Skip to main content

നമസ്‌കാര സ്ഥലങ്ങള്‍

നമസ്‌കാരത്തിന്റെ സ്വീകാര്യതയ്ക്കാവശ്യമായ കാര്യങ്ങളില്‍ പ്രധാനമാണ് നമസ്‌കാരസ്ഥലം, അഥവാ പള്ളി. എന്നാല്‍ നമസ്‌കരിക്കാന്‍ സമയമായാല്‍ പള്ളിയില്‍ മാത്രമേ അത് നിര്‍വ്വഹിക്കാന്‍ പാടുള്ളൂ എന്നില്ല. ഭൂമിയില്‍ വൃത്തിയുള്ള ഏതുസ്ഥലത്തും നമസ്‌കരിക്കാം.

മറ്റു പ്രവാചകന്മാര്‍ക്കു ലഭിച്ചിട്ടില്ലാത്ത ചില അനുഗ്രഹങ്ങള്‍ അല്ലാഹു തനിക്ക് നല്‍കിയിട്ടുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അവയിലൊന്ന്  ഭൂമിയിലെവിടെ വച്ചും നമസ്‌കരിക്കാനുള്ള  അനുവാദമാണ്. റസൂല്‍(സ്വ) അരുളിയതായി ജാബിര്‍(റ) പറയുന്നു: ''ഭൂമി എനിക്ക് ശുചീകരണത്തിന്നുപയുക്തമായും  നമസ്‌കാരസ്ഥലമായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഏതൊരു മനുഷ്യനു നമസ്‌കാര സമയം വന്നെത്തിയോ അയാള്‍ അതു വന്നെത്തിയ സ്ഥലത്തുവച്ചു നമസ്‌കരിച്ചു കൊള്ളട്ടെ'' (ബുഖാരി, മുസ്‌ലിം).

നമസ്‌കാരത്തിനു പള്ളി അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല; അന്യ നാട്ടിലോ യാത്രയിലോ പ്രത്യേകിച്ചും. ഭൂമിയില്‍ എവിടെ വച്ചും നിര്‍വഹിക്കാം. ചില പ്രത്യേക സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത്  പ്രവാചകന്‍(സ്വ) വിലക്കിയിട്ടുണ്ട്. നബി(സ്വ) അരുളിയതായി അബൂസഈദ്(റ) ഉദ്ധരിക്കുന്നു: ''ഭൂമി മുഴുവനും നമസ്‌കാര സ്ഥലമാകുന്നു;  ശ്മശാനവും കുളിമുറിയും ഒഴികെ.''

നബി(സ്വ) പറഞ്ഞതായി അബൂമര്‍സദ്(റ) ഉദ്ധരിക്കുന്നു: ''നിങ്ങള്‍ ഖബ്‌റുകള്‍ക്കുമേല്‍ നമസ്‌കരിക്കരുത്, ഖബ്‌റുകളിന്മേല്‍ ഇരിക്കുകയുമരുത്.''

വൃത്തികേടുകള്‍ പരിഗണിച്ചായിരിക്കാം കുളിമുറിയില്‍ നമസ്‌കരിക്കരുത് എന്നു പറഞ്ഞത്. അറവുസ്ഥലവും ഒട്ടകപ്പന്തിയും നമസ്‌കരിക്കാനുപയോഗിക്കരുത് എന്നു പറഞ്ഞതും അങ്ങനെത്തന്നെ. മറ്റു സമുദായങ്ങളുടെ ആചാരങ്ങളോട് സാദൃശ്യവും ഖബ്‌റാളികളോടുള്ള അമിതാദരവുമൂലം ശിര്‍ക്കും ഉണ്ടായിത്തീരരുത് എന്ന നിഷ്‌കര്‍ഷമൂലമായിരിക്കാം ഖബ്‌റുകള്‍ക്കുമേല്‍ നമസ്‌കരിക്കുന്നത് നബി(സ്വ) വിലക്കിയത്. ഖബ്‌റുകള്‍ കെട്ടിപ്പൊക്കി പള്ളിയാക്കുന്നതും പള്ളിയുടെ മുന്‍ഭാഗത്തു തന്നെ കെട്ടിപ്പൊക്കിയ ഖബ്‌റുകള്‍ സ്ഥാപിക്കുന്നതും മുസ്‌ലിം സമൂഹം സഗൗരവം ശ്രദ്ധിക്കണം. വിവരമില്ലാത്ത ചിലര്‍ അങ്ങനെ ചെയ്യുമ്പോള്‍ പണ്ഡിതന്മാര്‍ അതു തടഞ്ഞേ പറ്റൂ. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ ദൈവകോപത്തിന്നിരയാകാനുള്ള  ഒരു കാരണം ഇതായിരുന്നു.

ആഇശ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നു: ''ജൂതരുടെയും ക്രൈസ്തവരുടെയും മേല്‍ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്‌റുകള്‍ അവര്‍ ആരാധനാലയങ്ങളാക്കിത്തീര്‍ത്തു. അവര്‍ ചെയ്യുന്നതുപോലെ ചെയ്യുന്നതിനെ പറ്റി താക്കീതു ചെയ്യുകയാണ് നബി(സ്വ)''(ബുഖാരി, മുസ്‌ലിം). ഇപ്രകാരം, പ്രത്യേകമായി നിരോധിക്കപ്പെട്ടതല്ലാത്ത ഏതുസ്ഥലത്തു വച്ചും മുസ്‌ലിംകള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാം.

Feedback