ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍. ഉമര്‍ ശൈഖ് മീര്‍സായുടെയും ഖുത്‌ലുഗ് നിഗാര്‍ ഖാനത്തിന്റെയും മകനായി 1483ല്‍ ജനനം. 'സിംഹം' എന്നാണ് ബാബര്‍ എന്ന പേരിന്റെ അര്‍ത്ഥം. സഹീറുദ്ദീന്‍ മുഹമ്മദ് യഥാര്‍ഥ നാമം.
പിതാവ് വഴി തിമൂറിന്റെയും മാതാവ് വഴി ചെങ്കിസ്ഖാന്റെയും പരമ്പരയില്‍ വരുന്ന ബാബറില്‍ അവരുടെ രക്തം അലിഞ്ഞുചേരുകയും ചെയ്തിരുന്നു. ഫര്‍ഗാന എന്ന കൊച്ചുപ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന പിതാവ് ഉമര്‍ ശൈഖ് മീര്‍സാ മരിച്ചതോടെ 12 കാരനായ ബാബര്‍ പിന്‍ഗാമിയായി (1483-1530).
ബാല്യ-കൗമാരങ്ങളില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയനായ ഈ കൊച്ചു ഭരണാധികാരിയുടെ ആദ്യകാല ജീവിതം സംഭവ ബഹുലമായിരുന്നു. ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ഫര്‍ഗാന നഷ്ടപ്പെട്ടു. പിന്നീട് കാബൂളിലെത്തി. ജന്മദേശവും സമര്‍ഖന്ദും പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെയാണ് തന്റെ മുന്‍ഗാമി തിമൂര്‍ ജയിച്ചടക്കിയ ഇന്ത്യന്‍ പ്രദേശങ്ങളില്‍ ബാബര്‍ കണ്ണുവെച്ചത്.
ക്ഷയിച്ചുകൊണ്ടിരുന്ന ലോദി ഭരണത്തില്‍ അസംതൃപ്തരായ ചില പ്രാദേശിക നേതാക്കള്‍ വിദേശിയായ ബാബറിനെ ഇന്ത്യയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഗവര്‍ണര്‍ ദൗലത്ത് ഖാന്‍ ലോദിയും മെവാറിലെ രജപുത്ര ഭരണാധികാരി റാണാസംഗയും ബാബര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതൊരു വഞ്ചനയായിരുന്നു. 1526ല്‍ പാനിപ്പറ്റില്‍ വച്ച് ബാബറും ഇബ്‌റാഹീം ലോദിയും ഏറ്റുമുട്ടി. ദൗലത്ത് ഖാനോ റാണയോ ബാബറെ സഹായിച്ചില്ല. പക്ഷേ ലോദി പരാജയപ്പെടുകയും ബാബര്‍ ഡല്‍ഹി പിടിച്ചടക്കുകയും ചെയ്തു. 1526ല്‍ ആയിരുന്നു ഇത്. ഡല്‍ഹിയും ആഗ്രയും ബാബറിന്റെ കൈയില്‍ ഭദ്രമായി. ജന്‍മദേശത്ത് സുസ്ഥിര ഭരണചക്രം തിരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനോട് കിടപിടിക്കുന്ന മറ്റൊരു ദേശത്ത് വിശാലമായ സാമ്രാജ്യമോഹത്തിന് ശിലയിടാന്‍ ബാബറിന് കഴിഞ്ഞു.
1527ല്‍ ആഗ്രക്കടുത്തുള്ള കന്‍വാഹില്‍ വെച്ച് രജപുത്ര വീരനായ സംഗയെ നിലംപരിശാക്കിയതോടെ ഇന്ത്യയില്‍ മുഗള്‍ഭരണം സുസ്ഥിരമാവുകയായിരുന്നു. ലോദിയുടെ മരണത്തോടെ ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ തമ്പടിച്ച അഫ്ഗാന്‍ യുദ്ധപ്രഭുക്കളെ കൂടി 1529ല്‍ തകര്‍ത്തപ്പോള്‍ ബാബര്‍ അജയ്യനുമായി. പടിഞ്ഞാറ് മധ്യേഷ്യയിലെ ഒക്‌സസ് സമുദ്രം മുതല്‍ കിഴക്ക് ബംഗാള്‍ വരെയും വടക്ക് ഹിമാലയം മുതല്‍ തെക്ക് ഗ്വാളിയോര്‍ വരെയുമുള്ള വിശാല സാമ്രാജ്യത്തിനുടമയായി തിമൂറിന്റെ അനന്തരഗാമിയായ ബാബര്‍.
ബാബര്‍ പിന്നീട് അഫ്ഗാനിലേക്ക് മടങ്ങിയിട്ടില്ല. ആഗ്രയില്‍ കൊട്ടാരം പണിത് അവിടെ താമസിച്ചു. 1530 ഡിസംബര്‍ 26ന് അദ്ദേഹം നിര്യാതനായി. കാബൂളില്‍ 26 വര്‍ഷവും ഇന്ത്യയില്‍ നാലുവര്‍ഷവും ഭരണം നടത്തി.
ബാല്യത്തില്‍ തന്നെ ഭരണഭാരം ചുമന്ന ബാബര്‍ ഒരു ഭരണാധികാരി മാത്രമായിരുന്നില്ല. പടത്തലവനും കവിയും എഴുത്തുകാരനും കൈയെഴുത്ത് കലാ നിപുണനുമായിരുന്നു. ബാബറിന്റെ ആത്മകഥ 'തുസ്‌കെ ബാബര്‍' പേര്‍ഷ്യന്‍ സാഹിത്യത്തിലെ ഉത്തമ കൃതികളിലൊന്നാണ്. തുര്‍ക്കി ഭാഷയിലെഴുതിയ കാവ്യസമാഹാരവുമുണ്ട്. 'ഖത്തെ ബാബരി' എന്ന കലിഗ്രാഫി ശൈലിയും ഈ മുഗള്‍രാജാവ് വികസിപ്പിച്ചു.
ഉറച്ച ദൈവവിശ്വാസിയായിരുന്നു ബാബര്‍. ആദ്യകാലത്ത് മദ്യത്തിനടിമയായിരുന്നെങ്കിലും പിന്നീട് പശ്ചാത്തപിച്ച് മടങ്ങി. മതത്തിന്റെപേരിലുള്ള അന്ധവിശ്വാസങ്ങളെ അദ്ദേഹം എതിര്‍ത്തു. ദര്‍ഗയിലേക്കുള്ള തീര്‍ഥാടനം അനിസ്‌ലാമികമാണെന്ന് ബാബര്‍ പറയുന്നുണ്ട് (ബാബര്‍നാമ). 1529ല്‍ അയോധ്യയില്‍ പണിത ബാബരി മസ്ജിദ് ഉള്‍പ്പെടെ നിരവധി മസ്ജിദുകളും ചരിത്രവിശ്രുതമായ സ്മാരകങ്ങളും പണികഴിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍ ബാബര്‍ പള്ളികള്‍ പണിതു. ഇന്നു നിലനില്‍ക്കുന്ന പ്രധാനപ്പെട്ട പള്ളികള്‍ ഇവയാണ്: കാബൂളി ബാഗ് പാനിപ്പത്ത് (1526) ജുമാമസ്ജിദ്, സമ്പല്‍ (1526) ജമാലി കമാലി മസ്ജിദ്, ദല്‍ഹി (1529) പിലഖ്‌ന മസ്ജിദ് (1529).
1529ല്‍ പണികഴിപ്പിച്ച അയോധ്യയിലെ ബാബരി മസ്ജിദ് 1992 ഡിസംബര്‍ 6ന് തീവ്രഹിന്ദുത്വവാദികള്‍ ബലം പ്രയോഗിച്ച് പൊളിച്ചത് ഇന്ത്യയിലെ സമകാല ദുരന്തങ്ങളിലൊന്നാണ്.
തന്റെ ഭരണീയരില്‍ ഭൂരിപക്ഷവും ഹൈന്ദവരായതുകൊണ്ട് തന്നെ ഹിന്ദു വിശ്വാസികളെ ബഹുമാനിക്കുകയും അവര്‍ക്ക് തുല്യനീതി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
ഹുമയൂണ്‍ ബാബറിന്റെ പുത്രനാണ്. നാലുവര്‍ഷം ബാബര്‍ ഇന്ത്യയില്‍ ഭരണം നടത്തി. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ നാം മനസ്സിലാക്കുന്നത് സ്വന്തം കൃതിയായ 'ബാബര്‍നാമ'യില്‍ നിന്നാണ്.