Skip to main content

ഹസൻ ബിൻ അലി(റ)

''പ്രിയ മകള്‍ ഫാത്വിമ പ്രസവിച്ചിരിക്കുന്നു''. ദൂതന്‍ വന്നുപറഞ്ഞ വിവരം കേട്ട് തിരുനബി(സ്വ) സന്തോഷത്തോടെയെത്തി. ''എനിക്കെന്റെ കുഞ്ഞിനെ കാണിച്ചുതരൂ''. ദൂതര്‍ ആവശ്യപ്പെട്ടു. അലി(റ) കുഞ്ഞിനെ ദൂതരുടെ കൈയില്‍ വെച്ചുകൊടുത്തു. ''എന്താണിവന് പേരിട്ടത്?'' ''ഹര്‍ബ്'' അലി(റ) പറഞ്ഞു. ''അതുവേണ്ട, ആ പേര് പരുഷമാണ്, ഇവന്റെ പേര് ഹസന്‍ എന്നാവട്ടെ. അത് ലളിതവും സുന്ദരവുമാണ്.'' തിരുനബി(സ്വ) കുഞ്ഞിനെ ചുംബിച്ചുകൊണ്ടു പറഞ്ഞു. അലി(റ)യും ഫാത്വിമ(റ)യും ഇത് കേട്ട് പുഞ്ചിരിച്ചു.

അലി(റ) ഫാത്വിമ(റ) ദാമ്പത്യത്തില്‍ പിറക്കുന്ന ആദ്യ സന്താനമാണ് ഹസന്‍. ഹിജ്‌റ മൂന്നില്‍ റമദാന്‍ മധ്യത്തിലാണ് ഹസന്റെ ജനനം. (ഹിജ്‌റ നാലിലാണെന്നും അഞ്ചിലാണെന്നും അഭിപ്രായമുണ്ട്).

പേരമക്കളോട് നബി(സ്വ)ക്ക് എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് ഹസനോടും ഹുസൈനോടും. നബി(സ്വ)യോടൊപ്പം തന്നെയായിരുന്നു ഇവര്‍ മിക്ക സമയത്തും. ഈ ഇഷ്ടം പലപ്പോഴും നബി(സ്വ) തുറന്നുപറയുകയും ചെയ്തിരുന്നു.

അബൂബക്ര്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) മിമ്പറിലായിരുന്നു. ഒപ്പം ഹസനുമുണ്ടായിരുന്നു. അവനെ നോക്കി നബി(സ്വ) പറഞ്ഞു. എന്റെ ഈ മകന്‍, അവന്‍ മുഖേന അല്ലാഹു മുസ്‌ലിംകളിലെ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കും''(ബുഖാരി 3746).

അബൂഹുറയ്‌റ പറയുന്നു. ''ഹസനെക്കുറിച്ച് നബി(സ്വ) പറഞ്ഞു. അല്ലാഹുവേ ഇവനെ ഞാന്‍ ഇഷ്ടപ്പെടുന്നു. നീയും ഇവനെ ഇഷ്ടപ്പെടണേ. ഇവനെ ഇഷ്ടപ്പെടുന്നവരെയും നീ ഇഷ്ടപ്പെടണേ''(മുസ്‌ലിം 2421).

പിതാവ് അലി(റ) വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹിജ്‌റ 40 റമദാനില്‍ ഹസന്‍(റ) ഖലീഫയായി സ്ഥാനമേറ്റു. ഹിജാസ്, യമന്‍, ഇറാഖ് എന്നിവിടിങ്ങളിലുള്ളവരാണ് ബൈഅത്ത് ചെയ്തത്. എന്നാല്‍ സിറിയക്കാരും മുആവിയ(റ)യും ഇത് അംഗീകരിച്ചിട്ടില്ല. മുആവിയ(റ)ക്കെതിരെ ഹസന്‍(റ) യുദ്ധത്തിനിറങ്ങിയെങ്കിലും ഇറാഖികളുടെ വിശ്വാസ്യതയില്‍ സംശയമുദിച്ച ഹസന്‍(റ) യുദ്ധം ഒഴിവാക്കി മുആവിയ(റ)യുമായി അനുരഞ്ജനത്തിലേര്‍പ്പെടുകയായിരുന്നു.

നബി(സ്വ)യുടെ പ്രവചനം പോലെ, ഹസന്‍(റ) സമാധാന പ്രിയനും ശാന്തനുമായിരുന്നു. മുസ്‌ലിംകളെ ഒരു നേതൃത്വത്തിന് കീഴില്‍ കൊണ്ടുവരിക, ഇസ്‌ലാമിന്റെ വ്യാപനം തുടരുക. ഖവാരിജുകളെ തുടച്ചുനീക്കുക എന്നിവക്ക് മുന്‍ഗണന നല്‍കിയാണ് ഹസന്‍(റ) ഐക്യത്തിനു തയ്യാറായത്. അങ്ങനെ ഹസനും ഹുസൈനും ഇറാഖുകാരും മുആവിയ(റ)ക്ക് ബൈഅത്ത് ചെയ്തു.

കുടുംബസമേതം മദീനയിലേക്ക് താമസം മാറിയ ഹസന്‍(റ) ഹിജ്‌റ 50ല്‍ 47ാമത്തെ വയസ്സില്‍ നിര്യാതനായി.

Feedback