Skip to main content

ഈജിപ്ത് യാത്ര, മരണം (4-4)

മഹാനായ ശാഫിഈക്കു വമ്പിച്ച സ്വീകരണമാണ് ഈജിപ്തില്‍ ലഭിച്ചത്. ഗവര്‍ണര്‍ ഇദ്ദേഹത്തിനു താമസിക്കാന്‍ പ്രത്യേക ഭവനം ഒരുക്കിയെങ്കിലും ശാഫിഈ, മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ റസൂല്‍ ചെയ്തപോലെ തന്റെ ഉമ്മയുടെ ബന്ധുക്കളോടൊപ്പമാണ് താമസിച്ചത്. ഈജിപ്തില്‍ എത്തിയ ഉടനെ ശാഫിഈ മഹാപണ്ഡിതനായിരുന്ന ലൈസിന്റെ ഖബര്‍ സന്ദര്‍ശിച്ചു. ലൈസ് നാലു ഗുണങ്ങള്‍ തികഞ്ഞ പണ്ഡിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറിവ്, കര്‍മ്മം, വിരക്തി, ഔദാര്യം.

അംറുബ്‌നു ആസ് പള്ളിയില്‍ ശാഫിഈ ക്ലാസ് ആരംഭിച്ചു. ഖുര്‍ആനും ഹദീസും മാത്രമല്ല, കഥ, ഭാഷ, കവിത, വിജ്ഞാന ശാസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം പഠിപ്പിക്കുമായിരുന്നു. അധ്യാപകന്‍ പറയുകയും വിദ്യാര്‍ഥികള്‍ കേള്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് സജീവ പങ്കാളിത്തമുള്ള ചോദ്യോത്തരങ്ങളും ചര്‍ച്ചയുമായിരുന്നു ക്ലാസ്. ഈജിപ്തിലെ പഴയ ഗ്രീക്ക് ഫിലോസഫര്‍മാരുടെ രീതിയായിരുന്നു ഇത്. ഈജിപ്തില്‍ അബൂഹനീഫയുടെയും മാലികിന്റെയും അനുയായികള്‍ തമ്മില്‍ വലിയ തര്‍ക്കം നടക്കുകയും മാലികിന്റെ അനുയായികള്‍  ലൈസിന്റെയും അബൂഹനീഫയുടെയും ശിഷ്യന്‍മാരെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ശാഫിഈ, തീവ്രവാദികളായ ഇവരോട് പറഞ്ഞു. 'ഇമാം മാലിക് ഒരു മനുഷ്യന്‍ മാത്രമാണ്. അദ്ദേഹത്തില്‍ ശരിയും തെറ്റുമുണ്ടാകും'. ഇത് കേള്‍ക്കേണ്ട താമസം അവരില്‍ ഒരാള്‍ ശാഫിഈയുടെ നേരെ അസഭ്യവര്‍ഷം നടത്തി. പക്ഷേ, ശാഫിഈ അത് കേട്ടഭാവം നടിക്കാതെ ക്ലാസ് തുടര്‍ന്നു. ഫിത്‌യാന്‍ എന്നു പേരുള്ള ഒരാളാണ് ഈ ധിക്കാരിയെന്നു അദ്ദേഹത്തിനു മനസ്സിലായി.

സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ ഖുര്‍ആന്‍, പിന്നെ ഹദീസ്, തുടര്‍ന്ന് മറ്റു വിജ്ഞാനങ്ങള്‍ ഇങ്ങനെയായിരുന്നു ശാഫിഈയുടെ അധ്യാപനക്രമം. അതിനിടക്ക് സാഹിത്യകാരന്‍മാര്‍, കവികള്‍, വിവിധ വിജ്ഞാന ശാഖകളില്‍ വൈദഗ്ധ്യം നേടിയര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. രാത്രി ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ അതിഥികളെ സ്വീകരിക്കുകയും മനസ്സിനു ആശ്വാസം പകരുന്ന രസവര്‍ത്തമാനങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യും. രാത്രി പലവട്ടം വിളക്കു കത്തിക്കുകയും കെടുത്തുകയും ചെയ്യുമായിരുന്നു. മനസ്സില്‍ ഒരാശയം ഉദിച്ചാല്‍ ഉടനെ അത് രേഖപ്പെടുത്താന്‍ വിളക്ക് തെളിയിക്കും. പിന്നെ വിളക്കണക്കും. 'ഇരുട്ടിലാണ് ചിന്ത തെളിഞ്ഞുവരിക...' ശാഫിഈ പറയാറുണ്ടായിരുന്നു.

ഇമാം ശാഫിഈ പള്ളിയില്‍ ക്ലാസു നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് മതവിധി തേടിക്കൊണ്ട് ഒരു പ്രശ്‌നമുന്നയിച്ചു. അയാള്‍ ഭാര്യയെ മൊഴിചൊല്ലി; പിന്നെ ഖേദം തോന്നി റമദാനില്‍ തിരിച്ചെടുത്തു. രണ്ടുപേരും നോമ്പുകാരായിരിക്കെ അയാള്‍ ഭാര്യയെ ചുംബിച്ചു. ശാഫിഈ ഈ യുവാവിനെ അടുത്തുവിളിച്ചു പുഞ്ചിരി തൂകിക്കൊണ്ടു ഇങ്ങനെ ഒരു കവിത ചൊല്ലി.

'മുറിവേറ്റ ഹൃദയങ്ങള്‍
ഒട്ടിച്ചേര്‍ന്നതുകൊണ്ടു
തഖ്‌വാ ചോര്‍ന്നു പോവുകയില്ല'.

ഈ ചുംബനം കൊണ്ടു നോമ്പു പോവുകയോ ഭക്തി നഷ്ടപ്പെടുകയോ ഇല്ലെന്ന് ബോധ്യമായി. ഇമാം മാലികിന്റെ അഭിപ്രായവും ഇതു തന്നെയായിരുന്നു. എങ്കിലും ഈ ഫത്‌വയുടെ പേരില്‍ ഇമാം ശാഫിഈയെ ആരോപണവിധേയമാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇമാം മാലികിന്റെ അഭിപ്രായങ്ങളില്‍ വാശിയുള്ള ചിലര്‍ ശാഫിഈയെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ശാഫിഈക്ക് ഹദീസ് അറിഞ്ഞുകൂടാ എന്ന് ആക്ഷേപിച്ചപ്പോള്‍ അഹ്മദുബ്‌നു ഹമ്പല്‍ അദ്ദേഹത്തെ സഹായിക്കാനെത്തി. 

ഇമാം ശാഫിഈ അദ്ദേഹത്തിന്റെ 'അല്‍ രിസാല' എന്ന ഗ്രന്ഥം ഈജിപ്തില്‍ വെച്ച് പൂര്‍ത്തിയാക്കി. നേരത്തെ എഴുതിയിരുന്നതില്‍ പല പരിഷ്‌കാരങ്ങളും വരുത്തി. ഫത്‌വ നടത്തുന്ന ഒരു പണ്ഡിതന് ആവശ്യമായ എല്ലാ തത്വങ്ങളും നിയമങ്ങളും ഗ്രന്ഥം കൈകാര്യം ചെയ്യുന്നു. ഇറാഖിലായിരുന്നപ്പോള്‍ പുറപ്പെടുവിച്ചിരുന്ന ഫത്‌വകള്‍ പലതും ഈജിപ്തില്‍ വെച്ചു ശാഫിഈ മാറ്റി. പരിതസ്ഥിതികള്‍ മാറുന്നതിനനുസരിച്ചു ഇജ്തിഹാദ് (ഗവേഷണം) നടത്തി പുറത്തിറക്കുന്ന ഫത്‌വകളിലും വിധി പ്രഖ്യാപനങ്ങളിലും മാറ്റമുണ്ടാകുമെന്നതിനു ഇമാം ശാഫിഈ ഒരു ഉദാഹരണമായി എടുത്തുകാണിക്കപ്പെടുന്നു. ഇമാം ശാഫിഈക്കു 'ഖദീം' (പഴയത്), 'ജദീദ്' (പുതിയത്) എന്നിങ്ങനെ രണ്ട് അഭിപ്രായങ്ങള്‍ രൂപപ്പെട്ടത് ഇങ്ങനെയാണ്. ശാഫിഈ ജൗജിപ്തില്‍ വെച്ച് എഴുതിയ ഗ്രന്ഥങ്ങള്‍ സ്വീകരിക്കാന്‍ ഇമാം അഹ്മദ് ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി എഴുതിയതൊക്കെ അഞ്ചു വര്‍ഷം കൊണ്ടു മാറ്റി എഴുതിയ ശാഫിഈ മതവിഷയത്തില്‍ പരിവര്‍ത്തന വിധേയമാകുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്ന ചിന്തകനാണ്. 

ശാഫിഈ ഇമാം മാലികിന്റെ ശിഷ്യനാണെങ്കിലും മാലികിന്റെ നിഗമനങ്ങളില്‍ ചിലതിനോട് പിന്നീട് അദ്ദേഹം കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചു. മാലികിനോടുള്ള അഭിപ്രായ ഭിന്നതയുടെ വിഷയത്തില്‍ തന്നെ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചു.

ശാഫിഈയുടെ സുപ്രസിദ്ധമായ ഫിഖ്ഹ് ഗ്രന്ഥം 'അല്‍ഉമ്മ്' ആണ്. ഈ ഗ്രന്ഥം അദ്ദേഹം സ്വന്തം കൈകൊണ്ട് എഴുതിയതോ അതോ അദ്ദേഹം പറഞ്ഞുകൊടുത്ത് ശിഷ്യന്‍മാര്‍ രേഖപ്പെടുത്തിയതോ എന്ന കര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും ആദ്യത്തേതിനാണ് കൂടുതല്‍ പ്രാബല്യം. ഗ്രന്ഥം രചിച്ചു ശിഷ്യന്‍മാര്‍ക്കും വായിച്ചുകൊടുക്കുകയും അവര്‍ അത് പകര്‍ത്തുകയും ചെയ്യുന്ന രീതി അവലംബിച്ചിരുന്നു എന്നു ഗ്രന്ഥങ്ങളുടെ സ്വഭാവത്തില്‍ നിന്നു മനസ്സിലാകുന്നു. മാതാവ് എന്ന അര്‍ഥമുള്ള 'ഉമ്മ്' എന്ന ഈ കൃതി നിരവധി വിജ്ഞാനങ്ങള്‍ക്കും ചിന്തകള്‍ക്കും ജന്‍മം നല്‍കിയ മാതാവ് തന്നെയായി ഗണിക്കപ്പെടുന്നു. സാഹിത്യ ശൈലിയില്‍ ലളിതമായ പ്രതിപാദനത്തോടെ എഴുതപ്പെട്ട ഈ കൃതിയിലെ കൃത്യത ഒരു സവിശേഷത തന്നെയാണ്. ''ഇങ്ങനെ എതിര്‍ വാദമുന്നയിച്ചാല്‍ നാം ഇങ്ങനെ മറുപടി പറയും'' എന്ന താര്‍ക്കിക ശൈലി ശാഫിഈയുടെ സവിശേഷതയാണ്.

ശാഫിഈയുടെ കവിതകള്‍ അതിമനോഹരങ്ങളും ധാരാളം തത്വങ്ങളും സാരങ്ങളും ഉള്‍കൊള്ളുന്നവയുമാണ്.

'പണ്ഡിതന്‍മാര്‍ക്കു കവിത
ഒരു കുറ്റമല്ലായിരുന്നുവെങ്കില്‍
ഞാന്‍ ലബീദിനേക്കാള്‍
മികച്ച കവിയാകുമായിരുന്നു'

എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

സഞ്ചാരപ്രിയനായിരുന്ന ശാഫിഈ ദേശാടനത്തിന്റെ മഹത്വം വര്‍ണ്ണിച്ചുകൊണ്ട് ഇങ്ങനെ പാടി.
'ബുദ്ധിയും
സല്‍ഗുണങ്ങളുമുളളവര്‍ക്ക് സ്വദേശ വാസത്തില്‍
ഒരു സുഖവുമില്ല
നാടുവിട്ടു പരദേശിയാവൂ
പ്രയാസം സഹിക്കൂ!
അതിലാണ് ജീവിത രസം
വെള്ളം കെട്ടിനിന്നാല്‍ 
അത് ചീത്തയാകും
ഒഴുകുമ്പേഴേ ശുദ്ധമാകൂ
സിംഹം മാളത്തിനു
പുറത്തുവന്നില്ലെങ്കില്‍
അതിനു ഇര പിടിക്കാനാകുമോ?

ബുവൈത്വീ, മുസ്‌നീ, റബീഉല്‍ മുറാദീ എന്നിവരാണ് ഇമാം ശാഫിഈയുടെ ശിഷ്യന്‍മാരില്‍ പ്രമുഖര്‍.

ഇമാം ശാഫിഈ വിജ്ഞാനമാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച പണ്ഡിതനാണ്. ഇമാം മാലികിന്റെ അനുയായികളിലെ തീവ്രവാദികള്‍ ഇമാമിനെതിരിലുള്ള ഒരു എതിര്‍ അഭിപ്രായ പ്രകടനവും സഹിക്കാത്ത അസഹിഷ്ണുക്കളായിരുന്നു. ചില വിഷയങ്ങളില്‍ മാലികിനോടു വിയോജിച്ച ശാഫിഈയോട് അവര്‍ക്ക് കടുത്ത വിരോധമായിരുന്നു. ഫിത്‌യാന്‍ എന്ന് പേരുള്ള ഒരു ധിക്കാരിയെയാണ് ശാഫിഈയെ ഉപദ്രവിക്കാന്‍ അവര്‍ തെരഞ്ഞെടുത്തത്.

ഇയാളെപ്പറ്റി ഭരണാധികാരികള്‍ക്കു ഒരിക്കല്‍ പരാതി കിട്ടിതായിരുന്നു. പക്ഷേ, ശാഫിഈയോട് ആരോപണങ്ങള്‍ ശരിയോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം മൗനം പാലിച്ചത് കൊണ്ട് അയാള്‍ രക്ഷപ്പെട്ടതാണ്. 'ശാഫിഈ ഒരക്ഷരം ഉരിയാടിയിരുന്നുവെങ്കില്‍ ഞങ്ങള്‍ അയാളുടെ തലയെടുക്കുമായിരുന്നു'വെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
 

ഒരു ദിവസം ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥികളെല്ലാം പിരിഞ്ഞുപോയപ്പോള്‍ ഫിത്‌യാന്റെ അനുയായികളില്‍പ്പെട്ട ഒരു സംഘം ശാഫിഈയുടെ മുറിയില്‍ അതിക്രമിച്ചു കയറി. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിച്ചുവെച്ചിരുന്ന ദണ്ഡുകള്‍ പുറത്തെടുത്തു അദ്ദേഹത്തെ ശക്തിയായി പ്രഹരിച്ചു. ശാഫിഈ പ്രജ്ഞയറ്റു നിലത്തു വീണു. അക്രമികള്‍ ഓടിപ്പോയി. ഇമാമിനെ വീട്ടിലേക്ക് മാറ്റി. ബോധം തെളിഞ്ഞപ്പോള്‍ കടുത്ത വേദന. അദ്ദേഹം കുറച്ചു ദിവസം കിടപ്പിലായി. അഹ്മദുബ്‌നു ഹമ്പലും മുസ്‌നിയും സന്ദര്‍ശിക്കാനെത്തി. 'അങ്ങേക്ക് എങ്ങനെയുണ്ട്' അവര്‍ ചോദിച്ചു. ശാഫിഈ: ഞാന്‍ ദുന്‍യാവില്‍ നിന്നു യാത്ര തിരിക്കുകയാണ്. എന്റെ സ്‌നേഹിതന്‍മാരെ പിരിയുകയാണ്. മരണത്തിന്റെ പാനപാത്രം മോന്തുകയാണ്. ഞാന്‍ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്നറിഞ്ഞുകൂടാ. ഇതു പറഞ്ഞു അദ്ദേഹം കരഞ്ഞു. അവിടെ കൂടിയിരുന്ന എല്ലാവരും കരഞ്ഞു. അവരെ നോക്കി അദ്ദേഹം പറഞ്ഞു. 'കൂട്ടുകാരേ, ഞാന്‍ യാത്ര ചോദിക്കുന്നു'. പിന്നെ അദ്ദേഹം ഖിബ്‌ലയുടെ നേരെ മുഖം തിരിച്ചു. ശഹാദത്ത് കലിമ ചൊല്ലി...

ഹി.204 റജബ് 28 വെള്ളിയാഴ്ച അദ്ദേഹം മരിച്ചു.

 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446