Skip to main content

ജാമിഅ അല്‍ ഖുറവിയ്യീന്‍

യുനസ്‌കോ, ഗിന്നസ് വേള്‍ഡ് റെക്കോഡ് മുതലായവയുടെ രേഖയനുസരിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയാണ് മൊറോക്കോയിലെ ജാമിഅ അല്‍ ഖുറവിയ്യീന്‍. ക്രി.879ല്‍ ഒരു ഉന്നത മതകലാലയം എന്ന നിലയില്‍ സ്ഥാപിതമായ ഈ സ്ഥാപനം ഒരു സര്‍വകലാശാല എന്ന പരിഗണനയിലാണ് ചരിത്രം വിലയിരുത്തുന്നത്. പശ്ചിമാഫ്രിക്കയില്‍ നിന്നും മുസ്‌ലിം സ്‌പെയിനില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമെ ഏതാനും ഇസ്‌ലാമികേതര വിഷയങ്ങളും ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളും പഠിപ്പിച്ചിരുന്നു. പുരാതന മാതൃകയില്‍ ഗുരുനാഥനു മുന്നില്‍ അര്‍ധ വൃത്താകൃതിയില്‍ ഹല്‍ഖയായി ഇരുന്നായിരുന്നു ഇവിടുത്തെ പഠനം. അറബി വ്യാകരണവും ഭാഷാശാസ്ത്രവും കൂടാതെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുക പോലുള്ള കാര്യങ്ങളും ഇവിടെ പരിശീലിപ്പിക്കപ്പെട്ടുവന്നു. ആണ്‍ കുട്ടികള്‍ക്കെന്ന പോലെ പെണ്‍കുട്ടികള്‍ക്കും ഖൈറുവാനില്‍ പ്രവേശനം ലഭിച്ചിരുന്നു. 


മുസ്‌ലിം ലോകത്ത് ധൈഷണികമായും വൈജ്ഞാനികമായും ആഴത്തില്‍ സ്വാധീനം നേടിയ നിരവധി മഹാ പണ്ഡിതരും പ്രതിഭാശാലികളും ഖൈറുവാന്റെ സംഭാവനകളായിട്ടുണ്ട്.  ഇബ്‌നു റുശ്ദ്,     അബൂ ഇംറാന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. ഇദ്‌രീസ് (മരണം ക്രി:1166), ഇബ്‌നുല്‍ അറബി (1165-1240), ഇബ്‌നു ഖല്‍ദൂന്‍ (1332-1395), ഇബ്‌നുല്‍ ഖതീബ് അല്‍ ബിത്‌റൂജി തുടങ്ങിയ മഹാരഥന്‍മാര്‍ ജാമിഅ ഖുറവിയ്യീനില്‍ അധ്യാപകരായോ അധ്യേതാക്കളായോ കടന്നുപോയവരില്‍ ചിലരാണ്. 


1912ല്‍ മൊറോക്കോ ഫ്രഞ്ച് അധിനിവേശത്തിന്‍ കീഴിലായിത്തീര്‍ന്നപ്പോള്‍ ഖൈറുവാന്‍ യൂണിവേഴ്‌സിറ്റിക്കും പരിവര്‍ത്തനം നേരിട്ടുവെങ്കിലും ഭരണാധികാരിയുടെ കീഴിലുള്ള വിദ്യാഭ്യാസ കേന്ദ്രമായി അത് നിലനിന്നു. 1914 മുതല്‍ 1947 വരെയുള്ള കാലയളവില്‍ അതിന്റെ ഘടനയില്‍ തന്നെ മാറ്റം വരുത്തി. 1947ല്‍ മൊറോക്കോയിലെ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിനു കീഴില്‍ ഈ യൂണിവേഴ്‌സിറ്റിയും കൊണ്ടുവന്നു. ഔദ്യോഗികമായി ഖുറവിയ്യീനിലെ ജനറല്‍ സ്റ്റഡീസ്, പുതുതായി സ്ഥാപിച്ച സീദി മുഹമ്മദ് ബിന്‍ അബ്ദില്ല യൂണിവേഴ്‌സിറ്റിയുടെ കീഴിലേക്ക് മാറ്റുകയും അല്‍ ഖുറവിയ്യീന്‍ ഇസ്‌ലാമിക സൈദ്ധാന്തിക പഠനത്തില്‍ ഒതുങ്ങുകയും ചെയ്തു.


ആയിരത്തി ഇരുന്നൂറോളം വര്‍ഷം മുമ്പ് (879) ഈ മഹാസ്ഥാപനത്തിന് അസ്തിവാരമിട്ടത് ടുണീഷ്യയിലെ ഖൈറുവാനില്‍ നിന്ന് മൊറോക്കോയിലെ ഫെസ് പട്ടണത്തിലേക്ക് കുടിയേറിയ വര്‍ത്തകപ്രമാണിയായ മുഹമ്മദ് അല്‍ ഫിഹ്‌രിയുടെ മകള്‍ ഫാത്വിമ അല്‍ ഫിഹ്‌രി എന്ന വനിതയാണ് എന്നറിയുമ്പോള്‍ മുസ്‌ലിംകള്‍ ലോകത്തിനു നല്‍കിയ വൈജ്ഞാനിക സംഭാവനകളുടെ വേരും വ്യാപ്തിയും വ്യക്തമാകുന്നതാണ്. സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിയവരായിരുന്നു ആ തലമുറ എന്ന കാര്യം നവതലമുറയെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.


ഇറ്റലിയിലെ സലോനയില്‍ ക്രി.841ല്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലയാണ് യൂറോപ്പിലെ പ്രഥമ യൂണിവേഴ്‌സിറ്റി എന്ന് 'ഇസ്‌ലാം ഇന്‍ യൂറോപ്പ്' എന്ന തന്റെ ഗ്രന്ഥത്തില്‍ ജാക് ഗുഡി വിശദീകരിക്കുന്നുണ്ട്. അവിടെ നിന്ന് ബിരുദം കഴിയുന്ന മുസ്‌ലിംകളല്ലാത്ത പഠിതാക്കള്‍ പോലും അറബി 'സൗബ്' ധരിച്ചിട്ടാണ് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ സര്‍വകലാശാലകളില്‍ ഇന്നും കോണ്‍വൊക്കേഷന്‍ സെറിമണികള്‍ക്ക് പ്രത്യേക വസ്ത്രം ധരിക്കുന്നത് അതിന്റെ ബാക്കി പത്രമാണ് എന്നും ജാക് ഗുഡി നിരീക്ഷിക്കുന്നുണ്ട്. 


 

Feedback