അല്ലാഹു അല്ലാത്ത ഏതെങ്കിലും വസ്തുവിനോ യുക്തിക്കോ ശക്തിക്കോ ആരാധന അര്‍പ്പിക്കുന്നതിനാണ് ശിര്‍ക്ക് എന്നു പറയുന്നത്. ബഹുദൈവ വിശ്വാസത്തില്‍ നിന്നാണ് ബഹുദൈവാരാധന ഉണ്ടാകുന്നത്. ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതും ദൈവത്തിന് പ്രതിരൂപങ്ങളുണ്ടാക്കി പ്രതിഷ്ഠിക്കുന്നതും പ്രത്യക്ഷമായ ശിര്‍ക്കാണ്. ദൈവത്തിൽ ദൃഢമായി വിശ്വസിക്കുകയും ആഗ്രഹ സാഫല്യങ്ങള്‍ക്കുവേണ്ടി മറ്റാരോടെങ്കിലും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതും ശിര്‍ക്കുതന്നെ.
ഏകദൈവ വിശ്വാസം ഉള്‍കൊള്ളുകയും ശിര്‍ക്ക് മഹാപാപമാണെന്ന് മനസ്സിലാക്കുകയും ചെയ്ത് മുസ്‌ലിമായി ജീവിക്കുന്നവരില്‍ പോലും വിവരക്കുറവുകൊണ്ടോ ധാരണപ്പിശകുകൊണ്ടോ ശിര്‍ക്ക് കടന്നുവരാവുന്ന നിരവധി പഴുതുകളുണ്ട്. അല്ലാഹു അല്ലാത്ത മറ്റാരുടെയും പേരില്‍ സത്യം ചെയ്യുകയോ നേര്‍ച്ച നേരുകയോ ചെയ്യുന്നത് ശിര്‍ക്കായിത്തീരുന്നു. ഇങ്ങനെ ശിര്‍ക്കാണ് താന്‍ ചെയ്യുന്നത് എന്നറിയാതെ ശിര്‍ക്കിലെത്തിപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണ്.