Skip to main content

മർവാൻ ബിൻ മുഹമ്മദ്

ഇബ്‌റാഹീമുബ്‌നു വലീദിനെ പരാജയപ്പെടുത്തി ക്രി.വ. 744 (ഹി. 128)ലാണ് മര്‍വാനുബ്‌നു മുഹമ്മദ് (മര്‍വാന്‍ രണ്ടാമന്‍,  744-750) ദമസ്‌കസിന്റെ നിയന്ത്രണമേറ്റത്. അര്‍മീനിയായിലെ പട്ടാളമേധാവി കൂടിയായിരുന്ന അദ്ദേഹം ഭരണനിപുണനായിരുന്നു.

എന്നാല്‍ ആഭ്യന്തര കലഹങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഭരണം അതീവ ദുഷ്‌കരമായി. മര്‍വാന്‍ തലസ്ഥാനം മെസപ്പൊട്ടേമിയയിലെ ഹര്‍റാനിലേക്ക് മാറ്റിയിരുന്നു. ഇത് സിറിയന്‍ ജനതയെ അദ്ദേഹത്തില്‍ നിന്നകറ്റി. ഈ സാഹചര്യം മുതലാക്കി ഇബ്‌റാഹീമിന്റെ സൈനിക മേധാവിയായിരുന്ന സുലൈമാനുബ്‌നു ഹിശാം സിറിയയിലെ അമീറായി സ്വയം പ്രഖ്യാപിച്ചു. ഇതോടെ സിറിയക്കാരും മര്‍വാനെ പിന്തുണച്ചിരുന്ന ഖയ്‌സുകാരും തമ്മില്‍ ചേരിതിരിഞ്ഞു.

ഇതിനിടെ ഇറാഖില്‍ ഖവാരിജുകളും ശക്തി സംഭരിച്ച് രംഗപ്രവേശം ചെയ്തു. അവര്‍ മക്കയും മദീനയും പിടിച്ചു. ശക്തമായ സൈനിക നീക്കം വഴി ഇത് മര്‍വാന്‍ പിന്നീട് തിരിച്ചുപിടിച്ചു. പിന്നീട് യുദ്ധങ്ങളുടെ പരമ്പരയായിരുന്നു. 750ല്‍ (ഹി. 132) മര്‍വാന്റെ വധത്തോടെ അമവി ഭരണത്തിനു തന്നെ അന്ത്യവുമായി.
 

Feedback