Skip to main content

ഹിശാം ബിൻ അബ്ദിൽ മലിക്

അമവീ ഖിലാഫത്തിലെ പ്രമുഖന്‍മാരുടെ പട്ടികയിലെ അവസാന നാമമാണ് ഹിശാമുബ്‌നു അബ്ദില്‍ മലിക്കിന്റേത് (724-743). മുആവിയയുടെ വൈദഗ്ധ്യവും അബ്ദുല്‍ മലിക്കിന്റെ നിശ്ചയദാര്‍ഢ്യവും ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ സാത്വികതയും ഒത്തിണങ്ങിയ ഭരണാധികാരിയാണ് ഹിശാം.

ഹിജ്‌റ 105 (ക്രി. 724)ലാണ് ഹിശാം ഖിലാഫത്ത് ഏറ്റെടുക്കുന്നത്. 20 വര്‍ഷം ഭരണം നീണ്ടുനിന്നു. അമവി കാലഘട്ടത്തില്‍ സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ട മധ്യേഷ്യയിലും ഉത്തരാഫ്രിക്കയിലും ആഭ്യന്തര കലാപങ്ങള്‍ ഹിശാമിന് നേരിടേണ്ടി വന്നു. നസ്‌റുബ്‌നു സയ്യാറിന്റെ സഹായത്തോടെ മധ്യേഷ്യയിലെ കലാപങ്ങള്‍ ഒതുക്കി. ഉത്തരാഫ്രിക്കയിലെ കലാപങ്ങള്‍ ഹിശാം തന്നെ അടിച്ചമര്‍ത്തി.

മൊറോക്കോയുടെ തെക്കേ അറ്റത്തെ സൂസ് പട്ടണം, സിന്ധ് മേഖലയില്‍ കശ്മീര്‍ വരെയുള്ള പ്രദേശങ്ങള്‍, ഇന്ത്യയിലെ ഗുജറാത്ത്, ഉജ്ജൈന്‍, മാര്‍വാട് പട്ടണങ്ങള്‍ എന്നിവ ഇക്കാലത്താണ് മുസ്്‌ലിംകള്‍ക്കു കീഴില്‍ വന്നത്. മുസ്‌ലിം സൈന്യം ഫ്രാന്‍സില്‍ കടന്നതും ഹിശാമുബ്‌നു അബ്ദില്‍ മലിക് കിരീടം ചൂടിയ വേളയില്‍ തന്നെ.
 

Feedback