Skip to main content

ഹദീസിന്റെ സംരക്ഷണം

പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെപ്പിടിച്ചു കൊണ്ടുള്ള ജീവിതമാണ് വഴി പിഴച്ചുപോവാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗം. ദൈവിക ശാസനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പാലിച്ച് ജീവിക്കണമെങ്കില്‍ പരിശുദ്ധ ഖുര്‍ആനോടൊപ്പം ഹദീസുകളും ഒഴിച്ചുകൂടാനാവാത്തതാണ്. അങ്ങനെയെങ്കില്‍ ഖുര്‍ആനെപ്പോലെ ഹദീസും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തതാണെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിച്ചതാണ് (ഖുര്‍ആന്‍ 15:9).

ഖുര്‍ആനിന്റെ സംരക്ഷണം കേവലം അക്ഷരങ്ങളുടെയും പദങ്ങളുടെയും സംരക്ഷണമല്ല. മറിച്ച് ഖുര്‍ആനില്‍ നിന്ന് തെളിഞ്ഞുവരുന്ന മനോഹരമായ ഒരു ജീവിതമുണ്ട്. ആത്മീയതയും ഭൗതികതയും താളലയത്തോടെ സമന്വയിച്ച സന്തുലിത ജീവിതത്തിന് ഊടും പാവും നല്‍കിയത് പ്രവാചകനാണ്. തന്റെ വാക്കും പ്രവൃത്തിയും കൊണ്ട് ദൈവിക ഗ്രന്ഥത്തെയും നിയമത്തെയും വ്യാഖ്യാനിച്ചും വിശദീകരിച്ചുമാണ് അദ്ദേഹം അത് സാധിച്ചത്. പ്രവാചകനെ നേരില്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത ആ സമൂഹത്തിന്റെ ജീവിതമത്രെ ഖുര്‍ആന്‍ വിഭാവന ചെയ്ത യഥാര്‍ഥ ഇസ്‌ലാമിക ജീവിതം. അതിന്റെ സംരക്ഷണത്തിലൂടെ മാത്രമേ ഖുര്‍ആനിന്റെ സംരക്ഷണം അര്‍ഥപൂര്‍ണമാവുകയുള്ളൂ. പ്രവാചകന്റെ മരണശേഷവും അത് നിലനിന്നു. അവര്‍ അത് അടുത്ത തലമുറയിലേക്ക് കൈമാറി. ഈ കൈമാറ്റം തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലേക്ക് വ്യാപിച്ചു. അനുഭവങ്ങളായും വാമൊഴികളായുമാണ് ഇത് കൈമാറ്റം ചെയ്യപ്പെട്ടത്. സുന്നത്ത് സംരക്ഷണത്തിന്റെ ഏറ്റവും സ്വാഭാവികമായ രീതിയായിരുന്നു ഇത്.

ഖുര്‍ആനിന്റെയും ഹദീസിന്റെയും സംരക്ഷണങ്ങള്‍ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ഖുര്‍ആന്‍ ലിഖിത രൂപത്തില്‍ സംരക്ഷിക്കാന്‍ നബി(സ്വ) നേരിട്ട് മേല്‍നോട്ടം വഹിച്ചു എന്നതാണ്. ഹദീസിന്റെ ലിഖിത ക്രോഡീകരണത്തിന് ഇങ്ങനെയൊരു മേല്‍നോട്ടം ഉണ്ടായിരുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. ഖുര്‍ആനിലെ ഓരോ പദവും അല്ലാഹു നിശ്ചയിച്ച ക്രമത്തില്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു. കാരണം ഖുര്‍ആനിലെ പദവും ആശയവും ക്രമവും എല്ലാം ദൈവിക വെളിപാടായിരുന്നു(വഹ്‌യ്). അതിനാല്‍ അത് ആ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. സുന്നത്താകട്ടെ പ്രവാചകന്റെ വാക്കും പ്രവൃത്തിയും മൗനവും ഉള്‍പ്പെടുന്നതാണ്. ഇതില്‍ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ സ്വന്തമായ പദാവലികളില്‍ വിശദീകരിക്കാനേ അനുയായികള്‍ക്ക് കഴിയുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അതിന്റെ അര്‍ഥമോ ആശയമോ ചോര്‍ന്നുപോകാതെ സ്വന്തം പദാവലിയില്‍ ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതില്‍ സ്വഹാബികള്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിരുന്നു.

സ്വഹാബികളില്‍ ഏതാനും പേര്‍ക്ക് മാത്രമേ എഴുത്ത് വശമുണ്ടായിരുന്നുള്ളൂ. കടലാസുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ എല്ലിലും തോലിലും ഇലയിലുമൊക്കെയായിരുന്നു എഴുതിയിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ലഭ്യമായ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ച് യാതൊരു കലര്‍പ്പുമില്ലാതെ ഖുര്‍ആന്‍ എത്രയും വേഗം സംരക്ഷിക്കപ്പെടലായിരുന്നു അടിയന്തര ആവശ്യം. ഖുര്‍ആന്‍ എഴുതിക്കൊണ്ടിരിക്കുന്ന അതേ ആളുകള്‍ തന്നെ ഹദീസ് എഴുതിയാല്‍ ഖുര്‍ആന്‍ അതുമായി കൂടിക്കലരുമോ എന്ന ആശങ്കയും അസ്ഥാനത്തായിരുന്നില്ല. അതിനാല്‍ ഹദീസുകള്‍ എഴുതിവെക്കുന്നത് പ്രവാചകന്‍(സ്വ) തുടക്കത്തില്‍ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തു. ഈ വിലക്ക് പില്‍കാലത്ത് പിന്‍വലിക്കുകയും എഴുതി സൂക്ഷിക്കാന്‍ പലര്‍ക്കും അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ ഹദീസുകള്‍ മന:പാഠമാക്കി സൂക്ഷിക്കുന്നതിനോ അത് വാമൊഴിയായി മറ്റുള്ളവരിലേക്ക് കൈമാറുന്നതിനോ ഈ വിലക്കുകളൊന്നും ബാധകമായിരുന്നില്ല. പ്രവാചകന്‍ അത് പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ ഏറ്റവും മഹത്തായ സേവനമായി സ്വഹാബികള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. സ്വന്തം ജീവനേക്കാള്‍ പ്രവാചകനെയും പ്രവാചകന്‍ ഏര്‍പ്പെട്ട ദൗത്യത്തെയും സ്‌നേഹിച്ചിരുന്ന, പ്രവാചകനെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റാന്‍ അതീവതല്പരായിരുന്ന അനുചരന്മാര്‍ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള അവരുടെ സഹജമായ കഴിവ് ഉപയോഗപ്പെടുത്തി പ്രവാചക വചനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ തുടങ്ങി. ഉമര്‍(റ) പറഞ്ഞു: ''ഞാനോ എന്റെ അയല്‍വാസിയായ അന്‍സാരിയോ ഊഴം വെച്ച് നബിസന്നിധിയില്‍ ഹാജരാകും. ഞാന്‍ ഹാജരാകുന്ന ദിവസം പഠിച്ച ഹദീസുകള്‍ അദ്ദേഹത്തെയും അദ്ദേഹം ഹാജരാകുന്ന ദിവസം പഠിച്ച ഹദീസുകള്‍ എന്നെയും കേള്‍പ്പിക്കും (ബുഖാരി).

ഉപജീവനമാര്‍ഗങ്ങള്‍ പോലും ഉപേക്ഷിച്ച് നബി(സ്വ)യില്‍ നിന്ന് വിജ്ഞാനം നുകരനാനായി പ്രവാചകരോടൊപ്പം സദാ കഴിഞ്ഞു കൂടിയിരുന്ന സ്വഹാബികളായിരുന്നു അബൂഹുറയ്‌റ, അബൂദര്‍റില്‍ ഗിഫാരി, അസ്മാഅ് ബിന്‍തു ഹാമിസതില്‍ അസ്‌ലമി തുടങ്ങിയവര്‍. അഹ്‌ലുസ്സുഫ്ഫ എന്ന പേരിലാണ് അവര്‍ അറിയപ്പെടുന്നത്. നബിചര്യ പഠിക്കാനും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനും പ്രവാചകര്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചിരുന്നു. സൈദുബ്‌നു സാബിത്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബൂദര്‍റ്(റ) തുടങ്ങിയവര്‍ പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: നമ്മില്‍ നിന്ന് ഹദീസ് കേള്‍ക്കുകയും മനഃപാഠമാക്കുകയും എന്നിട്ട് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തവരെ അല്ലാഹു പ്രസന്നവദനരായി നിലനിര്‍ത്തട്ടെ. എത്രയോ ആളുകള്‍ തങ്ങളെക്കാള്‍ ഗ്രാഹ്യതയുള്ളവര്‍ക്ക് വിജ്ഞാനം എത്തിച്ചുകൊടുക്കുന്നവരായുണ്ട്. സ്വയം ജ്ഞാനികളല്ലാതിരിക്കെ വിജ്ഞാനം എത്തിക്കുന്നവരായും എത്രയോ പേരുണ്ട് (തിര്‍മിദി, ഇബ്‌നുമാജ). ''തന്റെ പേരില്‍ വ്യാജം പറയുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ'' എന്ന പ്രവാചകന്റെ മുന്നറിയിപ്പ് ഹദീസ് മന:പാഠമാക്കുന്നതിലും ഉദ്ധരിക്കുന്നതിലും കലര്‍പ്പുകള്‍ കടന്നുകൂടാതിരിക്കാന്‍ സ്വഹാബികളെ പ്രേരിപ്പിച്ചു. അവര്‍ അതില്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തി. ഏകദേശം ഹിജ്‌റ 93 വരെ സ്വഹാബികളുടെ ഈ തലമുറ ഹദീസ് പ്രചാരണത്തില്‍ മുഴുകി. ഈ കാലയളവില്‍ മുആദുബ്‌നു ജബല്‍(റ) യമനിലും, അലി(റ), ഇബ്‌നുമസ്ഊദ്(റ) എന്നിവര്‍ ഇറാഖിലും, അബ്ദുല്ലാഹിബ്‌നു ഉനൈസ്, മസ്‌ലമത്ബ്‌നു മുഹമ്മദ്(റ) എന്നിവര്‍ ഈജിപ്തിലും  ഉബാദത്തുബ്‌നു സ്വാമിത് ഹിംസ്വിലും അബൂമുസല്‍ അഅ്അരി(റ) ബസ്വറയിലും ഹദീസ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. കൂഫയിലെ ഇബ്‌നു മസ്ഊദിന്റെ വിജ്ഞാനസദസ്സ് ഹദീസ് പഠിതാക്കളാല്‍ നിറഞ്ഞു കവിയുമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇപ്രകാരം സ്വഹാബികളുടെ തലമുറ പൂര്‍ണമായും കാലയവനികയില്‍ മറയുന്നതിന് മുമ്പു തന്നെ ഹദീസുകള്‍ പൂര്‍ണമായും അവരുടെ ശിഷ്യന്മാരായ താബിഉകളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. 
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446