ദാര്‍ശനികന്‍. ശരിയായ പേര് അഹ്മദുബ്‌നു സഹ്‌ലില്‍ ബല്‍ഖി. 235/849ല്‍ ഖുറാസാനിലെ ബല്‍ഖില്‍ ജനിച്ചു. ഇസ്‌ലാമിക ശരീഅത്ത്, സാഹിത്യം, കല, തത്വശാസ്ത്രം എന്നീ വിജ്ഞാനീയങ്ങളെ സമന്വയിക്കാന്‍ യത്‌നിച്ചു. ധാരാളം സഞ്ചരിച്ചു. ഖുറാസാനിലെ രാജാവിന്റെ സഹായത്തോടെ ഗ്രന്ഥരചനയില്‍ മുഴുകി. തത്വശാസ്ത്രത്തില്‍ അതീവതല്‍പരനായ ബല്‍ഖി സൈദീ മദ്ഹബിന്റെ ശക്തനായ പ്രചാരകനായിരുന്നു. വിജ്ഞാനത്തിന്റെ കേദാരമായ ബഗ്ദാദില്‍ എത്തിച്ചേരുകയും എട്ടുവര്‍ഷം അവിടെ താമസിച്ച് വിദ്യനേടുകയുമുണ്ടായി. ബല്‍ഖിയുടെ അതിരുകടന്ന തത്വശാസ്ത്ര മനനങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്തിക്കൊടുത്ത രാജാവിന് തന്റെ ഇംഗിതം നിറവേറ്റാനായില്ല. ശരീഅത്തിനെ തത്വശാസ്ത്രവല്‍കരിക്കാനായിരുന്നു ബല്‍ഖിയുടെ ശ്രമം. 322/934ല്‍ മരിച്ചു.
ഭൂമിശാസ്ത്രം, വൈദ്യം, ദൈവശാസ്ത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, കവിത, സാഹിത്യം, അറബി വ്യാകരണം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതം, സാമൂഹ്യശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ അറുപതിലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും പത്തില്‍ താഴെ മാത്രമെ ലഭ്യമായിട്ടുള്ളൂ.
അബൂജഅ്ഫര്‍ അല്‍ഖാസിന്‍, അബുല്‍ ഹസന്‍ ആമിരി-നൈസാപൂര്‍, അബൂബക്‌റുര്‍റാസി, അബൂ മുഹമ്മദ് അല്‍വസീരി തുടങ്ങിയ പ്രഗത്ഭര്‍ ഉള്‍പ്പടെ നിരവധി ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്. മതങ്ങള്‍ പൊതുവിലും ഇസ്‌ലാം വിശേഷിച്ചും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമായി. രചനകളില്‍ ചിലത് പണ്ഡിതന്‍മാര്‍ക്കിടയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രാമാണികമായ ഒട്ടേറെ ഹദീസുകള്‍ ബല്‍ഖി തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന് ഇമാം റാസി (മരണം 606) പറഞ്ഞിട്ടുണ്ട്.
കൃതികള്‍: സ്വുവറുല്‍ അഖാലീമില്‍ ഇസ്‌ലാമിയ്യ, അഖ്‌സാമുല്‍ ഉലൂം, ശറാഇഉല്‍ അദ്‌യാന്‍, കിതാബ്ബുസ്സിയാസതില്‍ കബീര്‍, കിതാബുസ്സിയാസതിസ്സ്വഗീര്‍, അല്‍അസ്മാഉ വല്‍കുനാ വല്‍അല്‍ഖാബ്, മാ യസ്വിഹ്ഹു മിന്‍ അഹ്കാമിന്നുജൂം, അഖ്‌സാമു ഉലൂമില്‍ ഫല്‍സഫ, കിതാബുശ്ശത്വ്‌റന്‍ജ്, അദബുസ്സുല്‍ത്വാനി വര്‍റഇയ്യ, കിതാബുല്‍ ഖുറൂദ്, ദാഇമുല്‍ ഖുര്‍ആന്‍.