Skip to main content

മുഹമ്മദ് അസദ്

വിശ്രമമില്ലാത്ത യാത്രക്കാരനായിരുന്ന മുഹമ്മദ് അസദ്. 1900 ജൂലായില്‍ പൗരോഹിത്യ പാരമ്പര്യമുള്ള ഒരു ജൂത കുടുംബത്തില്‍ പോളണ്ടിലെ ലോവില്‍ ജനിച്ചു. മാതാപിതാക്കള്‍ നല്‍കിയ നാമം ലിയോ പോള്‍ഡ് വെയ്‌സ്. ഹിബ്രു-അരമായ ഭാഷകളിലും ജൂതവേദങ്ങളിലും കുട്ടിക്കാലത്തുതന്നെ വ്യുല്‍പത്തി നേടി. പതിനാലാം വയസ്സില്‍ സൈന്യത്തില്‍ ചേരാന്‍ ഒളിച്ചോടിയ മകനെ ബാരിസ്റ്ററായ പിതാവ് കണ്ടെത്തുകയും വിയന്ന സര്‍വകലാശാലയില്‍ ദര്‍ശനവും കലാചരിത്രവും പഠിക്കാന്‍ അയക്കുകയും ചെയ്തു. തന്നെപ്പോലെ മകന്‍ നിയമത്തില്‍ ഉപരിപഠനം നടത്തണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പത്രപ്രവര്‍ത്തകനായി  കാണാന്‍ ആഗ്രഹിച്ചിരുന്നെങ്കെിലും എത്തിപ്പെട്ടത് സിനിമാരംഗത്ത്. എഫ് ഡബ്ലിയു മുന്‍ണോ എന്ന സംവിധായകന്റെ കീഴില്‍ സഹസംവിധായകനും തിരക്കഥാ കൃത്തുമായി പ്രവര്‍ത്തിച്ചു. ഡോക്യുമെന്ററി നിര്‍മാണത്തിനായി മധ്യയൂറോപ്യന്‍ രാജ്യങ്ങളില്‍ സുദീര്‍ഘമായി യാത്ര ചെയ്തു. ഒടുക്കം പത്രപ്രവര്‍ത്തകനായി. വിശ്വപ്രസിദ്ധ പത്രമായ ഫ്രാങ്ക് ഫര്‍ട്ടര്‍ സെയിറ്റൂങ്ങിന്റെ ലേഖകനായി.

1922ലെ വസന്തകാലത്ത് വെയ്‌സിന്നൊരു കത്തുകിട്ടി. അമ്മാവനായ ഡോറയന്‍ ജറൂസലമില്‍ നിന്ന് എഴുതിയതായിരുന്നു അത്. വിശുദ്ധ നഗരം കാണാനുള്ള ക്ഷണമായിരുന്നു അത്. അങ്ങനെ ആ യാത്ര വിശുദ്ധിയിലേക്കുള്ള യാത്രയുടെ തുടക്കമായി. 'ഭൂമിയില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്തൊരു ഭൂമി' എന്ന പ്രചാരണം വിയന്നയിലും മധ്യയൂറോപ്യന്‍ നാടുകളിലും സയണിസ്റ്റ് വാദികള്‍ വ്യാപകായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. ക്രൈസ്തവ ഭീകരത ഏറെക്കണ്ട ജൂതന്മാര്‍ അതില്‍ ആകൃഷ്ടരാകാന്‍ കാലം ഏറെ എടുത്തില്ല. ഒരു സയണിസ്റ്റ് എന്ന നിലക്കായിരുന്നില്ല വെയ്‌സിന്റെ ഖുദ്‌സ് യാത്ര. പക്ഷേ ഖുദ്‌സ് എല്ലാം മാറ്റിമറിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്്‌ലാമിക നാഗരികത ഫലസ്തീന്റെ ഞരമ്പുകളില്‍ തുടിക്കുന്നത് അദ്ദേഹം കണ്ടു. ആ പുണ്യഭൂമിയുടെ ചൈതന്യം ചോര്‍ത്തിക്കളയാനുള്ള നിഗൂഢ ശ്രമങ്ങളെ അദ്ദേഹം മനസ്സിലാക്കി.

ഫ്രാങ്ക് ഫര്‍ട്ടര്‍ സെയ്റ്റിങ്ങിനു വേണ്ടി അദ്ദേഹം യാത്ര തുടര്‍ന്നു. കൈറോ, അമ്മാന്‍, തുര്‍ക്കി, സിറിയ അങ്ങനെ പലതും.

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അലഞ്ഞുതിരിഞ്ഞ അസദ് ഒന്നു രണ്ടു പ്രാവശ്യം ഇന്ത്യയും സന്ദര്‍ശിക്കുകയുണ്ടായി. 1943ല്‍ ഗ്രന്ഥരചനയ്ക്കുവേണ്ടി അദ്ദേഹം കുറച്ചുകാലം കശ്മീരില്‍ താമസിച്ചിരുന്നു. വിശ്വാസത്തിന്റെ തീവ്രാന്വേഷണവുമായി അലഞ്ഞുതിരിയവെ കശ്മീരില്‍ എത്തിപ്പെട്ട വൈക്കം മുഹമ്മദ് ബഷീര്‍, അസദിനെ കണ്ട് പരിചയപ്പെട്ട കഥ തന്റെ ഓര്‍മയുടെ അറകള്‍' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം. 'കുളിച്ച് ആഹാരം കഴിച്ചു. എനിക്ക് മുഹമ്മദ് അസദിനെ പോയി കാണണം. അദ്ദേഹം ആസ്ട്രിയക്കാരനായ ജൂതനായിരുന്നു. ഞാന്‍ പറഞ്ഞില്ലേ, ലിയോ പോള്‍ഡ് വെയ്‌സ്. ഇസ്്‌ലാം മതം സ്വീകരിച്ച് അറേബ്യയില്‍ പോയി അറബി പഠിച്ചു. ഒരു അറബ് സ്ത്രീയെ കല്യാണം കഴിച്ച് കശ്മീരില്‍ വന്ന് ശ്രീനഗറില്‍ താമസിക്കുന്നു. ഹദീസുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജുമ ചെയ്തുകൊണ്ടിരിക്കുകയാണ്. കൂട്ടുകാരനായി കണ്ണുകാണാത്ത ഒരു അറബി പണ്ഡിതനുമുണ്ട്. ഞാന്‍ അവരുടെ കൂടെ അറബി മട്ടിലുള്ള ആഹാരം കഴിച്ചിട്ടുണ്ട്. മുഹമ്മദ് അസദ് 'ഇസ്്‌ലാം ഓണ്‍ ദി ക്രോസ് റോഡ്‌സ്' എന്ന ഗ്രന്ഥവും ഹദീസിന്റെ ഒന്നാം വാല്യവും എനിക്കു തന്നു. ഞാന്‍ അദ്ദേഹത്തെ ഡോക്ടര്‍ എന്നാണ് വിളിച്ചിരുന്നത്. ഫ്രഞ്ചു മട്ടില്‍ കത്രിച്ച താടിയും നീണ്ട മുഖവും സൗന്ദര്യമുള്ള കണ്ണുകളും' (പേജ് 123, 194 ഓര്‍മയുടെ അറകള്‍).

തിരക്കുപിടിച്ച ജീവിതവും യാത്രകളും അതിന്നിടയില്‍ എല്‍സ എന്ന നല്പത്തി ഒന്നുകാരിയെ അദ്ദേഹം വിവാഹം ചെയ്തു. 1926ല്‍ ബര്‍ലിനിലെ ഒരു ഇന്ത്യന്‍ മുസ്്‌ലിം സമൂഹത്തിന്റെ തലവനെ സന്ദര്‍ശിച്ച അദ്ദേഹം ഇസ്്‌ലാം സ്വീകരിച്ചു. ഒട്ടും വൈകാതെ എല്‍സയും ഇസ്്‌ലാം സ്വീകരിച്ചു. പിന്നെയും ഏറെക്കഴിഞ്ഞ് 1935ലാണ് പിതാവ് തന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കുന്നതെന്ന് അസദ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്നിടക്കും യാത്രയായിരുന്നു. കുറെ യൂറോപ്യന്‍ പത്രങ്ങളുടെ ലേഖകനായി അറേബ്യയിലേക്കും ലിബിയയിലേക്കുമൊരു യാത്ര. 1927 മുതല്‍ 32 വരെ ഇത് നീണ്ടു. ഈ യാത്രയില്‍ പ്രഗത്ഭരായ പലരെയും അദ്ദേഹം പരിചയപ്പെട്ടു. സുഊദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍അസീസ് ബിന്‍ സുഊദ്, ഫൈസല്‍ ബ്‌നു അബ്ദുല്‍അസീസ്, ലിബിയന്‍ വിപ്ലവ പോരാളി ഉമര്‍ മുഖ്താര്‍, വിശ്വമഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. അതിന്നിടയ്ക്ക് എല്‍സ മരിച്ചു. പിന്നെ അസദ് ഒരു അറബ് യുവതിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലുണ്ടായ സന്താനമാണ് പ്രമുഖ ചിന്തകനും ആക്ടിവിസ്റ്റുമായ തലാല്‍ അസദ്. മദീനയിലെ താമസക്കാലത്ത് അസദ് ബദവികളുമായി ഇടപഴകുകയും അറബി ഭാഷയിലുള്ള വൈവിധ്യമാര്‍ന്ന അര്‍ഥഭേദങ്ങള്‍ അവരുടെ മൗലിക പരിസരം വെച്ചുകൊണ്ട് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ഖുര്‍ആന്‍ പരിഭാഷ ചെയ്യുമ്പോള്‍ ബദവികളില്‍ നിന്നു നേടിയ അറിവ് അസദിനു നല്ല പ്രയോജനമായിട്ടുണ്ട്.

പിന്നെയും അസദ് യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. ഇക്കാലത്ത് ഇന്ത്യയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ ആദ്യ ഇസ്്‌ലാമിക കൃതി പുറത്തുവരുന്നത്. ഇസ്്‌ലാം അറ്റ് ദ ക്രോസ് റോഡ്‌സ് (ഇസ്്‌ലാം വഴിത്തിരിവില്‍ എന്ന പേരില്‍ ഒ അബു സാഹിബ് വിവര്‍ത്തനം ചെയ്ത കൃതി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). 1934ലാണ് ഇംഗ്ലീഷില്‍ ആദ്യമായി ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്. 1938ല്‍ സ്വഹീഹ് ബുഖാരിയുടെ ആദ്യാധ്യായങ്ങളുടെ പരിഭാഷയും അസദ് പ്രസിദ്ധീകരിച്ചു.

ഇന്ത്യാ വിഭജനത്തെതുടര്‍ന്ന് പാകിസ്താന്‍ രൂപീകൃതമായപ്പോള്‍ ഇസ്്‌ലാമിക പുനര്‍നിര്‍മാണ വിഭാഗത്തിന്റെ തലവനായി അദ്ദേഹം ലാഹോറിലെത്തി. അതിന്നിടയില്‍ അറഫാത്ത് എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നുവെങ്കിലും കൃത്യമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ചര്‍ച്ചയില്‍ അസദ് സജീവമായി പങ്കെടുത്തു. 1952ല്‍ പാകിസ്താന്‍ പ്രതിനിധിയായി അദ്ദേഹം യു എന്നിലെത്തി. പാകിസ്താന്‍ വിദേശകാര്യ മന്ത്രിയും അഹമ്ദിയുമായ സര്‍സഫറുല്ലാഖാനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അസദ് ജോലി രാജിവെച്ചു. ഒരു അമേരിക്കന്‍ നവ മുസ്്‌ലിമായ പോളഹമീദയെ വിവാഹം ചെയ്യാന്‍ അസദ് മുതിര്‍ന്നപ്പോള്‍ വിദേശകാര്യ വകുപ്പ് തടഞ്ഞതായിരുന്നു തുടക്കം. തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കുകയില്ലന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി. അതൊരു അനുഗ്രഹമായി മാറുകയാണുണ്ടായത്. തന്റെ മാസ്റ്റര്‍ പീസായ മക്കയിലേക്കുള്ള പാത രചിക്കുന്നത് അക്കാലത്താണ്. ചരിത്രം കണ്ട ഏറ്റവും നല്ല യാത്രാവിവരണ ഗ്രന്ഥങ്ങളിലൊന്നാണ് മക്കയിലേക്കുള്ള പാത. അസദിന്റെ കണ്ടെത്തലുകളോട് വിയോജിക്കുന്നവര്‍ക്കു പോലും അതിന്റെ രചനാ ശൈലിയുടെ മനോഹാരിത അവഗണിച്ചുതള്ളാന്‍ കഴിയില്ല.

 

Feedback