അല്ലാഹു മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി എത്തിച്ചു കൊടുക്കുകയായിരുന്നില്ല. ഒരു പ്രത്യേക തരത്തിലാണ് അതിന്റെ അവതാരണം അല്ലാഹു നിര്‍വഹിച്ചത്. തുടക്കം ഇങ്ങനെയായിരുന്നു. മക്കക്കാര്‍ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്നു വിളിച്ചിരുന്ന നാല്‍പതുകാരനായ മുഹമ്മദ് മക്കയിലെ നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹയില്‍ ഏകാന്തനായി കഴിയുകയായിരുന്നു. ഏകാന്തതയില്‍ കഴിയല്‍ മുഹമ്മദിന്റെ ഒരു ശീലമാകുന്നു. ഹിറാഗുഹയില്‍ ഏകാന്തനായിരിക്കെ ഒരു ദിവസം ജിബ്‌രീല്‍ മലക്ക് മനുഷ്യരൂപത്തില്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് നീ വായിക്കൂ എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു. എനിക്ക് വായിക്കാനറിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തെ അണച്ചുകൂട്ടി ഒന്നമര്‍ത്തി. എന്നിട്ട് വായിക്കാനാവശ്യപ്പെട്ടു. മുഹമ്മദ് മറുപടി ആവര്‍ത്തിച്ചു. മൂന്നു പ്രാവശ്യം ഇങ്ങനെയുണ്ടായി. ജിബ്‌രീല്‍ അല്ലാഹുവിന്റെ വചനങ്ങള്‍ അദ്ദേഹത്തിന് പാരായണം ചെയ്തു കൊടുത്തു. 'അലഖ്' എന്ന അധ്യായത്തിലെ ആദ്യത്തെ അഞ്ചുവചനങ്ങളായിരുന്നു അവ. ''സൃഷ്ടിച്ച നിന്റെ രക്ഷകന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഭ്രൂണത്തില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (96:1-5). മുഹമ്മദിന് നാല്പത് വയസ്സായ സന്ദര്‍ഭത്തിലാണ് ഈ സംഭവം.
ഇത്രയും പാരായണം ചെയ്തു കേള്‍പ്പിച്ച ശേഷം മലക്ക് അപ്രത്യക്ഷനായി. ചകിതനായ മുഹമ്മദ് വീട്ടിലേക്കോടി. ഭാര്യ ഖദീജയോട് പുതപ്പിട്ട് മൂടാന്‍ ആവശ്യപ്പെട്ടു. അവര്‍ ഭര്‍ത്താവിനെ പുതപ്പിച്ചു. ഉറങ്ങി ഉണര്‍ന്നപ്പോള്‍ ആശ്വാസം. അദ്ദേഹം സംഭവിച്ചതെല്ലാം ഖദീജയെ കേള്‍പ്പിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ''ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും കൈവെടിയുകയില്ല. താങ്കള്‍ കുടുംബ ബന്ധം പുലര്‍ത്തുന്നു, വിഷമതകള്‍ സഹിക്കുന്നു, നിരാലംബര്‍ക്ക് അവലംബമായിത്തീരുന്നു, അതിഥികളെ സത്ക്കരിക്കുന്നു, കാല വിപത്തുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു''.
പിന്നീട് ഖദീജ അദ്ദേഹത്തെയും കൂട്ടി വറഖകത്തുബ്‌നു നൗഫലിന്റെ അടുത്തേക്ക് പോയി. അദ്ദേഹം ക്രിസ്തുമത വിശ്വാസിയും പണ്ഡിതനുമായിരുന്നു. വറഖത് ഹിബ്രു ഭാഷയിലേക്ക് വേദഗ്രന്ഥം പകര്‍ത്തിയെഴുതിയിട്ടുണ്ട്. കാഴ്ച നഷ്ടപ്പെട്ട, വയോധികനായ അദ്ദേഹത്തോട് ഖദീജ പറഞ്ഞു. എന്റെ പിതൃവ്യ പുത്രാ. നിങ്ങളുടെ സഹോദര പുത്രന്‍ പറയുന്നത് കേള്‍ക്കൂ. വറഖത്ത് ചോദിച്ചു. 'സഹോദര പുത്രാ. എന്തുണ്ടായി'? പ്രവാചകന്‍ സംഭവങ്ങളെല്ലാം വിവരിച്ചു. ഇതുകേട്ട വറഖത്ത് പറഞ്ഞു. ''അത് മൂസാ(അ)യുടെ അടുത്തേക്ക് അല്ലാഹു അയച്ച ജിബ്‌രീലാകുന്നു. നിന്നെ നിന്റെ ജനത പുറത്താക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍, ഞാനന്നൊരു യുവാവായിരുന്നെങ്കില്‍!'' അപ്പോള്‍ മുഹമ്മദ് ചോദിച്ചു. ''അവരെന്നെ പുറത്താക്കുമോ?'' അദ്ദേഹം പറഞ്ഞു. ''അതേ പുറത്താക്കും നീ കൊണ്ടു വന്നതു പോലെയുള്ളത് കൊണ്ടുവന്നവരൊക്കെ എതിര്‍പ്പു നേരിട്ടുണ്ട്. അന്നു ഞാനുണ്ടായിരുന്നാല്‍ ശക്തമായി നിന്നെ പിന്തുണക്കും''. പക്ഷേ താമസിയാതെ വറഖത്ത് മരണപ്പെട്ടു (ഫത്ഹുല്‍ ബാരി).
മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരണത്തിന്റെ ആദ്യാനുഭവം ഇങ്ങനെയായിരുന്നു. ഇതോടെ മുഹമ്മദുല്‍ അമീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ) ആവുകയായിരുന്നു. പിന്നീട് കുറച്ചു കാലത്തേക്ക് ദിവ്യവചനങ്ങളൊന്നുമിറങ്ങിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പ്രവാചകന്‍ മക്കയിലൂടെ നടക്കുമ്പോള്‍ ആകാശത്തുനിന്നുമൊരു ശബ്ദംകേട്ടു. നോക്കിയപ്പോള്‍ ഹിറാഗുഹയില്‍ കണ്ട മലക്ക്! പ്രവാചകന്‍ ചകിതനായി വീട്ടിലേക്ക് കുതിച്ചു. പുതപ്പിട്ടു മൂടാന്‍ ഖദീജയോടാവശ്യപ്പെട്ടു. ഉടനെ ദിവ്യവചനങ്ങളവതരിച്ചു. 'ഹേ. പുതച്ചുമൂടിയവനേ. എഴുന്നേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കൂ. നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക'' (74:1-5).
പിന്നീട് തുടര്‍ച്ചയായി ദിവ്യബോധനം (വഹ്‌യ്) ലഭിച്ചുകൊണ്ടിരുന്നു. സന്ദര്‍ഭാനുസരണം ദീര്‍ഘവും ഹ്രസ്വവുമായി വചനങ്ങളും അധ്യായങ്ങളും അവതരിച്ചു. പ്രവാചക വിയോഗം വരെയുള്ള 23 വര്‍ഷക്കാലയളവില്‍ അവതരിച്ച ഈ ദിവ്യവചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍.