Skip to main content

അബൂതമീം അല്‍മുഇസ്സ്

ഉബൈദുല്ലയുടെ പിന്‍ഗാമിയായത് മകന്‍ അബൂ ഖാസിമായിരുന്നു.  കടുത്ത ശീഈ പക്ഷ പാതിയായ ഇദ്ദേഹം സുന്നികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.  12 വര്‍ഷത്തെ ഭരണത്തിനു ശേഷം പുത്രന്‍ അബൂ ദ്വാഹിര്‍ ഇസ്മാഈലിനെ അനന്തരഗാമിയാക്കി അദ്ദേഹം വിടവാങ്ങി.

ധൈര്യശാലിയും മികച്ച വാഗ്മിയുമായിരുന്ന അബൂദ്വാഹിര്‍ (മന്‍സൂര്‍ എന്നായിരുന്നു സ്ഥാനപ്പേര്) ആഭ്യന്തര കലാപങ്ങള്‍ ഒതുക്കി.  മധ്യധരണ്യാഴിയിലെ മികച്ച ശക്തിയായി ഫാത്വിമികള്‍ വളര്‍ന്നു.  ഖര്‍മത്തുകള്‍ അപഹരിച്ച് ഒളിപ്പിച്ചു വെച്ച ഹജറുല്‍ അസ്‌വദ് അവരില്‍ നിന്ന് തിരിച്ചു വാങ്ങിയത് ഇദ്ദേഹമായിരുന്നു.  ക്രി. വ. 952ല്‍ (ഹി. 341) നിര്യാതനായി.  ഏഴു വര്‍ഷക്കാലമാണ് അദ്ദേഹം ഭരിച്ചത്.

ഫാത്വിമികളില്‍ പ്രതാപിയായ അല്‍ മുഇസ്സു ലിദീനില്ലാഹ് ആണ് പിന്നീട് ഇമാമായി വന്നത്(ക്രി. 952-915).  ഭാഷാനിപുണനും രാജ്യതന്ത്രജ്ഞനും ജനകീയനുമായ മുഇസ്സ് 24 വര്‍ഷത്തെ ഭരണത്തി ലൂടെ ചരിത്രത്തില്‍ തന്റെ പേര് അനശ്വരമാക്കി. 

വിശ്വപ്രസിദ്ധമായ അല്‍ അസ്ഹര്‍ സര്‍വകലാശാല, അസ്ഹര്‍ പള്ളി, അവ തലയുയര്‍ത്തി നില്ക്കുന്ന കൈറോ (അല്‍ ഖാഹിറ) നഗരം എന്നിവയെല്ലാം പണിതത് അല്‍ മുഇസ്സാണ്.  അദ്ദേഹത്തിന്റെ വിശ്വസ്തനും വലംകൈയുമായിരുന്ന സേനാനായകന്‍ ജൗഹര്‍ സിഖ്‌ലി(സിസിലി)യാണ് ഇതിന് നേതൃത്വം നല്‍കിയത്.  മുഇസ്സ് തന്റെ തലസ്ഥാനം കൈറോവിലേക്ക് മാറ്റുകയും ചെയ്തു; ഹി. 362 റമദാന്‍ 15ന്.

ശീഈ ആശയ പ്രചാരണത്തിന് അമിതമായ പ്രാധാന്യം നല്‍കി.  അതിനായി കവികളെയും പണ്ഡിതരെയും രംഗത്തിറക്കി.  നബി(സ്വ), അലി, ഫാത്വിമ, ഹസന്‍, ഹുസൈന്‍(റ) എന്നിവരുടെ ജന്മദിനങ്ങള്‍ കൊണ്ടാടിയതും ആദ്യം ഫാത്വിമികളാണ്.  മുഹര്‍റം പത്ത് ആഘോഷ ദിനമാക്കി.  ഫാതിമി ഇമാമുകളുടെ (ഖലീഫമാരുടെ) സൗഭാഗ്യത്തിനായി മിമ്പറില്‍ നിന്ന് പ്രാര്‍ഥിക്കുന്ന സമ്പ്രദായവും തുടങ്ങി.  ഈജിപ്തിനു പുറമെ, ഹിജാസ്, സിറിയ എന്നിവയും ഇക്കാലത്ത് ഫാത്വിമി ഭരണത്തിന് കീഴിലായി.

രണ്ട് വ്യാഴവട്ടം രാജ്യം ഭരിച്ച അല്‍ മുഇസ്സ് ഹി. 365 (ക്രി. 975) ല്‍ നിര്യാതനായി.  അസീസ് ബില്ലയാണ് പിന്നീട് ഇമാം ആയത്.


 

Feedback