Skip to main content

നബിചര്യയ്ക്ക് ഇസ്‌ലാമിലുള്ള സ്ഥാനം

മനുഷ്യന്റെ ഇഹപര മോക്ഷത്തിനുള്ള ദൈവിക മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യരില്‍ നിന്നു തന്നെ അല്ലാഹു തെരഞ്ഞെടുക്കുന്ന ദൂതന്‍മാര്‍ (റസൂല്‍) മുഖേനയാണ് ഈ സന്ദേശം അവന്‍ മനുഷ്യരിലേക്കെത്തിച്ചു കൊടുത്തത്. ദൈവിക വചനങ്ങളാകുന്ന വേദഗ്രന്ഥങ്ങള്‍ നല്കപ്പെട്ടവരും അല്ലാത്തവരും ദൂതന്‍മാരിലുണ്ട്. അന്തിമ പ്രവാചകന്‍ മുഹമ്മദ് നബിക്ക് അല്ലാഹു ഇറക്കിക്കൊടുത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. അത് ജനങ്ങള്‍ക്കു പഠിപ്പിക്കുകയും ജീവിച്ച് മാതൃക കാണിക്കുകയും ചെയ്ത പ്രവാചകനടപടിക്രമമാണ് നബിചര്യ. ദൈവികമാര്‍ഗദര്‍ശനത്തിന്റെ മാതൃക മനുഷ്യന്മാരായ പ്രവാചകന്മാരിലൂടെ തന്നെ ജനങ്ങള്‍ക്ക് പഠിക്കാന്‍ സാധിച്ചാല്‍ മാത്രമേ അതിന്റെ പ്രയോഗവല്‍ക്കരണവും സാധ്യമാകുകയുള്ളൂ. ദൈവിക വചനവുമായി മാലാഖമാരെ അയക്കാതെ മനുഷ്യരെ പ്രവാചകന്മാരായി നിയോഗിച്ചതിലെ യുക്തി വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.

ലോകത്ത് മനുഷ്യവാസം തുടങ്ങിയ കാലം മുതല്‍ തന്നെ വിവിധ ജനപദങ്ങളില്‍ അനേകായിരം ദൈവദൂതന്മാര്‍ നിയുക്തരായിട്ടുണ്ട്. ''തീര്‍ച്ചയായും ഓരോ സമുദായത്തിനും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്'' (16:36). അല്ലാഹുവിങ്കല്‍ നിന്ന് തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്മാരെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഓരോ ജനവിഭാഗത്തിന്റെയും ബാധ്യതയാണ്. ''അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല.  അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്റെ അടുക്കല്‍ വരികയും എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു'' (4:64).

വിവിധ ജനപദങ്ങളില്‍ നിയുക്തരായ പ്രവാചകന്മാരെ അനുസരിക്കല്‍ അവരുടെയെല്ലാം ബാധ്യതയായിരുന്നു. ഒട്ടേറെ ദൈവദൂതന്മാര്‍ക്ക് വേദഗ്രന്ഥങ്ങള്‍ നല്‍കിയിട്ടില്ലായിരുന്നു. ദൈവിക ആജ്ഞകളും നിരോധങ്ങളും നബിമാര്‍ ജനങ്ങളെ കേള്‍പ്പിക്കുകയും കര്‍മങ്ങളിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തു. നബിമാരുടെ വാക്കുകളും കര്‍മങ്ങളും തെളിവുകളാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. മനുഷ്യവര്‍ഗത്തിലേക്ക് പ്രഥമമായി നിയോഗിക്കപ്പെട്ട നൂഹ്(അ) തന്റെ ജനതയോട് തന്നെ അനുസരിക്കണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹമാകട്ടെ ഒരു വേദഗ്രന്ഥവുമായി വന്നിട്ടില്ല. അദ്ദേഹം സ്വജനതയോട് ഉപദേശിച്ചു. ''അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക'' (26:110). ഹൂദ്, സ്വാലിഹ്, ശുഅയ്ബ് തുടങ്ങിയ ഒട്ടേറെ നബിമാര്‍ അവരുടെ ജനതകളിലേക്ക്് നിയോഗിക്കപ്പെട്ടപ്പോള്‍ വേദഗ്രന്ഥം നല്‍കപ്പെട്ടിരുന്നില്ല. എന്നിട്ടും അവരുടെ ജനങ്ങളോട് തങ്ങളെ അനുസരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. മൂസാ(അ) വേദഗ്രന്ഥം നല്കപ്പെട്ട പ്രവാചകനാണ്. ഫിര്‍ഔനിന്റെ അടുക്കലേക്ക് പ്രബോധന പ്രവര്‍ത്തനങ്ങളുമായി കടന്നുചെല്ലുമ്പോള്‍ മൂസാ നബിയുടെ കൈവശം തൗറാത്ത് ഉണ്ടായിരുന്നില്ല. മൂസാ നബിയുടെ വാക്കുകളും ചര്യയും പ്രമാണവും രേഖയുമായി അല്ലാഹു നിശ്ചയിച്ചതു കൊണ്ടാണ് മൂസാ(അ) യെ അനുസരിക്കാത്തതിന് ആ സമൂഹത്തെ അല്ലാഹു ശിക്ഷിച്ചത്. ചുരുക്കത്തില്‍ നബിമാര്‍ വേദഗ്രന്ഥം ലഭിച്ചവരാകട്ടെ അല്ലാത്തവരാകട്ടെ അവരുടെ ചര്യകള്‍ തങ്ങളുടെ സമൂഹങ്ങള്‍ക്ക് പ്രമാണങ്ങളും രേഖകളുമായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ അന്തിമ വേദഗ്രന്ഥവും ലോകാവസാനംവരെയുള്ള മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനവും ആയതുപോലെ മുഹമ്മദ് നബി അന്ത്യപ്രവാചകനും ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടിയുമാണ്. ഇക്കാര്യം ഒന്നിലേറെ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ''മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടേയും പിതാവല്ല. മറിച്ച് അല്ലാഹുവിന്റെ ദൂതനാണ്; ദൈവദൂതന്മാരില്‍ അവസാനത്തെയാളും. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ് അല്ലാഹു (33:40)''. ''മനുഷ്യര്‍ക്കാകമാനം ദൂതനായിരിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, ഏറെ പേരും അതറിയുന്നില്ല. 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു) എന്നതാണ് ഇസ്‌ലാമിന്റെ മൗലികമായ ആശയം. അല്ലാഹുവിന്റെ ഏകത്വവും (തൗഹീദും) മുഹമ്മദ് നബിയുടെ പ്രവാചകത്വവും (രിസാലത്തും) ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിന്റെ സത്യസാക്ഷ്യം അംഗീകരിക്കുന്നതോടുകൂടി മാത്രമേ ഒരാള്‍ വിശ്വാസിയാവുന്നുള്ളൂ. നബി(സ്വ)യെ അല്ലാഹുവിന്റെ ദൂതനായി അംഗീകരിക്കുന്നതോടുകൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രമാണമായി അംഗീകരിക്കല്‍ നിബന്ധമാണ്. ''മുഹമ്മദുര്‍റസൂലുല്ലാഹ്'' എന്ന സാക്ഷീകരണത്തിന്റെ അനിവാര്യമായ താത്പര്യവും അതാണ്. ''വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ച് കൊടുക്കുക മാത്രമല്ല നബി(സ്വ) ചെയ്തത്. പ്രത്യുത ഖുര്‍ആനിലെ ആജ്ഞകളും നിരോധങ്ങളും നിര്‍ദേശങ്ങളും യാതൊരു പിഴവും കൂടാതെ അവിടുന്ന് തന്റെ വചനങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തു. കര്‍മങ്ങളിലൂടെ അവയുടെ പ്രായോഗികത കാണിച്ചുതരികയും ചെയ്തു. അല്ലാഹു നബി(സ്വ)യെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ''നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ച് തരികയും നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദവും ജ്ഞാനവും പഠിപ്പിച്ചുതരികയും നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചു തരികയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് വഴി (നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെ തന്നെയാകുന്നു ഇതും''(2:151). വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമായി വന്നിട്ടുള്ള നബിചര്യ ഉള്‍ക്കൊള്ളുകയും പകര്‍ത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ പൂര്‍ണാര്‍ഥത്തില്‍ അല്ലാഹുവിനെ അനുസരിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ തൃപ്തിയും സ്‌നേഹവും ലഭിക്കണമെങ്കില്‍ റസൂല്‍(സ്വ)യുടെ ജീവിതചര്യ പിന്തുടരേണ്ടതുണ്ടെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു.

''നബിയേ പറയുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (3:31). വിശുദ്ധ ഖുര്‍ആനിനോടൊപ്പം അതിന്റെ വിവരണങ്ങളായ തിരുദൂതരുടെ ജീവിതചര്യ (സുന്നത്തും) നാം സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്'' (33::21).


ചുരുക്കിപ്പറഞ്ഞാല്‍ വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാമത്തേതും അടിസ്ഥാനപരവുമായ പ്രമാണമാണ്. പ്രവാചകചര്യ (സുന്നത്ത്) ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണവും.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446