ദാര്‍ശനികനായ നയതന്ത്രജ്ഞനും സമര്‍ത്ഥനായ സംഘാടകനുമായിരുന്നു ബെഗോവിച്ച്. പാശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ മൗനാനുവാദത്തോടെ സെര്‍ബിയന്‍ വംശീയവാദികള്‍ നടത്തിയ ആസൂത്രിത ഉന്മൂലന നാശത്തെ ബോസ്‌നിയന്‍ ജനത നേരിട്ടത് ബെഗോവിച്ചിന്റെ സമര്‍ത്ഥമായ നേതൃത്വത്തിന്‍ കീഴിലായിരുന്നു. വളരെയധികം നഷ്ടങ്ങള്‍ സഹിച്ചിട്ടാണെങ്കിലും ഒരു കൊച്ചു മുസ്‌ലിം സമൂഹത്തിന്റെ നിലനില്പിന്നു കാരണമാകാന്‍ അദ്ദേഹത്തിനു സാധിച്ചു.
1925 ആഗസ്റ്റ് എട്ടിന് വടക്കു പടിഞ്ഞാറന്‍ ബോസ്‌നിയയിലാണ് ബെഗോവിച്ചിന്റെ ജനനം. ഈ മേഖലയിലെ ഭൂരിപക്ഷ സമൂഹമായിരുന്നു മുസ്‌ലിംകള്‍. പക്ഷേ അവര്‍ക്ക് ഇസ്‌ലാമിക ചിഹ്നങ്ങള്‍ സ്വീകരിക്കുവാനോ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുവാനോ അനുവാദമുണ്ടായിരുന്നില്ല. 1930കളില്‍ കുടുംബം സരയോവിലേക്ക് മാറിത്താമസിച്ചു.
1940കളില്‍ പതിനാറാം വയസ്സില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് മിലദിമുസല്‍മാനി (മുസ്‌ലിം യുവജന സംഘം) എന്നൊരു ചെറിയ കൂട്ടായ്മ രൂപീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനവും അക്കാദമിക് പഠനവും ഒരുമിച്ചു കൊണ്ടുപോകാനായിരുന്നു ബെഗോവിച്ചിന്റെ ശ്രമം. സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം നിയമം പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ഗ്രാമീണ സമ്പദ്ഘടന മുഖ്യമായെടുത്ത് മുന്‍വര്‍ഷം പഠിച്ചു. പിന്നെ സാഹചര്യം ഒത്തുവന്നപ്പോള്‍ നിയമ പഠനത്തിനു ചേര്‍ന്നു. സരയാവോ സര്‍വ്വകലാശാലയില്‍ നിയമം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബോസ്‌നിയന്‍ മുസ്‌ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി. പക്ഷേ ടിറ്റോ ഭരണകൂടം ഈ ചെറുസംഘത്തെ നിരോധിച്ചു. ബെഗോവിച്ച് അടക്കമുള്ള അതിന്റെ നേതാക്കളെ ജയിലിലടച്ചു.
ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന യൂഗോസ്ലാവ്യന്‍ ഏകാധിപതി മാര്‍ഷല്‍ ജനറല്‍ ജോസഫ് ടിറ്റോ മുസ്‌ലിംകളുടെ മതവും സംസ്‌കാരവും ഉന്മൂലനം ചെയ്യാനാണ് തുടക്കം മുതലേ ശ്രമിച്ചുകൊണ്ടിരുന്നത്. സോവിയറ്റ് യൂനിയനിലെ മുസ്‌ലിം റിപ്പബ്ലിക്കുകളില്‍ റഷ്യന്‍ വംശജരെ കുടിയിരുത്തിയും റഷ്യന്‍ ഭാഷ അടിച്ചേല്‍പ്പിച്ചും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ റഷ്യന്‍ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തദാവശ്യാര്‍ത്ഥം ബോസ്‌നിയന്‍ വംശജരെ ബോസ്‌നിയയില്‍ നിന്ന്മാറ്റി നിര്‍ത്തി സെര്‍ബുകളെ ഭരണത്തിന്റെ മുഴുവന്‍ മേഖലകളിലും കുടിയിരുത്തി. ടിറ്റോവിന്റെ ഭരണകാലത്ത് പ്രവിശ്യാ ഭരണ കൗണ്‍സിലില്‍ ഒരു ബോസ്‌നിയക്കാരന്‍ പോലുമുണ്ടായിരുന്നില്ല. ബോസ്‌നിയന്‍ സംസ്‌കാരത്തിനു നേരെയുള്ള ഭരണകൂട കടന്നാക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബെഗോവിച്ച് മുസ്‌ലിം യുവജനസംഘത്തിനു രൂപം നല്കിയത്.
ചെറുപ്പത്തില്‍ തന്നെ ജര്‍മ്മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ നല്ല വശമുള്ളത് കൊണ്ട് ഇരുപത് വയസ്സിനകം ഏതാണ്ടെല്ലാ പ്രമുഖ യൂറോപ്യന്‍ ചിന്തകന്മാരുടെയും കൃതികള്‍ വായിക്കാന്‍ അവസരം ലഭിച്ചു.
മുജാഹിദ് എന്ന പത്രം പ്രസിദ്ധീകരിച്ചതിന് 1945ല്‍ ജോസഫ് ടിറ്റോവിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ബെഗോവിച്ചിനേയും സുഹൃത്ത് നജീബ് നാസിന്‍ ബെയിനേയും അറസ്റ്റ്‌ചെയ്തു. ഏറെകഴിയുന്നതിനു മുമ്പെ മോചിപ്പിച്ചു. 1949ല്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തു. സംഘടനയിലെ നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചു. ബാക്കിയുള്ളവര്‍ക്ക് കഠിനതടവും.
ടചറിയ പ്രായത്തിലാണ് ബെഗോവിച്ച് തന്റെ പ്രഥമകൃതിയായ ഇസ്‌ലാം രാജമാര്‍ഗ്ഗത്തിന്റെ കൈയെഴുത്ത് പ്രതി രചിച്ചത്. പിന്നെയും ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചില പരിഷ്‌കരണത്തോടെ അത് പ്രസിദ്ധീകരണത്തിനു നല്കിയത്. അതുകൊണ്ട് തന്നെ അതിലെ ചില വീക്ഷണങ്ങള്‍ അപൂര്‍ണ്ണമാണെന്നു അദ്ദേഹം സമ്മതിക്കുന്നുണ്ട്.
നാല്പത് പേജുകള്‍ മാത്രം വരുന്ന ഇസ്‌ലാമിക പ്രഖ്യാപനമാണ് മറ്റൊരുകൃതി. 1970ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിക പ്രഖ്യാപനത്തിലെ ഉള്ളടക്കം മതമൗലിക ആശയങ്ങളാണെന്നു ആരോപിച്ച് കോടതി അദ്ദേഹത്തെ ആറുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ആറ് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 1989ല്‍ അദ്ദേഹം മോചിതനായി. അപ്പോഴേക്കും 14 വര്‍ഷം ബെഗോവിച്ച് ജയിലറകളില്‍ കഴിച്ചുകൂട്ടിയിരുന്നു. ബോസ്‌നിയന്‍ സംസ്‌കാരത്തിനു നേരെയുള്ള കടന്നാക്രമണത്തെ ദുര്‍ബലമായെങ്കിലും ചെറുക്കുന്നതിനുവേണ്ടി സ്ഥാപിച്ച മുസ്‌ലിം യുവജന സംഘത്തെ തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് സര്‍ക്കാര്‍ നേരിട്ടത്. ബെഗോവിച്ചിന്റെ ആത്മകഥ പീഡനങ്ങളുടെയും ക്രൂരതകളുടെയും കഥകള്‍ സമൂഹത്തിന്റെ മുമ്പില്‍ തുറന്നവതരിപ്പിക്കുന്നുണ്ട്.
1990ല്‍ യുഗോസ്ലാവ്യന്‍ ഫെഡറല്‍ സംവിധാനം തകര്‍ത്തപ്പോള്‍ ക്രൊയേഷ്യ, സ്‌ലൊവേനിയ തുടങ്ങിയ പ്രവിശ്യകള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി. യൂറോപ്യന്‍ യൂനിയന്‍ അവര്‍ക്കു അംഗീകാരവും നല്കി. സ്വതന്ത്ര രാഷ്ട്രപദവി ബോസ്‌നിയക്ക് ന്യായമായും അവകാശപ്പെട്ടതായിരുന്നു. പക്ഷേ അഹസ്‌നിയന്‍ സെര്‍ജും സെര്‍ബിയയിലെ മിലോസെവിച്ച് ഭരണകൂടവും അതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ബോസ്‌നിയ സ്വതന്ത്ര പ്രഖ്യാപനം നടത്തിയതോടെ തലസ്ഥാനമായ സരയോവില്‍ ബോംബ്‌വര്‍ഷം ആരംഭിച്ചു. പ്രതിരോധിക്കാനുള്ള അവകാശം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. സെര്‍ബുകള്‍ക്ക് ബെന്‍ ഗ്രേഡിര്‍നിന്നു പോലും മാരകായുധങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. അതിക്രമികളുടെ കൈയ്യേറ്റങ്ങള്‍ക്കു മുമ്പില്‍ ഭീരുക്കളെപ്പോലെ ഒളിച്ചോടാതെ തന്റെ ഓഫീസുകള്‍ക്കു മുമ്പില്‍ മണല്‍ ചാക്കുകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് പ്രസിഡണ്ട് എന്ന പദവി അദ്ദേഹം അര്‍ഹമാം വിധം കൈയാളി. അപ്പോഴും പല ന്യായങ്ങള്‍ പറഞ്ഞ് യൂറോപ്യന്‍ യൂനിയന്‍ വംശഹത്യയില്‍ ഇടപെടാതെ മാറിനില്ക്കുകയായിരുന്നു. ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് ബെഗോവിച്ച് ഇസ്‌ലാമിക് ബ്രിഗേഡ് എന്ന പോരാളി ഗ്രൂപ്പ് രൂപീകരിച്ചുകൊണ്ട് ശക്തമായ ചെറുത്തുനില്പ് നടത്തുന്നത്. സെര്‍ബുകള്‍ കയ്യടക്കിയ ഭൂമിയുടെ മുപ്പത് ശതമാനവും ഏതാനും ദിവസങ്ങള്‍ക്കകം ഈ ബ്രിഗേഡ് മോചിപ്പിച്ചു. അപ്പോള്‍ മുസ്‌ലിംകള്‍ വിജയിച്ചേക്കുമോ എന്ന ഭയം യൂറോപ്യന്‍ യൂനിയനെ പിടികൂടുകയും സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്തു.
ആയുധ ഉപരോധങ്ങളാലും ഭക്ഷ്യ ക്ഷാമത്താലും പ്രതിസന്ധിയിലായിരുന്ന ബോസ്‌നിയക്ക് പോരാട്ടവുമായി മുന്നോട്ട് പോകാന്‍ പ്രയാസകരമായിരുന്നു. അങ്ങനെ ഡയ്റ്റന്‍ സമാധാന ഉടമ്പടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഡയ്റ്റന്‍ കരാര്‍ പ്രകാരം 51 ശതമാനം ഭൂമി സെര്‍ബുകള്‍ക്കും ബാക്കി ഭൂമി മുസ്‌ലിംകള്‍ക്കും ക്രോട്ടുകള്‍ക്കുമായി വീതിച്ചു നല്കി. ഇതില്‍ പകുതിയും ക്രോട്ടുകള്‍ക്കുള്ളതായിരുന്നു. മുസ്‌ലിംകള്‍ക്കു മൊത്തം ഭൂപ്രദേശത്തിന്റെ കാല്‍ഭാഗം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജനസംഖ്യയാവട്ടെ അമ്പതു ശതമാനത്തോളം മുസ്‌ലിംകളായിരുന്നു. ഈ വിവേചനകൂട്ടുകള്‍ക്കു പുറമെ ബോസ്‌നിയയില്‍ മൂന്ന് പ്രസിഡണ്ടുമാരെ നിശ്ചയിച്ചു. പ്രസിഡന്‍സിയില്‍ മൂന്നു വിഭാഗത്തെയും പ്രതിനിധീകരിച്ച് ഓരോ പ്രതിനിധിയുണ്ട്. മൂന്ന് പേരുടെയും സമ്മതത്തോടെ മാത്രമെ ഏത് തീരുമാനവും എടുക്കാവൂ എന്നാണു ചട്ടം. ബോസ്‌നിയന്‍ സമൂഹത്തിന്റെ പുരോഗതി ഉദ്ദേശിച്ച് സമര്‍പ്പിക്കപ്പെടുന്ന എല്ലാ നിര്‍ദ്ദേശങ്ങളും സെര്‍ബിയന്‍ ക്രോട്ട് പ്രസിഡന്‍സി അംഗങ്ങള്‍ തള്ളിക്കളയുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. ഇതില്‍ മനം മടുത്ത ബെഗോവിച്ച് 2000ല്‍ പ്രസിഡണ്ട് പദവി ഒഴിഞ്ഞു.
ഒരു രാഷ്ട്രത്തെയും ജനതയെയും ഒരു പരിധിയോളം സംരക്ഷിച്ചു നിര്‍ത്താന്‍ തന്റെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്ന സംതൃപ്തിയോടെയാണ് അദ്ദേഹം റബ്ബിങ്കലേക്ക് യാത്രയായത്. 2003 ഒക്‌ടോബര്‍ 19ന് സരയോവില്‍ ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. മികച്ച ഇസ്‌ലാമിക സേവനത്തിനുള്ള 1992ലെ കിംഗ് ഫൈസ്വല്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡിനു ബെഗോവിച്ച് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.