പ്രവാചകവിശ്വാസത്തിന് സമാന്തരമായി ഹിന്ദു ധര്‍മ്മാനുയായികളില്‍ കാണപ്പെടുന്നതാണ് അവതാരങ്ങളിലൂള്ള വിശ്വാസം. അവതാരപദത്തിന്റെ ധാത്വാര്‍ത്ഥം, താഴോട്ട് വരികയെന്നതാണ്. നാം താഴെ നിന്ന് എന്തായി വികസിക്കണമോ അത് കാണിച്ചുതരാന്‍ ഐശ്വര്യശക്തി പറഞ്ഞയച്ച പുണ്യാത്മക്കളാണ് അവതാരങ്ങള്‍ എന്നാണ് വിശ്വാസം. ധര്‍മ്മം സംസ്ഥാപിക്കുവാനും അധര്‍മ്മം നിര്‍മ്മാര്‍ജനം ചെയ്യാനുമായി ഒരു മഹാപുരുഷന്‍ കടന്നുവരികയെന്ന ആശയം തന്നെയാണ് ഹൈന്ദവ അവതാര സങ്കല്പത്തിന്റെ മര്‍മ്മം. അധര്‍മ നിഷ്‌കാസനവും ധര്‍മ്മത്തിന്റെ സംസ്ഥാപനവുമാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. ഭഗവാന്‍ തന്നെ മനുഷ്യരൂപം പൂണ്ട് ധര്‍മ്മ സംസ്ഥാപകനാവുകയെന്ന ആശയവുമായി ഇസ്‌ലാമിലെ പ്രവാചക വിശ്വാസം അടിസ്ഥാനപരമായി വിയോജിക്കുന്നു. ഭഗവദ്ഗീതയിലെ പ്രസിദ്ധമായ കൃഷ്‌ണോപദേശത്തിന്റെ സാരാംശം ഇപ്രകാരമാണ് ''അര്‍ജ്ജുനാ എപ്പോഴൊക്കെ ധര്‍മ്മത്തിന് വാട്ടവും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ അപ്പോഴൊക്കെ ഞാന്‍ ജന്മമെടുക്കുന്നു. സജ്ജനങ്ങളെ സംരക്ഷിക്കാനും ദുര്‍ജനങ്ങളെ നശിപ്പിക്കാനും ധര്‍മ്മം നിലനിര്‍ത്താനുമായി യുഗംതോറും ഞാന്‍ അവതരിക്കുന്നു'' (ഭഗവദ്ഗീത നാലം അധ്യായം, ശ്ലോകം 7,8).
പദാര്‍ത്ഥാതീതനും പരിശുദ്ധനും ആയ ദൈവം ജഡരൂപം സ്വീകരിച്ച് മനുഷ്യരൂടെയും മൃഗങ്ങളുടേയും സകലവിധ ചാപല്യങ്ങളോടുംകൂടി പ്രത്യക്ഷപ്പെടുകയെന്ന ആശയം ജഗന്നിയന്താവിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണെന്നാണ് ഇസ്‌ലാമികവിശ്വാസം.
സര്‍വ്വശക്തനാണ് ദൈവം. അവന്‍ ഇച്ഛകളെ നിയന്ത്രിക്കാനും ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാനും കഴിവുള്ളവനാണ്. മനുഷ്യര്‍ക്കിടയില്‍ വന്ന് മാതൃകയോഗ്യനായ മനുഷ്യനായി ജീവിച്ച് ഇതുപോലെ നിങ്ങളും ജീവിക്കണമെന്ന് മനുഷ്യരോട് ആജ്ഞാപിക്കാന്‍ സര്‍വ്വശക്തനായ ദൈവത്തിന് സാധ്യമാണ്. എന്നാല്‍ അതുപോലെ ജീവിക്കാന്‍ വികാരങ്ങളുടെ ശമനവും ഇച്ഛകളുടെ പൂര്‍ത്തീകരണവും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കേണ്ട മനുഷ്യന് ഒരിക്കലും സാധ്യമേയല്ല. എന്നാല്‍ വികാരവിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും വ്യഥകളും വേദനകളുമുള്ള മനുഷ്യരായ പ്രവാചകന്മാര്‍ ദൈവികമായ മാര്‍ഗദര്‍ശനത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുമ്പോള്‍ അത് മുഴുവന്‍ മനുഷ്യര്‍ക്കും അനുവര്‍ത്തിക്കാന്‍ കഴിയുംവിധം മാതൃകായോഗ്യമാവുന്നു. ഈ പ്രവാചകന്മാര്‍ ദിവ്യത്വം അവകാശപ്പെടുന്നവരോ ദൈവാംശമുള്ളവരോ അല്ല, മറിച്ച് മാനവിക ഭാവങ്ങളും ദൗര്‍ബല്യങ്ങളും പ്രകൃതിയുമൊക്കെ ഉണ്ടാവുന്നതോടൊപ്പം ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ ഉത്കൃഷ്ടസ്വഭാവത്തിനുടമകളും മാതൃകാധന്യമായ ജീവിതം കാഴ്ചവെക്കുന്നവരുമാണെന്നാണ് ഇസ്‌ലാമിലെ പ്രവാചകത്വ വിശ്വാസം. ഇത് അബദ്ധജഡിലമായ അവതാരസങ്കല്പത്തിന്റെ മുഢവിശ്വാസത്തെ തകര്‍ത്തെറിയുന്നു.