''അതേ, ഞങ്ങള്‍ മുസ്‌ലിംകളായിരിക്കുന്നു. അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. നീ ഇച്ഛിക്കുന്നതെന്താണെങ്കിലും ചെയ്തുകൊള്ളുക''.
ഉമറിന്റെ തീ ചീറ്റുന്ന കണ്ണുകളില്‍ നോക്കി ഖത്വാബിന്റെ മകള്‍ ഗര്‍ജിച്ചു.
ഉക്കാദ് ചന്തയിലെ മത്സരവേദികളില്‍ പ്രതിയോഗിയെ നിഷ്‌ക്കരുണം മലര്‍ത്തിയടിച്ചിരുന്ന ഉമറിന്റെ നെഞ്ചില്‍ ഫാത്വിമയുടെ വാക്കുകള്‍ ഓളങ്ങളുണ്ടാക്കി. അവളുടെ മുഖത്ത് പൊടിഞ്ഞത് സ്വന്തം രക്തമാണെന്ന് തിരിച്ചറിഞ്ഞ ഖത്വാബിന്റെ മകന്‍ പിന്നെ ആറിത്തണുത്തു.
''എവിടെ നിങ്ങള്‍ പാരായണം ചെയ്തിരുന്ന ആ ഏട്?''
ഉമറിന്റെ സൗമ്യപദങ്ങള്‍ ഫാത്വിമയെയും ഒപ്പം സഈദിനെയും കുളിരണിയിച്ചു. അവിടെ പുതിയൊരു ഉമര്‍ പിറന്നു. ഉമര്‍ അല്‍ഫാറൂഖ്(റ). (ഉമറിന്റെ ഇസ്‌ലാം സ്വീകരണത്തിന് മറ്റു കാരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.)
ഖുറൈശ് വംശത്തിലെ മഖ്‌സൂം കുലത്തില്‍ ഖത്വാബുബ്‌നുനുഫൈലിന്റെ മകളായി ജനനം. പ്രതാപവും ശക്തിയും സംഗമിച്ച കുടുംബം. കൗമാരം വിട്ടപ്പോള്‍ ബന്ധുകൂടിയായ സഈദുബ്‌നു സൈദിന്റെ ജീവിതസഖിയായി. പ്രണയാര്‍ദ്രമായി ആ കുടുംബ ജീവിതം മുന്നോട്ടു പോയി.
സഈദിന്റെ പിതാവ് സൈദ് പ്രവാചകത്വത്തിന് മുമ്പ് തന്നെ ഇസ്‌ലാമിനെ കാത്തിരുന്നയാളാണ്. അദ്ദേഹം പക്ഷേ അതിന് മുമ്പ് തന്നെ മരിച്ചു. മരണവേളയില്‍ സൈദ് പ്രാര്‍ഥന നടത്തി ''എന്റെ മകനെയെങ്കിലും നീ സത്യ മതത്തില്‍ ചേര്‍ക്കേണമേ''.
ഖബ്ബാബി(റ)ന്റെ സുഹൃത്തായ സഈദ് നേരത്തെ തന്നെ ഇസ്‌ലാം പുല്‍കി. പ്രിയതമന്റെ വഴിയെ ഫാത്വിമയും. ആ കുടുംബം കൂടുതല്‍ ഹൃദ്യവും മധുരതരവുമായി. ഖബ്ബാബായിരുന്നു അവരുടെ ഖുര്‍ആന്‍ അധ്യാപകന്‍. പഠനത്തിനിടെ ഒരു നാളാണ് അവിചാരിതമായി ഉമറിന്റെ വരവും അനന്തര സംഭവങ്ങളും.
സഹോദരന്‍ കൂടി മുസ്‌ലിമായതോടെ ഫാത്വിമ(റ) കൂടുതല്‍ സജീവമായി. ഹിജ്‌റയില്‍ പങ്കെടുത്തു. ഭര്‍ത്താവ് സഈദ്(റ) പ്രവാചകനോടൊപ്പം മുഴുവന്‍ യുദ്ധങ്ങളിലും പങ്കെടുത്തു. യര്‍മൂക്കിലും സംബന്ധിച്ചു. പിന്നീട് ദമസ്‌ക്കസിലെ ഗവര്‍ണറുമായി. അപ്പോഴെല്ലാം ഫാത്വിമയും പ്രചോദനമായുണ്ടായിരുന്നു.
ഉമര്‍(റ) ഖലീഫയായിരിക്കെയാണ് ഫാത്വിമ(റ)യുടെ വിയോഗം.