അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാകുന്നു എന്ന പ്രഖ്യാപനം ഇസ്‌ലാമിന്റെ അടിസ്ഥാനശിലയാണ്. ഈ പ്രഖ്യാപനത്തിന്റെ ദ്വിതീയ ഭാഗമായ നബിയുടെ ദൗത്യപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഖുര്‍ആനിലും ഹദീസിലും പ്രതിപാദിച്ചിട്ടുള്ള എല്ലാ സംഗതികളെയും യഥാവിധി അംഗീകരിക്കല്‍ ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ) തിരുമേനിയെന്ന് വിശ്വസിക്കല്‍ ഇതിന്റെ ഭാഗമാണ്. ഈ വസ്തുത മുസ്‌ലിം സമൂഹം ഏക കണ്ഠമായി അംഗീകരിച്ചു പോന്നിട്ടുള്ളതാണ്. എന്നാല്‍ മുഹമ്മദ് നബി(സ)യോട് കൂടി പ്രവാചക പരമ്പര അവസാനിക്കുന്നില്ലെന്നും പുതിയ പ്രവാചകന്മാരുടെ നിയോഗമുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കുന്നവര്‍ നബി(സ)യുടെ കാലം മുതല്‍ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് രംഗത്തുള്ള ഇത്തരം രണ്ട് വിഭാഗങ്ങളാണ് ഖാദിയാനികളും ബഹായികളും. ജൂത ക്രൈസ്തവ വിഭാഗങ്ങളുടെ സൃഷ്ടിയായിട്ടുള്ളതാണ് ഈ രണ്ട് വിഭഗങ്ങളും. മിര്‍സാഗുലാം അഹ്മദ് ഖാദിയാനിയുടെ അനുയായികളാണ് ഖാദിയാനികള്‍. ബഹാഇകള്‍, മിര്‍സാഹുസൈന്‍ അലിയുടെ അനുയായികളും.
മുഹമ്മദ് നബി(സ) തിരുമേനി പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നും അദ്ദേഹത്തിന് ശേഷം ഒരു പ്രവാചകന്‍ ആഗതനാവുക എന്നത് സംഭവ്യമേ അല്ല എന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുവചനങ്ങളില്‍ നിന്നും വ്യക്തമാവുന്നു. തിരുനബിയുടെ പ്രബോധക ജീവിതത്തിന്റെ അവസാനത്തോടെ മതം പൂര്‍ത്തിയായിരിക്കുന്നു. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പരിപൂര്‍ണ്ണമായി നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടിരിക്കുന്നു (5:3).
ഇസ്‌ലാം പൂര്‍ണമായി എന്നതുപോലെ മുഹമ്മദ് നബി(സ) അന്തിമപ്രവാചകനാണെന്ന വസ്തുതയും ഖുര്‍ആന്‍ സുതരാം വ്യക്തമാക്കുന്നു. ''മുഹമ്മദ് നിങ്ങളിലൊരു പുരുഷന്റേയും പിതാവല്ല. പക്ഷേ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ഖാത്തമുന്നബിയ്യീനുമാണ് (പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍). അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു (33:40).
'ഖാതം' എന്ന പദത്തിന് അവസാനം എന്ന അര്‍ത്ഥം പറയാവതല്ല എന്നും ഖാതമുന്നബ്ബിയ്യീന്‍ എന്നതിന്റെ വിവക്ഷ സര്‍വ്വശ്രേഷ്ഠനായ പ്രവാചകന്‍ എന്നാണെന്നുമാണ് ചില നിഷേധികളുടെ വാദം. ഖാതം എന്ന പദത്തിന് ഭാഷാ നിഘണ്ടുവില്‍ നല്‍കപ്പെട്ടിട്ടുള്ള അര്‍ത്ഥം പരിശോധിച്ചാല്‍ തന്നെ ശ്രേഷ്ഠന്‍ എന്ന് അര്‍ത്ഥം കല്പിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെടുന്നു. മജ്ദുദ്ദീന്‍ ഫൈറൂസാബാദി രേഖപ്പെടുത്തുന്നു.
ഒരു കാര്യം ഖത്മ് ചെയ്തു എന്ന് പറഞ്ഞാല്‍ അത് അവസാനിപ്പിച്ചു എന്നര്‍ത്ഥമാണ്. എല്ലാ വസ്തുക്കളുടെയും ഖാതം എന്നാല്‍ അന്ത്യം, അവസാനം എന്നര്‍ത്ഥം. ഖാതിമത് എന്ന് പറയുംപോലെ (അല്‍ഖാമൂസുല്‍ മുഹീത്വ് 4/102).
വിഖ്യാത ഖുര്‍ആന്‍ നിഘണ്ടുവായ മുഫ്‌റദാത്തില്‍ ഇമാം റാഗിബ് രേഖപ്പെടുത്തുന്നു: ഖാത്തമുന്നബിയ്യീന്‍ ആയത് കാരണം അവിടുന്ന് പ്രവാചകത്വത്തിന് അവസാനം കുറിച്ചു. അതായത് അവിടുത്തെ ആഗമനത്തോടുകൂടി അത് പൂര്‍ത്തീകരിച്ചു. (അല്‍ മുഫ്‌റദാത്ത് 15:142).
ഭാഷാ നിഘണ്ടുവില്‍ നിന്നെല്ലാം വളരെ വ്യക്തമാവുന്നത് 'ഖാതം' എന്ന പദത്തിന് അവസാനം എന്ന അര്‍ത്ഥമാണുള്ളത് എന്നു തന്നെയാണ്. അതോടൊപ്പം 'ശ്രേഷ്ഠന്‍' എന്ന അര്‍ത്ഥം അതിന് എവിടെയും കാണാന്‍ സാധ്യവുമല്ല.
ഖുര്‍ആനികാശയങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുള്ള മുന്‍കാല പണ്ഡിതന്മാര്‍ ഉപരിസൂചിത സൂക്തത്തിലെ (33:40) ഖാതം എന്ന പദത്തിന് നല്‍കുന്ന വിശദീകരണം നാം ശ്രദ്ധിക്കേണ്ടതാണ്. ''പ്രാവചകത്വത്തെ അവസാനിപ്പിച്ച് അതിന്മേല്‍ സീല്‍വെച്ചു നബി. അദ്ദേഹത്തിന് ശേഷം അന്ത്യനാള്‍ വരെ യാതൊരാള്‍ക്കും ഈ പ്രവാചകത്വം തുറക്കപ്പെടുന്നതല്ല (ത്വബ്‌രി 22:12).
മുഹമ്മദ് നബിക്ക് ശേഷം ഒരു നബിയുമില്ലെന്നതിന് ഈ ആയത്ത് ഖണ്ഡിതരേഖയാണ്. നബിയില്ലെന്നു വരുമ്പോള്‍ റസൂലില്ലെന്ന് പറയേണ്ടതില്ല (ഇബ്‌നുകഥീര്‍ 3:493).
മുഹമ്മദ് നബി(സ) ശ്രേഷ്ഠന്‍ ആണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഖാത്തമുന്നബ്ബിയ്യീന്‍ എന്നതിന് ശ്രേഷ്ഠന്‍ എന്ന് അര്‍ത്ഥം പറയണമെങ്കില്‍ പ്രത്യേകം തെളിവ് വേണം. ഖാതമുന്നബിയ്യീന്‍ എന്നതുകൊണ്ട് അന്തിമ പ്രവാചകന്‍ തന്നെയാണ് ഉദ്ദേശിക്കപ്പെടുന്നത് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും ഭാഷാ പണ്ഡിതരുടെയും അഭിപ്രായങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയും. മുഹമ്മദ് നബി(സ)ക്ക് ശേഷം പ്രവാചകന്മാര്‍ വരാനുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ തല്പര കക്ഷികള്‍ തെളിവായി ഉദ്ധരിക്കാറുള്ളത് ഇതാണ്. “ആഇശ(റ) പറഞ്ഞു. ''തിരുമേനി(സ) ഖാത്തമുന്നബിയ്യീന്‍ ആണെന്ന് പറഞ്ഞുകൊള്ളുവിന്‍, എന്നാല്‍ അദ്ദേഹത്തിന് ശേഷം നബിയില്ലെന്ന് നിങ്ങള്‍ പറയരുത്'
ഈ പ്രസ്താവന ആഇശ(റ)യുടെ അഭിപ്രായമായി ശരിയായ നിവേദന പരമ്പരയോടുകൂടി യാതൊരു ഹദീസ് പണ്ഡിതനും ഉദ്ധരിച്ചിട്ടില്ല. മാത്രമല്ല ഇത് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. അതിനാല്‍ തന്നെ ഇത് ഒട്ടും പരിഗണനീയമല്ല.
''ഉഖ്ബത്ബ്‌നു ആമിര്‍(റ) നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. നബി(സ) പറഞ്ഞു. എനിക്ക് ശേഷം പ്രവാചകനുണ്ടാകുമായിരുന്നെങ്കില്‍ അത് ഖത്താബിന്റെ മകന്‍ ഉമറാകുമായിരുന്നു.'' നബി(സ)ക്ക് ശേഷം ഒരു നബി ഉണ്ടാകുമായിരുന്നെങ്കില്‍ അത് ഉമറാകുമായിരുന്നു. ഉമര്‍ നബിയായില്ല. അതിനാല്‍ തിരുനബിക്ക് ശേഷം പ്രവാചകരില്ല. നബി(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഉപദേശിച്ച പ്രധാന കാര്യം ഖുര്‍ആനും തിരുചര്യയും മുറുകെ പിടിച്ച് ജീവിച്ചാല്‍ മാര്‍ഗഭ്രംശം സംഭവിക്കില്ല എന്നതായിരുന്നു. പിന്നാലെ ഏതെങ്കിലും പ്രവാചകന്റെ ആഗമനമുണ്ടാകുമെന്നതിനെക്കുറിച്ച് ഒരു സൂചനയും നല്‍കിയില്ല. ഖുര്‍ആന്‍ അതിശക്തമായ ഭാഷയില്‍ ചോദിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ ചെയ്തവനെക്കാളും അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കുമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് അവരുടെ നേരെ മലക്കുകള്‍ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ് (എന്ന് മലക്കുകള്‍ പറയും) (6:93).