Skip to main content

ഇബ്‌നു ഇസ്ഹാഖ്

മുഹമ്മദ് നബി(സ്വ)യുടെ ആദ്യത്തെ ജീവിതചരിത്രം തയ്യാറാക്കിയ ചരിത്രപണ്ഡിതനും ഹദീസ് വിശാരദനുമാണ് ഇബ്‌നു ഇസ്ഹാഖ്. ഇബ്‌നു യസാര്‍ എന്നാണ് യഥാര്‍ഥ നാമം. അബൂബക്ര്‍ എന്ന് വിളിപ്പേരുമുണ്ട്. 

ക്രി.വ 704(ഹി.85)ല്‍ മദീനയില്‍ ജനനം. പിതാമഹന്‍ യസാര്‍ ഇറാഖിലാണ് താമസിച്ചിരുന്നത്. അവിടെ വെച്ച് ഖാലിദുബ്‌നുല്‍ വലീദിന്റെ സൈന്യം അദ്ദേഹത്തെ ബന്ദിയാക്കി മദീനയില്‍ കൊണ്ടുവന്നു. ഇസ്‌ലാം സ്വീകരിച്ച് മദീനയില്‍ സ്ഥിരമാക്കി. ഇവിടെ വെച്ചാണ് ഇബ്‌നു ഇസ്ഹാഖ് പിറക്കുന്നത്. 

മദീനയിലെ പ്രമുഖ താബിഉകളില്‍ നിന്ന് ഹദീസില്‍ വ്യുല്പത്തി നേടിയ ഇബ്‌നു ഇസ്ഹാഖ് 30-ാം വയസ്സില്‍ അലക്‌സാണ്ട്രിയയിലേക്ക് പോയി. അവിടെയും ഹദീസ് പഠനത്തില്‍ മുഴുകി. എന്നാല്‍ പ്രവാചകന്റെ ചരിത്രം ശേഖരിക്കുന്നതിലായിരുന്നു കൂടുതല്‍ താല്പര്യം കാണിച്ചത്. കൂഫ, ജസീറ, റയ്യ് എന്നിവിടങ്ങളില്‍ താമസിച്ച് കൂടുതല്‍ രേഖകള്‍ സമ്പാദിച്ച അദ്ദേഹം ഒടുവില്‍ ഖലീഫ മന്‍സൂറിന്റെ അഭ്യര്‍ഥനപ്രകാരം ബഗ്ദാദില്‍ സ്ഥിരതാമസമാക്കി. ഖലീഫയുടെ നിര്‍ബ്ബന്ധപ്രകാരം തന്നെയായിരുന്നു പ്രവാചക ചരിത്രഗ്രന്ഥമായ 'സീറത്തു റസൂലില്ലാഹി'യുടെ രചനയും. പ്രവാചക ചരിത്രത്തിലെ എക്കാലത്തെയും ആധികാരിക കൃതി കൂടിയാണ് ഇത്.

ഹദീസ് നിവേദനത്തിലും വിശ്വാസ യോഗ്യത തെളിയിച്ച പണ്ഡിതനാണ് ഇബ്‌നു ഇസ്ഹാഖ്. ഇമാം മുസ്‌ലിം, അബൂദാവൂദ്, തുര്‍മുദീ, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഇബ്‌നു ഇസ്ഹാഖില്‍ നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. 

പ്രസിദ്ധ സ്വഹാബി അനസ്ബ്‌നു മാലികിനെ നേരില്‍ കണ്ടിട്ടുണ്ട് ഇബ്‌നു ഇസ്ഹാഖ്. ഖാസിമുബ്‌നു മുഹമ്മദ്, അബാബ്ബ്‌നു ഉസ്മാന്‍, മുഹമ്മദ് ബ്‌നു അലിയ്യിബ്‌നില്‍ ഹസന്‍, നാഫിഅ് മൗലാ അബ്ദില്ലാഹിബ്‌നി ഉമര്‍ തുടങ്ങിയ പ്രമുഖര്‍ ഇബ്‌നു ഇഹ്ഹാഖിന്റെ ഗുരുനാഥന്‍മാരില്‍ ചിലരാണ്. 

മദീന, ബഗ്ദാദ് എന്നിവിടങ്ങളിലായി നിരവധി ശിഷ്യന്‍മാരും ഈ ഹദീസ് ചരിത്ര പണ്ഡിതനുണ്ട്. യസീദ് ബ്‌നു അബീ ഹബീബ്, ശുഅ്ബ, സൗരീ, അബൂ അവാന, ഇബ്‌നു ഇദ്‌രീസ് തുടങ്ങിയവര്‍ ഇവരില്‍പെടുന്നു.

ക്രി.വ 770 (ഹി.152)ല്‍ ബഗ്ദാദിലായിരുന്നു ഇബ്‌നു ഇസ്ഹാഖിന്റെ മരണം.

Feedback