Skip to main content

കിംഗ് ഫൈസല്‍

സുഊദി   അറേബ്യയെ കൈ പിടിച്ചുയര്‍ത്തിയ രാജകുമാരന്‍. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഉഴലുകയായിരുന്ന സഊദി  അറേബ്യയെ തന്റെ നിലപാടുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ച വിപ്ലവചിന്തകനും സാമ്പത്തിക വിദഗ്ധനുമായിരുന്നു കിംഗ് ഫൈസല്‍. 

സഊദിയില്‍ ആധുനികവത്കരണം കൊണ്ടുവന്ന കിംഗ് ഫൈസല്‍ ടെലിവിഷന്‍ പ്രക്ഷേപണവും തുടങ്ങി വിപ്ലവം സൃഷ്ടിച്ചു. തന്റെ രാജ്യത്തെക്കുറിച്ച് കൃത്യമായ ബോധവും അത് എങ്ങനെയായിത്തീരണമെന്ന വ്യക്തമായ ധാരണയും ഉണ്ടായിരുന്ന കിംഗ് ഫൈസല്‍ അതിനു വേണ്ടി തന്റെ എല്ലാ കഴിവുകളും പരിശ്രമങ്ങളും വിനിയോഗിച്ചു.

കിംഗ് അബ്ദുല്‍ അസീസിന്റെ മൂന്നാമത്തെ മകനായി 1906 ഏപ്രില്‍ 14ന് റിയാദിലാണ് ഫൈസല്‍ ജനിച്ചത്. ആറാം വയസ്സില്‍ തന്നെ ഉമ്മയെ നഷ്ടപ്പെട്ട ഫൈസല്‍ പിന്നീട് ഉമ്മയുടെ പിതാവിന്റെ കൂടെയാണ് ചെറുപ്പകാലം കഴിച്ചത്. അദ്ദേഹം ഫൈസലിനെ ഖുര്‍ആനും ഇസ്‌ലാമിക തത്വങ്ങളും പഠിപ്പിച്ചു. ചെറുപ്പത്തിലേ ഉണ്ടായ ഈ പഠനങ്ങള്‍ ഫൈസലിന്റെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയിരുന്നു. 

1919ല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് അതിഥിയായി അബ്ദുല്‍ അസീസ് രാജാവിനെ ക്ഷണിച്ചു. തനിക്ക് പോകാന്‍ കഴിയാത്ത കാരണത്താല്‍ മകന്‍ ഫൈസലിനെയാണ് അദ്ദേഹം പറഞ്ഞയച്ചത്. അതൊരു ചരിത്രപരമായ സന്ദര്‍ശനമായിരുന്നു. അന്നാദ്യമായിട്ടാണ് അറബ് രാജകുടുംബത്തിലുള്ള ഒരാള്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നത്. അതാകട്ടെ, പതിനാലു വയസ്സുകാരനായ ഫൈസലും. അഞ്ച് മാസത്തോളം ആ സന്ദര്‍ശനം നീണ്ടു നിന്നു.

കിംഗ് സഊദിന്റെ തെററായ നയങ്ങളും ധാരണക്കുറവും നിമിത്തം സഊദി അറേബ്യ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്താണ് ഭരണത്തിലേക്കുള്ള ഫൈസലിന്റെ അരങ്ങേററം. സഊദി പണ്ഡിതന്‍മാരും നേതാക്കളും പ്രേരിപ്പിച്ചതിന്റെ ഫലമായി കിംഗ് സഊദ് ഫൈസലിന് വിശാലമായ അധികാരങ്ങളോടെ പ്രധാനമന്ത്രി സ്ഥാനം നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയററുക എന്നതായിരുന്നു ലക്ഷ്യം. 

1958ല്‍ സ്ഥാനമേറെറടുത്ത അദ്ദേഹം ചെലവുകള്‍ വെട്ടിക്കുറച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സഊദുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം 1960ല്‍ സ്ഥാനം രാജിവച്ച ഫൈസല്‍ ഭരണകുടുംബത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ 1962ല്‍ പ്രധാനമന്ത്രിയായി വീണ്ടും അവരോധിക്കപ്പെട്ടു.

പ്രധാനമന്ത്രിയായിട്ടുള്ള ഫൈസലിന്റെ രണ്ടാം വരവ് സഊദിയുടെ ഉണര്‍വിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്പായിരുന്നു. ആധുനികവത്കരണം കൊണ്ടുവന്ന ഫൈസല്‍ ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസരിച്ച് സ്ത്രീ വിദ്യാഭ്യാസം സ്ഥാപിച്ചു. 1963ല്‍ രാജ്യത്തെ ആദ്യ ടെലിവിഷന്‍ പ്രക്ഷേപണം ആരംഭിച്ചു. നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നുവെങ്കിലും മതപരമായ കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തി ആ എതിര്‍പ്പുകളെ ഫൈസല്‍ നയചാതുരിയോടെ മറികടന്നു. 

കിംഗ് സഊദുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് തുടര്‍ക്കഥയായിരുന്നു. എന്നാല്‍ പണ്ഡിതന്‍മാരുടെയും നേതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി കിംഗ് സഊദ് രാജിവച്ചു. അങ്ങനെ 1964 നവംബര്‍ 2ന് ഫൈസല്‍ അധികാരത്തിലേറി. പ്രധാനമന്ത്രി ഫൈസല്‍ കിംഗ് ഫൈസല്‍ ആയിത്തീര്‍ന്നു.

രാജാവായതോടു കൂടി വിശാലമായ അധികാരങ്ങള്‍ കൈവന്ന അദ്ദേഹം പുരോഗമനവും വിപ്ലവകരവുമായ ധാരാളം തീരുമാനങ്ങള്‍ കൈക്കൊണ്ടു. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന സഊദി  രാജകുമാരന്‍മാര്‍ക്ക് സ്വരാജ്യത്ത് തന്നെ പഠനസൗകര്യങ്ങളൊരുക്കി. രാജ്യത്തിന് പ്രത്യേക ഭരണമേഖലയും സേവനമേഖ ലയും നടപ്പില്‍ വരുത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി പഞ്ചവത്സര പദ്ധതിയും അദ്ദേഹം ആവിഷ്‌കരിച്ചു.

സഊദി അറേബ്യയെ വികസനത്തിന്റെയും സമൃദ്ധിയുടെയും ഉത്തുംഗതയിലെത്തിച്ച ഫൈസല്‍ രാജാവ് തന്റെ സഹോദരപുത്രന്റെ കൈകളാലാണ് വധിക്കപ്പെടുന്നത്. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ ഫൈസല്‍ ബിന്‍ മുസൈദ് ഒരു രാജസദസ്സില്‍ വച്ച് വെടിവെക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 1975 മാര്‍ച്ച് 25ന് അദ്ദേഹം വീരചരമം പ്രാപിച്ചു. 1975 ജൂണ്‍ 18ന് ഫൈസല്‍ ബിന്‍ മുസൈദിനെ ഗളച്ഛേദം ചെയ്തു
 

Feedback