Skip to main content

അസ്ഗര്‍അലി എന്‍ജിനീയര്‍

ബോറ സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അതിന് കാര്‍മികത്വം വഹിക്കുന്ന പൗരോഹിത്യത്തിനുമെതിരെ വാക്കും മഷിയും പ്രയോഗിച്ച പരിഷ്‌കര്‍ത്താവായിരുന്നു അസ്ഗര്‍അലി എഞ്ചിനീയര്‍. 

ഇസ്‌ലാമിനെയും ഇന്ത്യന്‍ മുസ്‌ലിംകളെയും സാമുദായിക പ്രശ്‌നങ്ങളെയും വിഷയമാക്കിയ എഞ്ചിനീയര്‍ സാമുദായിക സൗഹാര്‍ദത്തിനുവേണ്ടി സുധീരം വാദിച്ചു. ബോറ സമുദായത്തിലെ പുരോഹിതനായിരുന്ന ശെയ്ഖ് ഖുര്‍ബാന്‍ ഹുസൈന്റെ മകനായി 1940 മാര്‍ച്ച് 10ന് മുംബൈയില്‍ ജനിച്ചു. സിവില്‍ എഞ്ചിനിയറിങ്് ബിരുദധാരി. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ഗുജറാത്തി, അറബി, ഉറുദു ഭാഷകളില്‍ വ്യുല്പത്തി നേടി. ഖുര്‍ആന്‍ തഫ്‌സീര്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയില്‍ അവഗാഹം സിദ്ധിച്ച എന്‍ജിനീയര്‍ പാശ്ചാത്യ ദര്‍ശനങ്ങളും മാര്‍ക്‌സിയന്‍ ചിന്തകളും ആഴത്തില്‍ പഠിക്കുകയും ചെയ്തു. 

അസ്ഗര്‍അലി കൗമാര പ്രായക്കാരനായിരുന്നു അന്ന്. ആയിടക്ക് അവരുടെ വീട്ടിലേക്ക് ദാവൂദി ബോറ വിഭാഗത്തിലെ സയ്യിദ് അതിഥിയായെത്തി. ബഹുമനാദരവിനപ്പുറം, ആരാധനയോളമെത്തിയിരുന്നു സയ്യിദിനോടുള്ള പെരുമാറ്റം. സയ്യിദിന് മുമ്പില്‍ സാഷ്ടാംഗം നമിക്കുന്ന ആചാരവുമുണ്ടായിരുന്നു അവര്‍ക്കിടയില്‍.

വീട്ടിലുണ്ടായിരുന്നവരെല്ലാം സുജുദ് ചെയ്തു. അസ്ഗര്‍അലിയോടും അങ്ങനെ ചെയ്യാന്‍ പിതാവ് കല്പിച്ചു. എന്നാല്‍ അവന്‍ വിസ്സമ്മതിച്ചു. നിര്‍ബന്ധം കടുത്തപ്പോള്‍ അവന്‍ നിലപാട് വ്യക്തമാക്കി: ഞാന്‍ അല്ലാഹുവിനു മുമ്പില്‍ മാത്രമേ സുജൂദ് ചെയ്യൂ.

ഇസ്‌ലാമിക പഠനത്തിനായി മുംബൈ കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അസ്ഗര്‍അലി പ്രമുഖ ഇന്ത്യന്‍ ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരാനായിരുന്നു. 50ലേറെ കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. 'സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങള്‍' എന്ന കൃതി ഇതില്‍ ശ്രദ്ധേയമായത് വര്‍ഗീയ കലാപങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനമെന്ന നിലയിലാണ്. ദി ഇസ്‌ലാമിക് സ്റ്റേറ്റ്, ദി ഒറിജിന്‍ ആന്റ് ഡെവലപ്‌മെന്റ് ഓഫ് ഇസ്‌ലാം തുടങ്ങിയവയും പ്രമുഖ രചനകളില്‍ പെടും. എന്‍ജിനീയറുടെ ഇന്ത്യന്‍ മുസ്‌ലിമിന്റെ സ്വതന്ത്ര ചിന്തകള്‍ തുടങ്ങി ഏതാനും പുസ്തകങ്ങള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചിന്തയിലും ആവിഷ്‌കാരത്തിലും പുലര്‍ത്തിയ ഇടതുപക്ഷ ചായ്‌വും മതമൗലികതാ വാദത്തെ ശക്തിയുക്തം എതിര്‍ക്കുന്ന നിലപാടും മുസ്‌ലിംകളിലെ വലിയൊരു വിഭാഗത്തിന് എന്‍ജിനീയറെ അനഭിമതനാക്കി.  അനാചാരങ്ങളോട് പൊരുതിയതിനാല്‍ സ്വസമുദായമായ ദാവൂദിബോറയും ഇദ്ദേഹത്തെ പ്രതിയോഗിയാക്കി. എങ്കിലും സാമുദായിക സൗഹാര്‍ദത്തിനായി വാദിച്ച അദ്ദേഹത്തെ പൊതുസമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. വിവിധ അംഗീകാരങ്ങള്‍ക്കൊപ്പം കൊല്‍ക്കത്ത സര്‍വകലാശാല ഡി.ലിറ്റ് നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

2013 മെയ് 14ന് അദ്ദേഹം നിര്യാതനായി.


 

Feedback