ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തു നിന്ന് 200-400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. ഇന്ത്യയുടെ ഒരു കേന്ദ്രഭരണ പ്രദേശമാണിത്. 32 ചതുരശ്ര കിലോമീറ്റര്‍ വിസ്തിതൃതിയില്‍ മുപ്പതിലധികം ദ്വീപുകളാണ് ഇവിടെയുള്ളത്. വളരെ കുറഞ്ഞ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ദ്വീപുകളില്‍ ഏറ്റവും വലുത് ആന്ദ്രോത്തും ചെറുത് ബിത്രയുമാണ്. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത് ലാത്ത് , കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നിവയാണ് ജനവാസമുള്ള പ്രധാന സ്ഥലങ്ങള്‍. തലസ്ഥാനം 'കവരത്തി' ദ്വീപാണ്.
കേരളത്തിലെ ജനങ്ങളുമായി ഏറെ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് വാസികള്‍. ഓദ്യോഗിക ഭാഷ മലയാളമാണ്. മലയാളത്തിന്‍റെ ലക്ഷദ്വീപ് പതിപ്പായ 'ജസരി' ഭാഷയാണ് കൂടുതലും ഉപയോഗിക്കപ്പെടൂന്നത്. മിനിക്കോയി ദ്വീപില്‍ സമീപരാജ്യമായ മാലിദ്വീപിലെ ഭാഷയോട് സാമ്യമുള്ള 'മഹല്‍' ഭാഷയാണ് സംസാരിക്കപ്പെടുന്നത്. എഴുപതിനായിരത്തിനടുത്തുള്ള ജനസംഖ്യയില്‍ 90 ശതമാനത്തിലേറെയും മുസ്‌ലിംകളാണ്.
പ്രാധാന കാര്‍ഷിക വിള തെങ്ങും വരുമാന മാര്‍ഗം മത്സ്യബന്ധനവുമാണ്. ബേപ്പൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ദ്വീപിലേക്ക് യാത്രാ കപ്പലുണ്ട്. കൂടാതെ കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗവും ദ്വീപിലെത്താന്‍ കഴിയും. ദ്വീപിലുള്ള ഹെലികോപ്പ്റ്റര്‍ ഉപയോഗിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ എറണാകുളത്തെ ഹോസ്പിറ്റലിലേക്ക് എത്തിക്കാറുണ്ട്.
മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ലക്ഷദ്വീപിനെക്കുറിച്ചുള്ള ചരിത്രകൃതികള്‍ കുറവാണ്. വാമൊഴിയായി പ്രചരിക്കുന്ന പല കഥകളുമാണ് കൂടുതലും. അറബിക്കടലിലെ മര്‍മപ്രധാനമായ ഭാഗത്താണ് ലക്ഷദ്വീപിന്‍റെ സ്ഥാനമെന്നതിനാല്‍ അറബികളും മലബാര്‍ ലക്ഷ്യമാക്കി വന്നിരുന്ന വ്യാപാരികളും ഇടത്താവളമായി ലക്ഷദ്വീപിനെ ഉപയോഗിച്ചിരുന്നു. അറബ് സഞ്ചാരികളുടെ കൃതികളില്‍ ലക്ഷദ്വീപിനെ 'ദ്വിവിസ്' ,'ദിബജാഅ' എന്നിങ്ങനെ പരാമര്‍ശിച്ചത് കാണാന്‍ കഴിയും.
ദ്വീപില്‍ ജനവാസം ആരംഭിച്ചതുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. ചേരമാന്‍ രാജാവിന്‍റെ ഭരണകാലത്താണ് ദ്വീപിലേക്ക് കുടിയേറ്റം ആരംഭിച്ചതെന്ന അഭിപ്രായം ഇതില്‍ പ്രധാനമാണ്. മറ്റൊന്ന് പ്രവാചകനെ കാണുവാന്‍ വേണ്ടി അറേബ്യയിലേക്ക് യാത്ര പോയ ചേരമാന്‍ പെരുമാള്‍ രാജാവിനെ തേടിപ്പോയവരുടെ കപ്പല്‍ തകര്‍ന്നാണ് കുടിയേറ്റം ആരംഭിച്ചത് എന്നതാണ്. ഇവക്കെല്ലാം ചരിത്രപരമായ അടിത്തറ കുറവാണ്. ഇസ്‌ലാം മതപ്രചാരകനായ ഉബൈദുള്ള എന്ന വ്യക്തിയിലൂടെയാണ് ലക്ഷദ്വീപിലേക്ക് ഇസ്‌ലാം കടന്നുവന്നത് എന്ന് പറയപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്ക് കടന്നുവന്നതോടെ ലക്ഷദ്വീപിന്‍റെ പ്രാധാന്യം മനസ്സിലാക്കി ലക്ഷദ്വീപിലും അവര്‍ ആധിപത്യം സ്ഥാപിച്ചു. അതുവരെ ദ്വീപ് കോലത്തിരി രാജാക്കന്മാര്‍ക്ക് കീഴില്‍ മമ്മാലികള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന രാജപ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരുന്നു. പോര്‍ച്ചിഗീസുകാരുടെ ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ചിറക്കല്‍ രാജാവിന്‍റെ സഹായത്തോടെ പോര്‍ച്ചിഗീസുകാരെ കീഴടക്കി. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ വലിയ സൈന്യത്തെ അയച്ച് വീണ്ടും ഭരണം പിടിച്ചെടുത്തു. പതിനാറാം നൂറ്റാണ്ടോടെ കണ്ണൂര്‍ ആലിരാജയും 1800 കളില്‍ അറക്കല്‍ രാജവംശവും ദ്വീപില്‍ ഭരണം നടത്തി. 1875 ല്‍ അറക്കല്‍ ബീവിയുടെ അടുക്കല്‍ നിന്ന് ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി. പിന്നീട് 1956ല്‍ ദ്വീപുകളെ ഇന്ത്യ കേന്ദ്രഭരണപ്രദേശമാക്കി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം, ഇന്ത്യയിലെ ഏറ്റവും ക്രമസാമാധാനം നിറഞ്ഞ ഭൂപ്രദേശം, ക്രിമിനല്‍ കേസുകളും കള്ളന്മാരും മദ്യവുമില്ലാത്ത ഇടം, പാമ്പും കാക്കയും നായയുമില്ലാത്ത സ്ഥലം എന്നിവ ലക്ഷദ്വീപിന്‍റെ പ്രത്യേകതകളാണ്. കൂടാതെ ഉയര്‍ന്ന സാക്ഷരതാ നിരക്കുമുണ്ടിവിടെ.
കേന്ദ്ര ഗവണ്‍മെന്‍റ് നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാരാണ് പ്രധാനമായും ഭരണകാര്യങ്ങളുടെ നേതൃത്വം. നിലവില്‍ പ്രഫുല്‍ ഘോട പട്ടേലാണ് (2021) അഡ്മിനിസ്ട്രേറ്റര്‍. ലക്ഷദ്വീപ് നിവാസികളുടെ സാംസ്കാരികത്തനിമയും സ്വൈര്യജീവിതവും തകര്‍ക്കുന്ന രൂപത്തിലേക്ക് ഇദ്ദേഹം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.