Skip to main content

സ്വലാഹുദ്ദീന്‍ അയ്യൂബി

ഇസ്‌ലാമിന്റെ അജയ്യതയുടെ തെളിവാണ് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. കുര്‍ദ് വംശത്തില്‍പ്പെട്ട ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച സ്വലാഹുദ്ദീന്‍ ബൈതുല്‍മുഖദ്ദസിന്റെ ജേതാവും ഇസ്‌ലാമികലോകത്തിന്റെ സംരക്ഷകനുമായി വളര്‍ന്നുവന്നു.

നൂറുദ്ദീന്‍ സങ്കി, സലാഹുദ്ദീനെ തെരഞ്ഞെടുത്ത് ഈജിപ്തിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പെട്ടെന്ന് മാറ്റമുണ്ടായി. ഖാദി ബഹാഉദ്ദീന്‍ എഴുതുന്നു. ''ഈജിപ്തിലെ ഭരണചക്രം ഏറ്റെടുത്തതോടെ സ്വാലാഹുദ്ദീനില്‍ വമ്പിച്ച മാറ്റമുണ്ടായി. സുഖലോലുപതകളെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. ത്യാഗപൂര്‍ണമായ സൈനിക ജീവിതം തെരഞ്ഞെടുത്തു. ദിനംപ്രതി അതില്‍ പുരോഗതി പ്രാപിച്ചുകൊണ്ടേയിരുന്നു'' (അല്‍മഹാസിന്‍ യൂസുഫിയ 33). 

ലൈ പോള്‍ എഴുതുന്നു.  ''സലാഹുദ്ദീന്‍ തുടക്കം മുതല്‍ക്കേ നന്‍മയുള്ള വ്യക്തിയായിരുന്നു. എന്നാല്‍ അധികാരിയായതോടെ ജീവിതരീതികള്‍ കൂടുതല്‍ പരുക്കനാക്കി. സുഖലോലുപതകള്‍ തീര്‍ത്തും വെടിഞ്ഞു. ഒരു ഇസ്‌ലാമിക ഭരണകൂടം സ്ഥാപിച്ച് നിഷേധികളെ തുരത്താന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. ഒരിക്കലദ്ദേഹം പറഞ്ഞു. അല്ലാഹു എനിക്ക് ഈജിപ്ത് തന്നെങ്കില്‍ ഫലസ്തീനും തരുെമന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' (സ്വലാഹുദ്ദീന്‍ 86, ലൈപോള്‍).

ജിഹാദിനോട് അദമ്യമായ പ്രേമമായിരുന്നു അദ്ദേഹത്തിന്. സദാസമയവും അതിനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഹിത്വീനില്‍ വെച്ചു നടന്ന നിര്‍ണായകമായ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്നു കുരിശ് യോദ്ധാക്കള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. 583 റബീഉല്‍ ആഖിര്‍ 24നു വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പറന്നു. ഹിത്വീന്‍ വിജയത്തിനു ശേഷം സുല്‍ത്താന്‍ അങ്ങേയറ്റം ആഗ്രഹിച്ച ബൈതുല്‍ മുഖദ്ദസിന്റെ വിജയം സമാഗതമായി. ഹിജ്‌റ 583 റജബ് 27ന് സുല്‍ത്താന്‍ ബൈതുല്‍ മുഖദ്ദസില്‍ പ്രവേശിച്ചു. മുഹമ്മദ് റസൂലുല്ലാഹി(സ്വ) മിഅ്‌റാജ് രാത്രിയില്‍ നബിമാര്‍ക്ക് ഇമാമത്ത് നിര്‍വഹിച്ച ഈ പ്രഥമ ഖിബ്‌ല 90 വര്‍ഷങ്ങള്‍ക്കു ശേഷം മുസ്‌ലിംകളുടെ കൈയില്‍ മടങ്ങിയെത്തി. 

സുല്‍ത്താന്‍ ബൈതുല്‍മുഖദ്ദസില്‍ പ്രവേശിച്ച തീയ്യതിയും പ്രവാചകന്‍ മുഹമ്മദ്(സ്വ)യുടെ മിഅ്‌റാജ് നടന്ന തിയ്യതിയും ഒന്നു തന്നെയാണെന്നത് ചരിത്രത്തിലെ സുന്ദരമായ യാദൃച്ഛികതകളിലൊന്നാണ്. ഖുദുസ് വിജയവേളയില്‍ സ്വലാഹുദ്ദീന്‍ കാണിച്ച സമുന്നത സ്വഭാവം ക്രൈസ്തവ വിശ്വാസികളെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അയ്യൂബിയുടെ സഹോദരങ്ങള്‍ ധാരാളം അടിമകളെ മോചിപ്പിച്ചു. അങ്ങനെ വിശുദ്ധ യുദ്ധം അവസാനിച്ചു. 1187ല്‍ ഹിത്വീനില്‍ നടന്ന പോരാട്ടത്തിന് മുമ്പ് ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് ഒരിഞ്ച് ഭൂമിപോലും മുസ്‌ലിംകള്‍ക്കില്ലായിരുന്നു. എന്നാല്‍ 1192ല്‍ റംലയില്‍ വെച്ച് സന്ധി നടന്നപ്പോള്‍ അവിടെയുള്ള ചെറിയൊരു തുരുത്തൊഴിച്ച് ബാക്കിയുള്ള മുഴുവന്‍ രാജ്യവും മുസ്‌ലിംകരങ്ങളിലെത്തി. റോമിലെ മാര്‍പ്പാപ്പയുടെ വിളികേട്ടാണ് ക്രൈസ്തവ ലോകം മുഴുവന്‍ ആയുധമെടുത്ത് ഇറങ്ങിയത്. പക്ഷേ, അവസാനം അവര്‍ക്കു പരാജയം രുചിക്കേണ്ടിവന്നു. ക്രൈസ്തവലോകം ഒന്നടങ്കം സംഘടിച്ചു നേരിട്ടിട്ടും സുല്‍ത്താന്റെ ശക്തിയെ അല്‍പം പോലും സ്പര്‍ശിക്കാന്‍ സാധിച്ചില്ല. 
പാണ്ഡിത്യത്തിലും മുന്‍പന്തിയിലായിരുന്നു സുല്‍ത്താന്‍ അയ്യൂബി. അറേബ്യന്‍ ഗോത്രജ്ഞാനങ്ങളില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തിന് ചരിത്രസംഭവങ്ങളില്‍ നല്ല ഓര്‍മയായിരുന്നു. ഹമാസ കാവ്യങ്ങള്‍ അദ്ദേഹത്തിന് മന:പാഠമായിരുന്നു. പ്രവാചക കുടുംബവുമായി ഒരു ബന്ധവുമില്ലാതെ ഫാത്വിമി എന്ന പേരില്‍ പ്രസിദ്ധമായ അബീദി ഭരണത്തെ നിഷ്‌കാസനം ചെയ്തത് സുല്‍ത്താന്‍ അയ്യൂബിയുടെ മഹത്തായ മറ്റൊരു സേവനമാണ്.

തന്റെ അനുഗൃഹീത കര്‍ത്തവ്യം നിര്‍വഹിച്ച ഇസ്‌ലാമിന്റെ ഈ സത്യസന്ധനായ പോരാളി ഹി.589 സഫര്‍ 27നു ലോകത്തോടു വിടപറഞ്ഞു. 87 വയസ്സായിരുന്നു. മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ ഭരണാധികാരിയായിരുന്ന അദ്ദേഹം അനന്തരസ്വത്തായി ഒരു ദീനാറും 47 ദിര്‍ഹമും മാത്രമാണ് അവശേഷിപ്പിച്ചത്. വീടോ പറമ്പോ തോട്ടമോ കൃഷിയോ ഒന്നുമുണ്ടായിരുന്നില്ല. കടം വാങ്ങിയാണ് മയ്യിത്ത് സംസ്‌കാരം നടത്തിയത്.

References

 
ഇസ്‌ലാമിലെ നവോത്ഥാന നായകന്‍മാര്‍ (അബുല്‍ ഹസന്‍ അലി നദ്‌വി)

Feedback