Skip to main content

അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ള പേടിയും പ്രതീക്ഷയും

ഐഹിക ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം വിധേയത്വം കാണിക്കാറുണ്ട്. അഭ്യര്‍ഥനയും അപേക്ഷയുമൊക്കെ നടത്താറുണ്ട്. ഭൗതികാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ഇത് അനിവാര്യമാണുതാനും. ഇത് കാര്യകാരണബന്ധങ്ങള്‍ക്കനുസൃതമായിക്കൊണ്ടാണ്. അഥവാ അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്. ഇതിന് ഭൗതിക കാര്യങ്ങള്‍ എന്നു പറയുന്നു. അതുപോലത്തന്നെയാണ് ആശങ്കയും ഭയവും. 
എന്നാല്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി (അഭൗതികമായി) നന്മ ലഭിക്കുവാന്‍ വേണ്ടിയോ തിന്മ തടയപ്പെടാന്‍ വേണ്ടിയോ ചെയ്യുന്ന ഏതു കാര്യവും ആരാധനയായിത്തീരുന്നു. അത് സാക്ഷാല്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ തൗഹീദ് ആയിത്തീരുന്നു. ദൈവമല്ലാത്ത മറ്റാര്‍ക്കു സമര്‍പ്പിക്കുമ്പോഴും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു; അഥവാ ശിര്‍ക്കായി മാറുന്നു. അദൃശ്യമാര്‍ഗത്തിലൂടെ ഉപകാരം ആഗ്രഹിച്ചോ ഉപദ്രവത്തെ ഭയന്നോ ചെയ്യുന്ന കാര്യങ്ങളൊക്കെ ആരാധനയാണ്.
നാം പാമ്പിനെയോ വന്യജീവികളെയോ ഭയപ്പെടുന്നത് കാര്യകാരണ ബന്ധങ്ങള്‍ക്കധീനമായി തികച്ചും ഭൗതികമായ രീതിയിലാണ്. ആ ഭയം ആരാധനയല്ല. എന്നാല്‍ പാമ്പിനെ ഭയന്ന് നാഗപൂജ നടത്തുന്നതും കടലാക്രമണത്തെ പേടിച്ച് കടലമ്മയെ ധ്യാനിക്കുന്നതും ആരാധനയാണ്. ഉപദ്രവ ങ്ങള്‍ നീങ്ങികിട്ടുക എന്നതാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ജലദേവതയോട് പ്രാര്‍ഥിക്കുന്നതും പ്രീണിപ്പിക്കുന്നതും അഭൗതികമാര്‍ഗേണയുള്ള ഗുണ പ്രതീക്ഷയാലാണ്. ഇത് അവയോടുള്ള ആരാധനയാണെന്ന കാര്യത്തില്‍ സംശയമില്ല. 
ആശയോടും ആശങ്കയോടും കൂടി അഭൗതിക മാര്‍ഗത്തില്‍ ചെയ്യുന്ന അര്‍ഥനകളത്രെ പ്രാര്‍ഥന അഥവാ ദുആ. അത് തന്നെയാണ് ആരാധന. വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരെക്കുറിച്ച് അല്ലാഹു  ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''അവര്‍ (പ്രവാചകന്മാര്‍) ആശിച്ചു കൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു'' (21:90). ഈ പ്രാര്‍ഥന ഭൗതികമായ രീതിയിലുള്ള അപേക്ഷയും അഭ്യര്‍ഥനയുമല്ല എന്ന് വ്യക്തമാണ്.
അഭൗതികവും കാര്യകാരണബന്ധങ്ങള്‍ക്കതീതവുമായ കാര്യങ്ങളില്‍ ഉപകാരം നല്‍കാനും ഉപദ്രവം നീക്കാനും കഴിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്നാണ് നാം വിശ്വസിക്കേണ്ടത്. അല്ലാഹു അല്ലാത്ത ശക്തികള്‍ക്കോ, വ്യക്തികള്‍ക്കോ അതിനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കായി മാറുന്നു. ആദൃശ്യമായ വഴിയില്‍ ഭയപ്പെടേണ്ടതും അല്ലാഹുവിനെ മാത്രമാണ്.
 

Feedback