Skip to main content

യാസിര്‍ അറഫാത്ത്

ദുരിതപൂര്‍ണമായ ദരിദ്ര ജീവിതത്തില്‍ നിന്ന് ഒരു രാജ്യത്തിന്റെ പ്രഥമ പൗരന്റെ സ്ഥാനത്തേക്കെത്തിയ പോരാട്ടചരിത്രത്തിന്റെ കഥ പറയുന്ന ജീവിതമാണ് ഫലസ്ത്വീനിന്റെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന യാസിര്‍ അറഫാത്തിന്റേത്. ഇസ്രാഈലിന്റെ നിരന്തര ഭീഷണികളും വധശ്രമങ്ങളും അറഫാത്തിലെ പോരാളിയെ തളര്‍ത്തിയില്ല. മറു തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ട് അദ്ദേഹം അതിനെ നേരിട്ടുകൊണ്ടേയിരുന്നു.

തന്റെ പള്ളിയറകളില്‍ പതിയിരുന്നോ വിഷം വച്ചോ ഇസ്രാഈലുകാര്‍ തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരുന്ന അറഫാത്ത് ഒരേ സ്ഥലത്ത് രണ്ടു തവണ ഉറങ്ങുമായിരുന്നില്ല. മൊസാദിന്റെ പ്രധാന ചതിയായുധമാണ് വിഷപ്രയോഗം. ഭക്ഷണത്തിനുള്ളില്‍ അത് പോലെ തന്നെയുള്ള ധാന്യം വച്ചിട്ടാണ് അവരത് ചെയ്യുന്നത്. എന്നാല്‍ അറഫാത്തിനെതിരെ അതും പരാജയമായി.

മുഹമ്മദ് യാസിര്‍ അബ്ദുറഹ്മാന്‍ അബ്ദു റഊഫ് അറഫാത്ത് അല്‍ ഖുദ്‌വ എന്നാണ് അറഫാത്തിന്റെ പൂര്‍ണനാമം. 1929 ആഗസ്ത് 24ന് ഒരു ഫലസ്ത്വീന്‍ കുടുംബത്തില്‍ ഏഴു മക്കളില്‍ ആറാമനായിട്ട് ഈജിപ്തിലെ കെയ്‌റോവിലാണ് യാസിര്‍ അറഫാത്ത് ജനിച്ചത്. ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നു കുടുംബം. ഏഴു മക്കളെ പോററാന്‍ കഴിയാതിരുന്ന അറഫാത്തിന്റെ പിതാവ് അദ്ദേഹത്തെയും സഹോദരന്‍ ഫാത്തിനെയും അവരുടെ ഉമ്മയുടെ കുടുംബത്തിലേക്കയച്ചു. നാലു വര്‍ഷം അവിടെ ചെലവഴിച്ചതിനു ശേഷമാണ് അറഫാത്ത് സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത്. 

1944ല്‍ കിംഗ് ഫുആദ് യൂണിവേഴ്‌സിററിയില്‍ ചേര്‍ന്ന അറഫാത്ത് അവിടെ നിന്ന് ബിരുദവും കരസ്ഥമാക്കി. 1948ല്‍ ഉണ്ടായ അറബ്-ഇസ്രാഈല്‍ യുദ്ധത്തെ തുടര്‍ന്ന് അറഫാത്ത് യൂണിവേഴ്‌സിററിയില്‍ നിന്ന് പുറത്തു ചാടുകയും അറബികളോടൊപ്പം ചേര്‍ന്ന് ഇസ്രാഈലിനെതിരെ പോരാടുകയും ചെയ്തു. അവിടെയായിരുന്നു യാസിര്‍ അറഫാത്തിലെ പോരാളിയുടെ രംഗപ്രവേശം. യാസിര്‍ അറഫാത്തിന്റെ ഏററവും അടുത്ത സുഹൃത്തുക്കളായിരുന്നു അബു ഇയാദും അബു ജിഹാദും. 

ഇവരുടെ തന്ത്രപരമായ കൂടിച്ചേരലുകളാണ് 1956ല്‍ 'ഫതഹ്' പാര്‍ട്ടി രൂപീകരണത്തിന് കാരണമാകുന്നത്. ഇവര്‍ മൂന്നു പേരും കുവൈത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഫലസ്ത്വീനു വേണ്ടി പോരാടിക്കൊണ്ടാണ് 'ഫതഹ്' രൂപീകരിക്കുന്നത്. ഇസ്രാഈലിനെതിരെ പോരാടുന്ന സംഘടനകളെ മുഴുവന്‍ ഫതഹ് സഹായിച്ചുകൊണ്ടിരുന്നു. പോരാട്ടങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നെങ്കിലും അറബ് ഗവണ്‍മെന്റുകളുടെ സഹായം അദ്ദേഹം സ്വീകരിച്ചില്ല. മറിച്ച് ഉയര്‍ന്ന ജോലിക്കാരും ബിസിനസുകാരും എണ്ണക്കമ്പനികളില്‍ സേവനമനുഷ്ഠിക്കുന്നവരുമായ ഫലസ്ത്വീനികളെ അദ്ദേഹം ഈ ലക്ഷ്യത്തിലേക്ക് വേണ്ടി സമീപിച്ചു.

പിന്നീട് നിരന്തരപോരാട്ടങ്ങളുടെ കാലമായിരുന്നു. പി എല്‍ എ, പി എല്‍ ഒ, പി എല്‍ എഫ്, ഐ എന്‍ എഫ് തുടങ്ങിയവയുമായി ചേര്‍ന്ന്  അദ്ദേഹം ഇസ്രാഈലിനെ പ്രകമ്പനം കൊള്ളിച്ചു. അതില്‍ പെട്ട ഏററവും പ്രധാനയുദ്ധമായിരുന്നു 1968ല്‍ നടന്ന കരാമ യുദ്ധം. ഈ യുദ്ധം അറഫാത്തിനെ വീരനായകനാക്കി. യുദ്ധം റിപ്പോര്‍ട്ട് ചെയ്ത ടൈം മാഗസിന്‍ 1968 ഡിസംബര്‍ 13ലെ ലക്കത്തില്‍ അറഫാത്തിനെ കവര്‍ പേജ് ആക്കി. 

ഇതോടെ ലോകം മുഴുവന്‍ അറഫാത്തിലെ പോരാളിയെയും നേതാവിനെയും തിരിച്ചറിഞ്ഞു. 1969ല്‍ 'ഫലസ്ത്വീന്‍ നാഷണല്‍ കൗണ്‍സില്‍' തെരഞ്ഞെടുപ്പില്‍ അദ്ദേഹം ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ദേശീയ രാഷ്ട്രീയ നേതാവായിട്ടുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് അവിടെ തുടക്കം കുറിക്കുകയായിരുന്നു.

പോരാട്ടത്തിനിടയില്‍ ജീവിക്കാന്‍ മറന്ന അദ്ദേഹം 1990ല്‍ തന്റെ 61-ാം വയസ്സിലാണ് വിവാഹിതനാവുന്നത്. ഫലസ്ത്വീന്‍ ക്രിസ്ത്യാനിയായ സുഹ ആയിരുന്നു ജീവിത സഖി. ഈ ബന്ധത്തില്‍ സഹ്‌വ അറഫാത്ത് എന്ന മകളും അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ മരണം വരെ ഈയൊരു ബന്ധം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 2004 ഒക്ടോബറില്‍ ഒരു മീററിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ 'ഫ്‌ളൂ' ബാധിച്ച അദ്ദേഹത്തെ ഫ്രാന്‍സിലെ ക്ലാമാര്‍ട്ട് ആശുപത്രിയിലാണ് ചികിത്സിച്ചത്. അവിടെ വച്ച് നവംബര്‍ മൂന്നിന് അബോധാവസ്ഥയിലേക്ക് വീണ ആ വീര പോരാളി 2004 നവംബര്‍ 11ന് തന്റെ എഴുപത്തിയഞ്ചാം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞു.
 

Feedback