അല്‍ മുഇസ്സിന്റെ പുത്രനും പിന്‍ഗാമിയും(ക്രി. 975-996). അബൂ മന്‍സൂര്‍ നിസാര്‍ അല്‍ അസീസ് ബില്ലാഹ് എന്ന് പൂര്‍ണനാമം. ഫാത്വിമീ ഖിലാഫത്ത് ഏറ്റവും കൂടുതല്‍ വ്യാപിച്ചത് അസീസിന്റെ ഭരണകാലത്താണ്. പടിഞ്ഞാറു അത്‌ലാന്റിക് സമുദ്രം മുതല്‍ അറേബ്യ വരെയും ഏഷ്യാമൈനര്‍ മുതല്‍ നുബാ വരെയും. അബ്ബാസികളുടെ ദുര്‍ബലതയില്‍ ഇറാഖ്, യമന്‍, സിറിയ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെല്ലാം ഫാത്വിമികള്‍ പിടിച്ചത് ഇക്കാലത്താണ്.
ശീഈ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതേ സമയം, അല്‍ അസ്്ഹറിനെ ഒരു ശീഈ പഠനകേന്ദ്രമെന്നതില്‍ നിന്നും മാറ്റിയെടുത്ത് സര്‍വ്വകലാശാലയാക്കി മാറ്റിയത് ഇദ്ദേഹമാണ്. സൈന്യം, നിയമം തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലും മന്ത്രി പദവികളിലും ശീഈകളെ തന്നെ നിയമിച്ചു. ക്രൈസ്തവ-ജൂതമതങ്ങളോട് ഉദാരവും സഹിഷ്ണതാപരവുമായ സമീപനമാണ് സ്വീകരിച്ചത്.
ഒരു റഷ്യക്കാരിയടക്കം രണ്ടു ക്രൈസ്തവ വനിതകളെ വിവാഹം ചെയ്തു. ജൂത നേതാവ് മുനിശ്ശായെ സിറിയയിലെ കുഞ്ചികസ്ഥാനത്ത് അവരോധിച്ചിരുന്നു. മത ന്യൂനപക്ഷങ്ങളോട് ഉദാരനയം സ്വീകരിച്ചു.
അല്‍ അസീസ് ബില്ലാഹ് ക്രി. 996ല്‍ (ഹി. 386) നിര്യാതനായി