ഇമാം മാലിക് മസ്ജിദുല്‍ ഹറാമില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ക്ലാസ് ശ്രദ്ധിച്ച ശാഫിഈക്ക് മാലികിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഉല്‍ക്കടമായ ആഗ്രഹമായി. മാലികിന്റെ 'മുവത്വഅ്' എന്ന ഗ്രന്ഥം പണം കൊടുത്തു വാങ്ങി നന്നായി പഠിച്ചു. പക്ഷേ, മദീനയിലേക്കു പോകാന്‍ യാത്രാ ചെലവിനു പണമില്ല. ഉമ്മ വീട്ടുപകരണങ്ങള്‍ വിറ്റു പണമുണ്ടാക്കി മകനെ മാലികിനു പരിചയപ്പെടുത്താന്‍ മദീന ഗവര്‍ണര്‍ക്കു ഒരു ശിപാര്‍ശക്കത്ത് സംഘടിപ്പിച്ചു കൊടുത്തു.
ഗവര്‍ണര്‍ ശാഫിഈയെയും കൂട്ടി മാലികിന്റെ വീട്ടിലെത്തി. ശൈഖിനോട് സംസാരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭയം. ഗാംഭീര്യം മുറ്റി നില്‍ക്കുന്ന മുഖം. ശാഫിഈ പറയുന്നു. ''ഞാന്‍ മുമ്പോട്ടു വന്നു എന്റെ കഥ വിവരിച്ചുകൊടുത്തു. ഇത് കേട്ടപ്പോള്‍ ശൈഖ് എന്റെ നേരെ നോക്കി'' കുഞ്ഞേ നിന്റെ പേര്? ഞാന്‍: മുഹമ്മദ്. മുഹമ്മദേ നിനക്കൊരു നല്ല ഭാവിയുണ്ട്. അല്ലാഹു നിന്റെ ഹൃദയത്തില്‍ ഒരു പ്രകാശം വിന്യസിച്ചിട്ടുണ്ട്. അത് പാപം ചെയ്ത് നീ കെടുത്തിക്കളയരുത്.
പിറ്റേന്ന് മുവത്വഅ് മന:പാഠം വായിച്ചപ്പോള്‍ ആ വായനയില്‍ മാലിക് ആകൃഷ്ടനായി. ഹി. 170ല്‍ ആരംഭിച്ച ഈ ഗുരുശിഷ്യ ബന്ധം ഹി.179ല്‍ മാലിക് മരിക്കും വരെ തുടര്‍ന്നു. ഉമ്മയെ സന്ദര്‍ശിക്കാന്‍ ശാഫിഈ മക്കയിലേക്ക് പോകുമ്പോള്‍ യാത്രാ ചെലവിനുള്ള പണം ഗുരുതന്നെയാണ് നല്‍കിയിരുന്നത്. മദീനയില്‍ വെച്ചു അബൂഹനീഫയുടെയും ജഅ്ഫര്‍ സ്വാദിഖിന്റെയും ശിഷ്യന്‍മാരില്‍ നിന്നും ഈ രണ്ടു പണ്ഡിതന്‍മാരുടെയും ചിന്താധാരകള്‍ ശാഫിഈ വശമാക്കി. ഖുര്‍ആനും ഹദീസും പണ്ഡിതന്‍മാരുടെ വചനങ്ങളും മാത്രം അഭ്യസിക്കുന്നത് കൊണ്ട് വിജ്ഞാനം പൂര്‍ണമാവുകയില്ലെന്നു മനസ്സിലാക്കിയ ശാഫിഈ വൈദ്യം, രസതന്ത്രം, ഗണിതം, ഗോളശാസ്ത്രം, പദാര്‍ത്ഥജ്ഞാനം തുടങ്ങിയവ അഭ്യസിക്കാന്‍ തീരുമാനിച്ചു.
മദീനയില്‍ റൗദാശരീഫില്‍ വെച്ച് കൂഫക്കാരനായ ഒരു യുവാവുമായി ശാഫിഈ പരിചയപ്പെട്ടു. അബൂഹനീഫയുടെ ശിഷ്യന്‍മാരായ മുഹമ്മദുല്‍ ഹസനും അബൂയൂസുഫുമാണ് ഇറാഖിലെ മഹാപണ്ഡിതന്‍മാരെന്ന് അദ്ദേഹം കണ്ടെത്തി. വിജ്ഞാനം തേടി യുവാവിനോടൊപ്പം കൂഫയിലേക്ക് പോകാന്‍ ഗുരുവിന്റെ സമ്മതം വാങ്ങി. മാലിക് ഒരു വാഹനം കൂലിക്ക് വിളിച്ചു. 'കൂലികൊടുക്കാന്‍ എന്റെയോ നിങ്ങളുടെയോ വശം പണമില്ലല്ലോ' ശാഫിഈ നിസ്സഹായത തുറന്നുപറഞ്ഞു. ഇന്നലെ രാത്രി എന്റെ വാതില്‍ക്കല്‍ ആരോ മുട്ടി. ലൈസിന്റെ പാരിതോഷികമാണെന്ന് പറഞ്ഞ് ഒരു പൊതി എനിക്ക് സമ്മാനിച്ചു. തുറന്നു നോക്കുമ്പോള്‍ നൂറ് മിസ്ഖാല്‍. പകുതി നിനക്കാണ്. പകുതികൊണ്ട് ഞാന്‍ എന്റെ കുടുംബത്തിന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങുകയാണ്. ഗുരു മാലിക് പോംവഴി കണ്ടു. ഇരുപത്തിരണ്ടുകാരനായ ആ യുവാവ് ഇരുപത്തിനാലു ദിവസം യാത്ര ചെയ്ത് കൂഫയിലെത്തി. അബൂഹനീഫയുടെ ശിഷ്യന്‍മാരുമായി ബന്ധപ്പെട്ടു അവരില്‍ നിന്ന് ധാരാളം പഠിച്ചു. പല നാടുകളിലും ചുറ്റിക്കറങ്ങി ധാരാളം അനുഭവസമ്പത്ത് നേടിയ ശേഷം മദീനയില്‍ തന്നെ തിരിച്ചെത്തി.
മാലികിന്റെ സദസ്സില്‍ ധാരാളം ആളുകള്‍, ശാഫിഈയും അവരുടെ കൂട്ടത്തില്‍ ചേര്‍ന്നു. ഗുരു ശിഷ്യന്‍മാരോടു ചോദ്യങ്ങള്‍ ചോദിക്കുകയാണ്. പക്ഷേ, ആര്‍ക്കും മറുപടി പറയാന്‍ കഴിയുന്നില്ല. ശാഫിഈ തന്റെ അടുത്തിരുന്ന ഒരു ചെറുപ്പക്കാരന്റെ കാതില്‍ ഉത്തരങ്ങള്‍ മന്ത്രിച്ചുകൊടുത്തു. നിനക്ക് മാത്രം ഇതെങ്ങനെ പറയാന്‍ കഴിഞ്ഞു. മാലിക് ചോദിച്ചു. അയാള്‍ അടുത്തിരുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. ശാഫിഈയുടെ സാന്നിധ്യം മാലിക് അറിഞ്ഞിരുന്നില്ല. തന്റെ മുന്‍ ശിഷ്യനായ ശാഫിഈയെ അടുത്തിരുത്തി മാലിക് എഴുന്നേറ്റു. ക്ലാസുതുടരാന്‍ കല്‍പിച്ചു. ശിഷ്യന്റെ പ്രകടനം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. ശാഫിഈയുടെ കഴിവുകളില്‍ മാലികിന് വലിയ മതിപ്പ് തോന്നി. അദ്ദേഹം ശിഷ്യനെ വീട്ടിലേക്ക് കൊണ്ടുപോയി. ശാഫിഈ അദ്ദേഹത്തിന്റെ രസകരമായ യാത്രാനുഭവങ്ങള്‍ ഗുരുവിന് വിവരിച്ചുകൊടുത്തു.
ഹി.179ല്‍ മാലിക് മരണമടഞ്ഞപ്പോള്‍ ശാഫിഈക്കു വലിയ ഏകാന്തത അനുഭവപ്പെട്ടു. അദ്ദേഹം ഒരുപാട് കണ്ണീരൊഴുക്കി.
മദീനയോട് യാത്ര പറഞ്ഞു മക്കയില്‍ എത്തിയ ശാഫിഈ, ഉപജീവനത്തിന് എന്തെങ്കിലും ഒരു ജോലി വേണമെന്നായി. യമനിലെ ഗവര്‍ണര്‍ മുഖേന അദ്ദേഹം അവിടെ ഒരു ജോലി സമ്പാദിച്ചു. യമന്‍കാര്‍ക്കെല്ലാം ശാഫിഈ വളരെ പ്രിയംകരനായി. യമന്‍ ഭരണാധികാരി നടത്തുന്ന അനീതികള്‍ അദ്ദേഹത്തിന് അസഹ്യമായിത്തോന്നി. അതിന്നെതിരില്‍ പരസ്യമായി ശബ്ദമുയര്‍ത്തി. ഭരണം അട്ടിമറിക്കാന്‍ ഒമ്പതു പേരടങ്ങിയ അലവികളുടെ വിപ്ലവ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാള്‍ കൊണ്ടു കഴിയാത്തത് നാവുകൊണ്ടുചെയ്യുന്ന ഒരു ചെറുപ്പക്കാരനും അവരുടെ കൂടെയുണ്ടെന്നും തന്റെ കല്‍പനകളൊന്നും അയാള്‍ പാലിക്കുന്നില്ലെന്നും ഭരണാധികാരി ഖലീഫ ഹാറൂന്‍ റശീദിന്റെ മുമ്പില്‍ പരാതിപ്പെട്ടു. അദ്ദേഹത്തിനെതിരില്‍ വിധി പ്രസ്താവിക്കുന്ന ഊഴം വന്നപ്പോള്‍ പെട്ടെന്ന് ശാഫിഈ ഖലീഫക്ക് സലാം പറഞ്ഞു. 'അസ്സലാമു അലൈക്ക യാ അമീറല്‍ മുഅ്മിനീന്‍. 'വറഹ്മതുല്ലാഹി വബറകാത്തുഹു' എന്ന വാക്ക് സലാമില്‍ നിന്നു അദ്ദേഹം ബോധപൂര്‍വം ഒഴിവാക്കി. ഖലീഫ 'വറഹ്മത്തുല്ലാ' കൂട്ടിച്ചേര്‍ത്തു പ്രത്യഭിവാദ്യം ചെയ്തു.
വറഹ്മത്തുല്ലാ (ദൈവകാരുണ്യം) പറഞ്ഞതുകൊണ്ട് താങ്കള്‍ ഇപ്പോള്‍ ദൈവകാരുണ്യത്തിനര്‍ഹനായിരിക്കുന്നുവെന്നായി ശാഫിഈ. 'താങ്കള്‍ക്കു വല്ലതും ബോധിപ്പിക്കാനുണ്ടോ?' ഖലീഫ. 'ഈ ചങ്ങലയുടെ ഭാരം ചുമന്നു ഞാന്‍ എങ്ങനെ സംസാരിക്കും?' ശാഫിഈ. ചങ്ങല അഴിച്ചു മാറ്റപ്പെട്ടു. പിന്നെ ശാഫിഈ ആകര്‍ഷകമായി സംസാരിച്ചു. കൂഫയില്‍ തനിക്ക് ആതിഥ്യം നല്‍കിയ മുഹമ്മദ്ബ്‌നുല്‍ ഹസനും ജഡ്ജി എന്ന നിലക്ക് അവിടെ സന്നിഹിതനായിരുന്നു. തന്നെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ഇദ്ദേഹത്തിനറിയാമെന്ന് നിസ്സങ്കോചം ശാഫിഈ ഖലീഫയെ ഉണര്‍ത്തി. ശാഫിഈ ഒരു മഹാപണ്ഡിതനാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഖലീഫ അദ്ദേഹത്തെ മുഹമ്മദുല്‍ ഹസന്റെ കൂടെ നിരീക്ഷണത്തിനായി വിട്ടു. പിറ്റേന്ന് അദ്ദേഹത്തിന്റെ അറിവു പരിശോധിക്കാന്‍ ഫിഖ്ഹ്, ഗണിതം, പ്രകൃതിശാസ്ത്രം, വൈദ്യം തുടങ്ങിയ വിവിധ വിജ്ഞാനശാഖകളില്‍ വൈദഗ്ധ്യം നേടിയവരുടെ ഒരു സദസ്സ് ഖലീഫ സംഘടിപ്പിച്ചു. അവരുടെ സാന്നിധ്യത്തില്‍ ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങളും ശാഫിഈ സമര്‍ഥമായി ഉത്തരം നല്‍കി. സദസ്സ് കൈയടിച്ചു അദ്ദേഹത്തെ അനുമോദിച്ചു. നേരത്തെ വധശിക്ഷ വിധിച്ച പ്രതിക്ക് ഖലീഫ 50,000 ദീനാര്‍ പാരിതോഷികം നല്‍കി. ആതിഥേയന്റെ കൂടെ വീട്ടിലേക്ക് പോയ ശാഫിഈക്കു മറ്റൊരു പ്രമുഖന്‍ ഒരു പണസ്സഞ്ചി സമ്മാനിച്ചപ്പോള്‍ അത് അദ്ദേഹം നിരസിച്ചു. ഞാന്‍ ഖലീഫയുടെ പാരിതോഷികമേ സ്വീകരിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
അബൂഹനീഫയുടെ ഫിഖ്ഹ് പഠിക്കാന്‍ വീണ്ടും ഇറാഖിലേക്ക് പോയ ശാഫിഈ, ഇമാമിന്റെ ശിഷ്യന്‍മാരുമൊത്ത് കഴിച്ചുകൂട്ടി. തന്റെ ഗുരുവായ മാലികിനോട് അവര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. വാഗ്വാദ വിദഗ്ധനായ ശാഫിഈ ന്യായവാദങ്ങള്‍ കൊണ്ട് അവരെ തോല്‍പിച്ചു കൊണ്ടിരുന്നു. അദ്ദേഹം ആരെയും ദുഷിച്ചു പറയുമായിരുന്നില്ല. പ്രതിയോഗിയെ 'നുണയന്‍' എന്ന് ഒരാള്‍ ആക്ഷേപിച്ചപ്പോള്‍ അങ്ങനെ പറയുന്നത് അദ്ദേഹം വിലക്കി. 'അയാള്‍ പറയുന്നത് ശരിയല്ല' എന്നു മാത്രമേ പ്രയോഗിക്കാവൂ എന്ന് അദ്ദേഹം നിര്‍ദേശിച്ചു. 'വൃത്തികേടു പറഞ്ഞു നാവിനെ കളങ്കപ്പെടുത്താത്തതുപോലെ വൃത്തികേട് കേട്ട് കാത് കളങ്കപ്പെടുന്നതും സൂക്ഷിക്കണം' ശാഫിഈ ഉപദേശിക്കാറുണ്ടായിരുന്നു.
വിശാല ഹൃദയനായ ആ വിജ്ഞാനദാഹി ബാഗ്ദാദില്‍ കുറച്ചു കാലം കഴിച്ചുകൂട്ടി കിട്ടാവുന്ന കേന്ദ്രങ്ങളില്‍ നിന്നെല്ലാം അറിവ് കരസ്ഥമാക്കി. പിന്നെ മക്കയിലേക്ക് തന്നെ തിരിച്ചുപോകാന്‍ അദ്ദേഹത്തിന് താല്‍പര്യമായി. രാജ്യത്ത് എവിടെയെങ്കിലും ഒരു ജഡ്ജിയായി സ്ഥാനമേല്‍ക്കാന്‍ ഖലീഫ റശീദ് ആവശ്യപ്പെട്ടെങ്കിലും ശാഫിഈ വഴങ്ങിയില്ല. മക്കയില്‍ മഖാമു ഇബ്‌റാഹീമിന്റെ സമീപം സംസം കിണറിന്റെ മുറ്റം ക്ലാസെടുക്കാനുള്ള ഇരിപ്പിടമായി അദ്ദേഹം തെരഞ്ഞെടുത്തു. പണ്ഡിതന്‍മാര്‍ മുഴുവന്‍ സമയവും വിജ്ഞാനത്തിനായി ചെലവഴിക്കാന്‍ ഖലീഫ ഹാറൂന്‍ റശീദ് നല്‍കിയിരുന്ന വേതനം അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ ശാഫിഈ തനിക്ക് കിട്ടുന്ന പണത്തില്‍ നിന്നും വലിയൊരു ഭാഗം സാധുക്കള്‍ക്കു ധര്‍മം കൊടുക്കുകയായിരുന്നു. ദാനത്തിന്റെ കാര്യത്തില്‍ ഉമ്മ നല്‍കിയ വസിയ്യത്ത് അദ്ദേഹം കൃത്യമായി പാലിച്ചിരുന്നു.