മനുഷ്യനെപ്പറ്റിപറയുമ്പോള്‍ റൂഹ്, നഫ്‌സ്, ഖല്‍ബ്, ജിസ്മ് എന്നീ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും കാണാം. ജിസ്മ് (ശരീരം) ഒഴിച്ചുള്ള ഒന്നിനെക്കുറിച്ചും സൂക്ഷ്മവിവരങ്ങള്‍ ഇല്ല എന്നതാണ് സത്യം. റൂഹ് എന്ന വാക്കിന് ആത്മാവ്, ജീവന്‍ എന്നെല്ലാം അര്‍ഥം കല്പിക്കുന്നുണ്ട്. റൂഹിനെ സംബന്ധിച്ച വിശദമായ അറിവ് മനുഷ്യര്‍ക്ക് ലഭ്യമാകുകയില്ല എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക 'ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍പ്പെട്ടതാകുന്നു. അറിവില്‍നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല (17:85).
മനുഷ്യാസ്തിത്വം, മനുഷ്യശരീരം, ബോധമനസ്സ് എന്നീ അര്‍ഥങ്ങളില്‍ നഫ്‌സ് എന്ന പദം ഖുര്‍ആനിലും ഹദീസിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഖല്‍ബ് എന്ന പദത്തിന് ഹൃദയം എന്ന് തര്‍ജമ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും സത്യാസത്യവിവേചനം നടത്തുന്ന മനസ്സ് എന്ന അര്‍ഥത്തിലാണ് ഖല്‍ബ് ഖുര്‍ആനിലും ഹദീസിലും പ്രയോഗിച്ചിട്ടുള്ളതെന്ന് സന്ദര്‍ഭങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
റൂഹ് എന്ന പദം ഖുര്‍ആനില്‍ 19 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. നഫ്‌സിനെ ഉറക്കുവേളയില്‍ മലക്കുകള്‍ ഏറ്റെടുക്കുമെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ഉറക്കത്തെ താല്കാലികമായ ഒരു മരണമായി ചിത്രീകരിച്ചിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും കാണാന്‍ കഴിയും. ''അല്ലാഹു ആത്മാക്കളെ മരണവേളയില്‍ പൂര്‍ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ടവയില്‍ മരണം നടപ്പാക്കുമെന്ന് തീരുമാനിച്ചവയെ പിടിച്ചുവയ്ക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിതസമയം വരെ വിട്ടയക്കുകയുംചെയ്യുന്നു. ചിന്തിക്കുന്നവര്‍ക്ക് അതില്‍ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട് (39:42). ഉറക്കവും മരണവും തമ്മില്‍ സാരമായ സാദൃശ്യമുണ്ട്. അതുകൊണ്ടാണ് ഉറക്കത്തിനും മരണത്തിനും ഉറക്കമെന്ന് ഖുര്‍ആനിലും ഹദീസിലും ധാരാളമായി പ്രയോഗിച്ചിട്ടുള്ളത്.
ഉറങ്ങാന്‍ കിടക്കുംമുമ്പ് നമുക്ക് മരണത്തിന്റെ ഓര്‍മയുണ്ടാക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ റസൂല്‍ (സ) നിര്‍ദേശിച്ചിട്ടുണ്ട്. 'ബിസ്മികല്ലാഹുമ്മ അമൂതു വ അഹ്‌യാ' (നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയുംചെയ്യുന്നു) എന്ന് ചൊല്ലേണ്ടതാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ പ്രാര്‍ഥിക്കാന്‍ റസൂല്‍(സ) പഠിപ്പിച്ച മറ്റൊരു പ്രാര്‍ഥനയിലും ഇതേആശയം ഉള്‍കൊണ്ടിട്ടുണ്ട്. ''അല്ലാഹുവേ, ഉറക്കത്തില്‍ നീ ഏറ്റെടുത്ത എന്റെ ആത്മാവിനെ തിരിച്ചയക്കാതെ അവിടെതന്നെ പിടിച്ചുനിര്‍ത്തുകയാണെങ്കില്‍ നിന്റെ കരുണ അതിനുണ്ടായിരിക്കേണമേ, ഇനി തിരിച്ചയക്കുകയാണെങ്കിലോ നിന്റെ നല്ല അടിമകള്‍ക്ക് നീ നല്‍കുന്ന എല്ലാ സംരക്ഷണങ്ങളും നല്‍കുകയുംചെയ്യേണമേ.'' ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍ നബി(സ) പഠിപ്പിച്ച് തന്ന പ്രാര്‍ഥനയിലും ഉറക്കം ഒരുതരം മരണമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ''നമ്മെ മരിപ്പിച്ചതിന് ശേഷം ജീവിപ്പിച്ച അല്ലാഹുവിന് എല്ലാസ്തുതിയും. ഈ എഴുന്നേല്‍പ്പും അവങ്കലേക്കുതന്നെ'' എന്ന്‌ചൊല്ലി, ഉറക്കമാകുന്ന മരണത്തില്‍നിന്ന് വീണ്ടും ഒരുജീവിതം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ച്‌കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കണമെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്.