Skip to main content

ഇമാം ശാഫിഈ (1-4)

പ്രമാണങ്ങളെയും യുക്തി ചിന്തയെയും സമന്വയിപ്പിച്ച പ്രഗത്ഭമതിയായ ഇമാം ശാഫിഈ വ്യത്യസ്ത വിജ്ഞാനങ്ങളില്‍ നൈപുണ്യം നേടിയ സര്‍വ്വകലാവല്ലഭനും നാലു മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളുമാണ്. അബൂഹനീഫ ന്യായയുക്തതക്കും, മാലിക് ഹദീസുകളുടെ അക്ഷരാര്‍ഥത്തിനും പ്രാമുഖ്യം നല്‍കിയപ്പോള്‍ ശാഫിഈ മധ്യമമാര്‍ഗം സ്വീകരിച്ചു. മിതത്വത്തിന്റെ പാത വെട്ടിത്തുറന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മതപരമായ നിരീക്ഷണങ്ങള്‍ ഏതു കാലഘട്ടത്തിലുമുള്ള മുസ്‌ലിം ചിന്തയെ തൃപ്തിപ്പെടുത്തുന്നതും കൂടുതല്‍ പ്രായോഗിക സ്വഭാവം ഉള്‍ക്കൊള്ളുന്നതുമായി. 'നാസ്വിറുസ്സുന്ന' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാഫിഈക്കു നബിയുടെ സുന്നത്തിനോടുള്ള പ്രതിബദ്ധത സുവിദിതമാണ്. റസൂലില്‍ നിന്നുള്ള ഹദീസ് നിങ്ങള്‍ക്ക് ഉറപ്പായാല്‍ നിങ്ങള്‍ എന്റെ അഭിപ്രായം മതിലിന്നപ്പുറത്തേക്ക് വലിച്ചെറിയുക; നിങ്ങള്‍ എന്നെ അനുകരിക്കരുത് എന്ന് പ്രഖ്യാപിച്ച സത്യാന്വേഷിയും പ്രവാചക സ്‌നേഹിയുമാണ് ശാഫിഈ. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ അദ്ദേഹത്തെ രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്നാണ് വിശേഷിപ്പിച്ചത്.


വംശ പരമ്പരയില്‍ നബിയുടെ പിതാമഹനായ അബ്ദുല്‍ മുത്തലിബിലേക്കെത്തിച്ചേരുന്ന ഖുറൈശ് ഗോത്രക്കാരനായ മുഹമ്മദുബ്‌നു ഇദ്‌രീസുശ്ശാഫിഈ ഹി. 150ല്‍ ഇമാം അബൂഹനീഫ അന്തരിച്ച വര്‍ഷം ഭൂജാതനായി. അദ്ദേഹത്തിന്റെ മാതാവ് അസദ് ഗോത്രക്കാരിയാണെന്നു ഒരു പക്ഷവും അലിയുടെ പുത്രനായ ഹസന്റെ പൗത്രന്‍ അബ്ദുല്ലയുടെ പുത്രിയായ ഫാത്വിമയാണെന്നു മറ്റൊരു പക്ഷവും അഭിപ്രായപ്പെടുന്നു. ദരിദ്രനായിരുന്ന പിതാവ് മക്കയില്‍ നിന്ന് ഉപജീവനമാര്‍ഗം തേടി മദീനയില്‍ എത്തിയെങ്കിലും അവിടെ താന്‍ ആഗ്രഹിച്ചത് ലഭിക്കാതെ വന്നപ്പോള്‍ ഭാര്യയെയും കൂട്ടി ഫലസ്തീനിലെ ഗസ്സയിലേക്ക് പോയി. അവിടെയായിരുന്നു ശാഫിഈയുടെ ജനനം. പക്ഷേ കുഞ്ഞിന് രണ്ടു വയസ്സ് തികയും മുമ്പേ പിതാവ് അന്ത്യ യാത്രയായി. പിഞ്ചു പൈതലിനെയും ചുമന്ന് ആ മാതാവ് മുസ്‌ലിം സൈന്യം താവളമടിച്ചിരുന്ന ഫലസ്തീനിലെത്തന്നെ അസ്ഖലാനിലെത്തി. അനുകൂല സാഹചര്യം ലഭിക്കാത്ത കാരണം ആ വന്ദ്യയായ സ്ത്രീ കുട്ടിയേയും ചുമന്ന് സ്വദേശമായ മക്കയിലേക്ക് തന്നെ തിരിച്ചുവന്നു.

മാതാവ് ശാഫിഈയെ ഒരു പള്ളിക്കൂടത്തില്‍ ചേര്‍ത്തു. ഫീസ് കൊടുക്കാന്‍ കഴിവില്ലാതിരുന്നതിനാല്‍ അധ്യാപകന്‍ കുട്ടിയെ ശ്രദ്ധിക്കുമായിരുന്നില്ല. എങ്കിലും കേള്‍ക്കുന്നതെന്തും അപ്പടി ഹൃദിസ്ഥമാക്കാന്‍ കഴിയുമായിരുന്ന ശാഫിഈയുടെ ബുദ്ധി സാമര്‍ഥ്യത്തില്‍ മതിപ്പു തോന്നിയ അധ്യാപകന്‍ പിന്നെ കുട്ടിക്ക് ഫീസ് ഇളവു അനുവദിച്ചു. ഏഴു വയസ്സായപ്പോഴേക്കും ശാഫിഈ ഖുര്‍ആന്‍ നന്നായി പഠിച്ചു. തുടര്‍പഠനത്തിനായി മാതാവ് കുട്ടിയെ മസ്ജിദുല്‍ ഹറമിലേക്കയച്ചു. മധുരനാദത്തിന്റെ ഉടമയായ ശാഫിഈയുടെ ഖുര്‍ആന്‍ പാരായണം കേട്ടാല്‍ പള്ളിയിലുള്ളവര്‍ കരയുമായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാന പഠനത്തിന് ശേഷം ശാഫിഈ ഹദീസ് പഠനത്തിലേക്ക് തിരിഞ്ഞു. വലിയ വിലയുള്ള കടലാസ് വാങ്ങാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എല്ലുകള്‍ പെറുക്കിയും ഓഫീസുകളില്‍ നിന്ന് ഉപയോഗം കഴിഞ്ഞ് പുറത്തേക്കെറിയുന്ന കടലാസുകള്‍ ശേഖരിച്ചുമാണ് അദ്ദേഹം ഹദീസുകള്‍ എഴുതിയിരുന്നത്. എങ്കിലും മനസ്സില്‍ എഴുതി സൂക്ഷിച്ചു മന:പാഠമാക്കുന്ന രീതിക്കാണ് അദ്ദേഹം കൂടുതല്‍ പ്രാമുഖ്യം കൊടുത്തത്. അറബികളല്ലാത്തവരുടെ രംഗപ്രവേശം അറബി ഭാഷയുടെ തനിമക്ക് കളങ്കമേല്‍പ്പിച്ചതായി അദ്ദേഹം കണ്ടെത്തി. ഈജിപ്തിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന ലൈസ് മക്കയില്‍ വന്നു മസ്ജിദുല്‍ ഹറാമില്‍ ക്ലാസെടുത്തിരുന്നു. അദ്ദേഹം ഗ്രാമത്തില്‍ പോയി താമസിച്ചു ശുദ്ധ അറബി പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. ശുദ്ധമായ അറബിയും കവിതകളും പഴയ പ്രയോഗങ്ങളും അഭ്യസിച്ചു. കൂടെ അമ്പെയ്ത്തും കുതിര സവാരിയും വശമാക്കി. ഉന്നം പിഴക്കാതെ എറിയാന്‍ കഴിയുമായിരുന്ന ശാഫിഈക്ക് ഓടുന്ന കുതിരയുടെ പുറത്ത് ചാടിക്കയറാനുള്ള സാമര്‍ഥ്യമുണ്ടായിരുന്നു. 

പത്തു വര്‍ഷത്തെ താമസത്തിന് ശേഷം വീണ്ടും മസ്ജിദുല്‍ ഹറാമിലെ പ്രഗത്ഭരായ പണ്ഡിതന്‍മാരുടെ കീഴില്‍ പഠനം തുടര്‍ന്നു. ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയിരുന്ന പണ്ഡിതയായ മാതാവിന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം പഠനം തുടര്‍ന്നിരുന്നത്. ഖുര്‍ആനിലും ഹദീസിലും അറബി സാഹിത്യത്തിലും തികഞ്ഞ പാണ്ഡിത്യം നേടിയ ആ ഇരുപതുകാരനു പണ്ഡിതന്‍മാര്‍ ഫത്‌വാ നല്‍കാനുള്ള യോഗ്യത അംഗീകരിച്ചു കൊടുത്തു. എങ്കിലും അദ്ദേഹത്തിനു മദീനയില്‍ ഇമാം മാലികിന്റെയും ഇറാഖില്‍ അബൂഹനീഫയുടെയും സിറിയയില്‍ ഔസാഇയുടെയും ഈജിപ്തില്‍ ലൈസിന്റെയും വിജ്ഞാനങ്ങള്‍ കരസ്ഥമാക്കാനുള്ള താല്‍പര്യം ശക്തമായി. 

 
 
 
 
 
 

Feedback