഉന്നത പഠനത്തിനായുള്ള നാലു സ്ഥാപനങ്ങള്‍ സൈതൂന ഉള്‍ക്കൊള്ളുന്നു.
അല്‍ മഅ്ഹദുല്‍ ആലി ലി ഉസൂലിദ്ദീന്‍ (ടുണീസ്)
അല്‍ മഅ്ഹദുല്‍ അഅ്‌ലാ ലില്‍ ഹദാറത്തിന്‍ ഇസ്‌ലാമിയ്യ (ടുണീസ്)
മര്‍കസുദ്ദിറാസത്തില്‍ ഇസ്‌ലാമിയ്യ (ഖൈറുവാന്‍)
അല്‍ മഅ്ഹദുല്‍ ആലി ലില്‍ ഖിത്വാബ വല്‍ ഇര്‍ശാദ് (ഖൈറുവാന്‍)
വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് നോക്കിയാല്‍ ടുണീഷ്യയിലെ ഏറ്റവും ചെറിയ സര്‍വകലാശാലയാണ് ഇന്ന് സൈതൂന.