Skip to main content

അഹ്മദ്ബ്‌നു ഹമ്പലിന്റെ കൂടെ (3-4)

ഇമാം ശാഫിഈയുടെ കഴിവുകളില്‍ ഏറ്റവും മതിപ്പുള്ള പണ്ഡിതനായിരുന്നു അഹ്മദ്ബ്‌നു ഹമ്പല്‍. മസ്ജിദുല്‍ ഹറാമില്‍ സംസം കിണറിനു സമീപം ശാഫിഈ നടത്തുന്ന ക്ലാസില്‍ അദ്ദേഹം പങ്കെടുക്കുകയും ശിഷ്യന്‍മാരെ ശാഫിഈയില്‍ നിന്ന് പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അഹ്മദിന്റെ ഒരു ശിഷ്യന്‍ തന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു. ''അഹ്മദുബ്‌നു ഹമ്പല്‍ എന്നെ സംസമിന്റെ അടുത്തേക്ക് കൊണ്ടുപോയി. അപ്പോള്‍ അവിടെ വെള്ള വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍. നല്ല ആകാര സൗഷ്ടവം, മികച്ച ബുദ്ധി. അഹ്മദ് എന്നോടു പറഞ്ഞു. ഈ മനുഷ്യനില്‍ നിന്നു പകര്‍ത്തുക. ഇദ്ദേഹത്തെപോലെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഇദ്ദേഹം നമുക്ക് നഷ്ടമായാല്‍ ഒരു പകരക്കാരന്‍ വേറെയില്ല''. സുബ്ഹ് നമസ്‌കാരം കഴിഞ്ഞായിരുന്നു ക്ലാസ്. ഏതാനും മണിക്കൂര്‍ മാത്രം അധ്യാപനത്തിനു ചെലവഴിച്ചു. ബാക്കിസമയം മുഴുവന്‍ ശാഫിഈ പഠനത്തിനും ചിന്തക്കും മാറ്റിവെക്കുകയായിരുന്നു.

ഫിഖ്ഹിന്റെ അടിസ്ഥാന തത്വങ്ങളും, പ്രമാണങ്ങള്‍ നോക്കി വിധികള്‍ കണ്ടുപിടിക്കുന്നതിന്റെ പൊതു നിയമങ്ങളും വിവരിക്കുന്ന 'അല്‍ രിസാല' എന്ന ഗ്രന്ഥത്തിന് ശാഫിഈ രൂപകല്‍പന നല്‍കി. ഈ ഗ്രന്ഥം പൂര്‍ണരൂപത്തില്‍ പുറത്തുകൊണ്ടുവന്ന് പണ്ഡിതന്‍മാരുടെ ചര്‍ച്ച അവതിരിപ്പിക്കാനായി ഒമ്പതു വര്‍ഷത്തെ മക്കാ ജീവിതം അവസാനിപ്പിച്ചു. ഹി.198ല്‍ തന്റെ 45ാം വയസ്സില്‍ അദ്ദേഹം വീണ്ടും ഇറാഖിലേക്ക് യാത്രയായി. പതിനഞ്ചാം വയസ്സു മുതല്‍ തന്നെ ഫത്‌വാ നല്‍കാന്‍ തുടങ്ങിയിരുന്ന ശാഫിഈ ഇതിനകം 'മക്കയിലെ മുഫ്തി' എന്ന ബഹുമതി നേടിക്കഴിഞ്ഞിരുന്നു.

ഇറാഖില്‍ വീണ്ടും എത്തിയ ശാഫിഈക്കു അവിടെ ഉജ്വലമായ സ്വീകരണം ലഭിച്ചുവെങ്കിലും അവിടത്തെ പരിതസ്ഥിതിയാകെ മാറിയിരുന്നതിനാല്‍ അദ്ദേഹത്തിന് നാടുമായി ഇണങ്ങിച്ചേരാന്‍ കഴിഞ്ഞില്ല. കാരണം പണ്ഡിതന്‍മാരെ ഏറ്റവും ആദരിച്ചിരുന്ന ഹാറൂന്‍ റശീദ് മരണപ്പെട്ടു കഴിഞ്ഞു. പിന്‍ഗാമികളായി വന്ന പുത്രന്‍മാരാകട്ടെ അധികാരത്തിനു വേണ്ടി വടംവലി നടത്തുന്നവരും. തന്റെ ഉറ്റ സുഹൃത്തും അബൂഹനീഫയുടെ ശിഷ്യനുമായ മുഹമ്മദുല്‍ ഹസന്‍ മരണപ്പെടുകയും മറ്റു സ്‌നേഹിതന്‍മാരില്‍ ചിലര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. വിജ്ഞാന സദസ്സുകളിലെ ചര്‍ച്ചാ വിഷയം അല്ലാഹുവിന്റെ സത്ത, ഗുണങ്ങള്‍, മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യം തുടങ്ങിയവയായി മാറിക്കഴിഞ്ഞിരുന്നു. ഖുര്‍ആന്‍ ചിന്തിച്ച് അതിലെ തത്വങ്ങളും വിധികളും കണ്ടുപിടിക്കുന്നതിനു പകരം അത് സംബന്ധിച്ച് തര്‍ക്കങ്ങളിലായിരുന്നു പണ്ഡിതന്‍മാര്‍ക്കു താത്പര്യം. 

ഖലീഫ മഅ്മൂന്‍ മുഹമ്മദുല്‍ ഹസന്റെ നിര്യാണം മൂലം ഒഴിവു വന്ന ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുക്കാന്‍ ശാഫിഈയെ നിര്‍ബന്ധിച്ചു. പക്ഷേ, ഞാന്‍ മുഴുവന്‍ സമയവും വിജ്ഞാനത്തിനു വേണ്ടി ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ചിട്ടുള്ളതിനാല്‍ ഈ ഉദ്യോഗം സ്വീകരിക്കാന്‍ നിവൃത്തിയില്ലെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. കാവ്യ പ്രേമിയായിരുന്ന ശാഫിഈ 'ഫിഖ്ഹ്' കഴിച്ചു മിച്ചം കിട്ടുന്ന സമയം കവിതക്കു വേണ്ടി വിനിയോഗിക്കുകയായിരുന്നു.

ശാഫിഈ ഇറാഖ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ശിഷ്യന്‍ അഹ്മദുബ്‌നു ഹമ്പല്‍ അദ്ദേഹത്തെ വിലക്കാന്‍ ശ്രമിച്ചു. പക്ഷേ, തീരുമാനം മാറ്റമില്ലാത്തതായിരുന്നു. അദ്ദേഹം അബൂഹനീഫയുടെ ഖബര്‍ സിയാറത്ത് ചെയ്തു. അവിടെ വെച്ചു അന്നു ശാഫിഈ നമസ്‌കരിച്ചപ്പോള്‍ അബൂഹനീഫയുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്. സുബ്ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് പ്രാര്‍ഥന നടത്തിയില്ല എന്നാണ് ഒരു റിപ്പോര്‍ട്ട്. ''അബൂ ഹനീഫയുടെ സന്നിധിയില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് മര്യാദയല്ല'' എന്നായിരുന്നു ശാഫിഈ ഇതിനു പറഞ്ഞ ന്യായം. വിരുദ്ധാശയങ്ങളോട് അന്നത്തെ മത പണ്ഡിതന്‍മാര്‍ സ്വീകരിച്ചിരുന്ന വിശാല മനോഭാവത്തിന് മാതൃകയാണിത്.

ശാഫിഈയെ യാത്ര അയക്കാന്‍ ധാരാളം പണ്ഡിതന്‍മാര്‍ ഒത്തുകൂടി. അവരുടെ മുമ്പില്‍ അദ്ദേഹം ഇങ്ങനെ ഒരു കവിത പാടി.
''അല്ലാഹുവാണെ
എനിക്കറിഞ്ഞുകൂടാ....
ഈ യാത്ര നേട്ടവും 
ഐശ്വര്യവും ലഭിക്കാനോ,
അതോ ഞാന്‍ പോകുന്നത്
ഖബറിലേക്കോ...''

അഹ്മദുബ്‌നു ഹമ്പലും ശാഫിഈയും കൂടെയുള്ളവരും എല്ലാം കരഞ്ഞു.

 

Feedback