Skip to main content

ഹദീസ് സംരക്ഷണം പ്രവാചക വിയോഗാനന്തരം

'പേര്‍ഷ്യയുമായുള്ള യുദ്ധത്തില്‍ പിടിയിലായ തടവുപുള്ളികളുടെ കാര്യത്തില്‍ എന്തുചെയ്യണമെന്ന് തനിക്കറിഞ്ഞുകൂടാ' എന്ന് ഒരിക്കല്‍ ഉമര്‍(റ) പറഞ്ഞു. അപ്പോള്‍ അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ്(റ) പറഞ്ഞു. ''അവരോട് വേദക്കാരോട് അനുവര്‍ത്തിക്കുന്ന നയം തന്നെ സ്വീകരിക്കുക'' എന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഉടനെ ഉമര്‍(റ) അപ്രകാരം ചെയ്യാന്‍ തയ്യാറായി. നബിചര്യ കൈമാറുന്നതിലും അനുവര്‍ത്തിക്കുന്നതിലും സ്വഹാബിവര്യന്മാരുടെ രീതി ഇതായിരുന്നു.

ഒരിക്കല്‍ ഒരു വ്യക്തി ഇംറാന്ബ്‌നു ഹുസൈന്‍(റ)നോട് ഒരു വിഷയത്തില്‍ സംശയം ചോദിച്ചു. അദ്ദേഹം ഹദീസുദ്ധരിച്ച് സംസാരിച്ചു. അപ്പോള്‍ അയാള്‍, ഖുര്‍ആനിലെ തെളിവ് പറയുക, മറ്റൊന്നും പറയേണ്ടതില്ല എന്നു പറഞ്ഞു. അതിന് മറുപടിയായി ഇംറാന്‍ പറഞ്ഞു: ''താങ്കള്‍ ഒരു വിഡ്ഢിയാണ്. ദ്വുഹ്ര്‍ നാലുറക്അത്താണെന്നും അതില്‍ ശബ്ദം താഴ്ത്തികൊണ്ടാണ് പാരായണം ചെയ്യേണ്ടതെന്നും ഖുര്‍ആനില്‍ എവിടെയാണുള്ളതെന്ന് നീ പറയുക''. തുടര്‍ന്നദ്ദേഹം ഇതര നമസ്‌കാരങ്ങളും സകാത്തിന്റെ കണക്കുകളുമെല്ലാം പരാമര്‍ശിച്ചു. അനന്തരം അദ്ദേഹം ചോദിച്ചു: ഇതൊക്കെ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടതായി നീ കാണുന്നുണ്ടോ? ഖുര്‍ആന്‍ അതെല്ലാം സംക്ഷിപ്തമായിട്ടാണ് പ്രസ്താവിച്ചത്. നബി(സ്വ)യുടെ  ചര്യയിലൂടെയാണ് അത് വിശദീകരിക്കപ്പെട്ടത് (അസ്സുന്നത്തു ഖബ്‌ലത്തദ്‌വീന്‍ പേജ് 74).

പ്രവാചകന്‍(സ്വ)യുടെ കാലശേഷവും അവിടുത്തെ ചര്യ പിന്തുടരാന്‍ സ്വഹാബികള്‍ ബദ്ധശ്രദ്ധരായിരുന്നുവെന്ന് ഉപരിസൂചിത സംഭവങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുന്നു. ഹദീസ് സംരക്ഷണാര്‍ഥം മനഃപാഠമാക്കിയ ഹദീസുകള്‍ ലിഖിതരൂപത്തില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കുകയും ചെയ്തു. സമുറത്തുബ്‌നു ജുന്‍ദുബ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), സഅ്ദുബ്‌നുഉബാദ(റ) തുടങ്ങിയവര്‍ ഹദീസുകള്‍ എഴുതി സൂക്ഷിച്ചിരുന്ന പ്രമുഖ സ്വഹാബികളായിരുന്നു. പ്രവാചക ശിഷ്യന്മാരില്‍ കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്തവരില്‍ ഒരാള്‍ അബൂഹുറയ്‌റയാണ്.  

പ്രവാചക ജീവിതത്തെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും സ്വഹാബികളോട് അവരുടെ ശിഷ്യന്മാര്‍ ചോദിക്കുമ്പോള്‍ അതിന്  അവരില്‍ ചിലര്‍ മറുപടി എഴുതി നല്‍കിയിരുന്നു. ആഇശ(റ), അബ്ദുല്ലാഹിബ്‌നു അബീഔഫ്(റ), മുഗീറത്തുബ്‌നുശുഅ്ബ(റ) തുടങ്ങിയവര്‍ ഇങ്ങനെ ഹദീസുകള്‍ എഴുതി നല്‍കിയ സ്വഹാബികളാണ്. 

സ്വഹാബികളുടെ തൊട്ടടുത്ത തലമുറയായ താബിഉകളും ഹദീസ് പ്രചാരണത്തില്‍  വലിയ പങ്കു വഹിച്ചു. സ്വഹാബിമാരില്‍ നിന്ന് ഹദീസ് കേള്‍ക്കാനും നബിചര്യ പഠിക്കാനും അവര്‍ മത്സരബുദ്ധിയോടെ രംഗത്തുണ്ടായിരുന്നു. മസ്ജിദുല്‍ ഹറമിലെ വൈജ്ഞാനിക സദസ്സുകളില്‍ ആയിരക്കണക്കിന് പേര്‍ ഹദീസ് പഠിക്കാന്‍  സന്നിഹിതരായി. സമര്‍ഖന്ത്, ഖുറാസാന്‍ തുടങ്ങിയ വിദൂരദേശങ്ങളില്‍ പോലും ഹദീസ് പഠനം സജീവമായി. അന്നുപക്ഷേ, ഹദീസുകള്‍ ക്രോഡീകൃതമോ രേഖപ്പെടുത്തപ്പെട്ട രൂപത്തിലോ ആയിരുന്നില്ല. 

അമവി ഭരണകാലത്ത് ഖലീഫ ഉമര്‍ബ്‌നുഅബ്ദില്‍ അസീസിന്റെ നിര്‍ദേശപ്രകാരം ഇമാം ഇബ്‌നു ശിഹാബ് സുഹ്‌രിയാണ് (ഹി.58-124) ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത്. ഇമാം മാലിക്കും (ഹി.93-179)നബിചര്യ കുറ്റമറ്റ രീതിയില്‍ രേഖപ്പെടുത്തുന്നതില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചു. ഇമാം മാലിക്കിന്റെ 'മുവത്ത്വഅ്' ആണ് ആദ്യത്തെ ഹദീസ് ഗ്രന്ഥം.

ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മദീനക്കാരനായ ഇമാം മാലിക്കിന്റെ ഹദീസ് ക്രോഡീകരണം നടക്കുന്നത്. അതിനു ശേഷം ഹദീസ് ക്രോഡീകരണ രംഗത്ത് ഏറെ സംഭാവനകളര്‍പ്പിച്ചത് അറേബ്യക്കു പുറത്തുള്ള പണ്ഡിതന്‍മാരാണ്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലാണ് അവയിലേറെയും നടന്നത്. ഇമാം ബുഖാരി (194-250), ഇമാം മുസ്‌ലിം-നൈസാബൂര്‍,ഇറാന്‍(206-261), അബൂദാവൂദ്-സജസ്താന്‍(202-275), തിര്‍മിദി- ഉസ്ബകിസ്താന്‍(209-279), നസാഈ-തുര്‍ക്ക്മാനിസ്താന്‍ (215-303), ഇബ്‌നുമാജ- ഖസ്‌വീന്‍,ഇറാന്‍ (209-273), അഹ്മദ് ബ്‌നു ഹമ്പല്‍-ഖുറാസാന്‍(164-241) എന്നിവരാണ് ഹദീസ് ക്രോഡീകരിച്ച പ്രമുഖ മുഹദ്ദിസുകള്‍.


 

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446