ആധുനിക ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക് ദിശാബോധം നല്‍കിയ പ്രതിഭാധനരില്‍ പ്രമുഖനാണ് സയ്യിദ് റശിദ് രിദാ ബ്‌നു മുഹമ്മദ് ശംസുദ്ദീന്‍.
ഹിജ്‌റ 1282ല്‍ (1865ല്‍) ലബനാനിലെ ത്വറാബല്‍സിലെ ഖലമൂന്‍ പട്ടണത്തില്‍ ജനിച്ചു. ഇസ്‌ലാമിക പാരമ്പര്യവും വൈജ്ഞാനിക രംഗത്ത് പ്രശസ്തിയുമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. തന്മൂലം ഇസ്‌ലാമിക ചുറ്റുപാടില്‍ വളരാന്‍ സാധിച്ചു. സ്വന്തം ഗ്രാമത്തില്‍വെച്ച് തന്നെ പ്രാഥമിക മതപഠനങ്ങള്‍ നടത്തി. തുടര്‍ന്ന് ത്വറാബല്‍സിലെ അല്‍മദ്‌റസതുല്‍ വത്വനിയ്യ അല്‍ ഇസ്‌ലാമിയ്യയിലും ബൈറൂത്തിലും പഠിച്ച അദ്ദേഹം ഖുര്‍ആന്‍ ഹദീസ്, അറബി, ഫിഖ്ഹ് എന്നിവ പഠിച്ചു. അല്‍ആലിമിയ്യ ബിരുദം നേടി. ഈജിപ്തിലെ അല്‍അസ്ഹറില്‍ നിന്ന് തത്തുല്യ ബിരുദവും നേടി.
വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഗ്രന്ഥമാണ് ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍. പില്‍ക്കാലത്ത് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യയും ജമാലുദ്ദീന്‍ അഫ്ഗാനിയുമായിരുന്നു.
1892ല്‍ തന്റെ ഇരുപത്തി എട്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ ചിന്തയിലും സമീപനത്തിലും ഗണ്യമായ മാറ്റം വന്നു. പിതാവിന്റെ പഴയഗ്രന്ഥ ശേഖരം പരതുന്നതിന്നിടയില്‍ അല്‍ഉര്‍വതുല്‍വുസ്ഖായുടെ ഏതാനും പഴയ ലക്കങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയും പ്രിയ ശിഷ്യന്‍ മുഹമ്മദ് അബ്ദുവും പാരിസില്‍ നിന്ന് പ്രസിദ്ധീകരിച്ചതായിരുന്നു അവ. 1884ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഉര്‍വതുല്‍വുസ്ഖ പതിനെട്ടു ലക്കങ്ങള്‍ക്കുശേഷം നിലച്ചുപോയെങ്കിലും ഇസ്‌ലാമിക ചിന്താരംഗത്ത് അത് സൃഷ്ടിച്ച ചലനങ്ങള്‍ സീമാതീതമായിരുന്നു. ലഭ്യമായ മാസികയുടെ ലക്കങ്ങള്‍ വായിച്ചപ്പോള്‍ തന്നെ റശീദ് രിദയുടെ ചിന്തയിലും മനസ്സാക്ഷിയിലും അത് സാരമായ മാറ്റങ്ങള്‍ വരുത്തി. ബാക്കി ലക്കങ്ങള്‍ക്കായുള്ള അന്വേഷണമായി. അവസാനം ഗുരു ഹുസൈന്‍ ജിസ്‌റിന്റെ ലൈബ്രറിയില്‍ നിന്ന് കണ്ടെത്തിയ ബാക്കി ലക്കങ്ങള്‍ മുഴുവനും പകര്‍ത്തി എഴുതി പല പ്രാവശ്യം വായിച്ചുപഠിച്ചു.
ഉര്‍വതുല്‍വുസ്ഖാ വായിച്ചുകഴിഞ്ഞപ്പോള്‍ തസവ്വുഫിനോടുള്ള ആഭിമുഖ്യം കുറയുകയും ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനെക്കുറിച്ച് അഗാധമായി ചിന്തിക്കുകയും ചെയ്തു അദ്ദേഹം. വ്യക്തി സംസ്‌കരണത്തില്‍ മാത്രം പരിമിതമല്ല ദീനെന്നും ആത്മീയതയെയും ഭൗതികതയെയും വ്യക്തിയെയും സമൂഹത്തെയും നാഗരികതയെയും അതിന്റെ ചിഹ്നങ്ങളെയും സമഗ്രമായി കൈകാര്യം ചെയ്യുന്ന സംവിധാനമാണ് ദീനെന്നും അദ്ദേഹം മനസ്സിലാക്കി.
തസവ്വുഫിന്റെ പാതയില്‍ നിന്ന് സയ്യിദ് അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും പാതയിലേക്കുള്ള മാറ്റത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: 'തസവ്വുഫിന്റെ സമുദ്രത്തില്‍ മുങ്ങിയ ഞാന്‍ അതിന്റെ ആഴങ്ങളില്‍ രത്‌നങ്ങളും തിരയടികളില്‍ വൃത്തികേടുകളും ദര്‍ശിക്കുകയുണ്ടായി. പിന്നീടാണ് ഞാന്‍ സലഫുസ്സ്വാലിഹുകളുടെ മദ്ഹബിലേക്ക് മാറിയത്. അതിനു വിരുദ്ധമായതെല്ലാം തികഞ്ഞ വഴികേടാണെന്ന് ഞാന്‍ മനസ്സിലാക്കി'.
ജമാലുദ്ദീന്‍ അഫ്ഗാനിയുമായി ചേര്‍ന്നു പാന്‍ ഇസ്്‌ലാമിസത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ 1897ല്‍ സയ്യിദ് റശീദ് രിദാ കോണ്‍സ്റ്റന്റിനോപ്പിളിലേക്ക് പുറപ്പെട്ടു. ദൗര്‍ഭാഗ്യവശാല്‍ ആ വര്‍ഷം തന്നെ അഫ്ഗാനി നിര്യാതനായി. ഈ സംഭവം റശീദ് രിദാക്ക് വലിയ ആഘാതമായി. പക്ഷേ, അദ്ദേഹം നിരാശനായില്ല. മറ്റൊരു മഹത് വ്യക്തിത്വവുമായി സന്ധിക്കുകയെന്ന ലക്ഷ്യത്തോടെ കൈറോയിലേക്ക് പുറപ്പെട്ടു. അഫ്ഗാനിയുടെ ശിഷ്യനും സഹകാരിയുമായിരുന്ന മുഹമ്മദ് അബ്ദു അന്ന് കൈറോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. 1897ല്‍ കൈറോവില്‍ എത്തിയതുമുതല്‍ 1905ല്‍ മുഹമ്മദ് അബ്ദു മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി പ്രവര്‍ത്തിച്ചു. അല്‍ഉര്‍വതുല്‍ വുസ്ഖായുടെ മാതൃകയില്‍ ഒരു മാസിക ആരംഭിക്കണമെന്ന ചിന്ത അദ്ദേഹം ഗുരുവുമായി പങ്കുവെച്ചു. അങ്ങനെ 'മജല്ലതുല്‍മനാര്‍' ആരംഭിക്കാന്‍ തീരുമാനമായി.
ഇസ്‌ലാമിക പത്രപ്രവര്‍ത്തന മേഖലയിലെ പ്രകാശനാളമായി മുസ്‌ലിം ഉമ്മത്തിന്റെ മാര്‍ഗദര്‍ശനത്തിനുള്ള പ്രകാശരേഖയായി 1898 മാര്‍ച്ച് പതിനേഴിന് അല്‍മനാറിന്റെ ആദ്യലക്കം പ്രകാശിതമായി. ഉര്‍വതുല്‍വുസ്ഖായുടെ ദൗത്യം ഏറ്റെടുത്ത് പോരാട്ടം തുടരുകയാണ് ലക്ഷ്യം.
ഒന്നാം ലക്കത്തില്‍ അദ്ദേഹമെഴുതി. 'അഗാധനിദ്രയിലും സുന്ദരസ്വപ്‌നത്തിലും അഭിരമിക്കുന്ന പൗരസ്ത്യദേശക്കാരാ, നിനക്ക് ഉറക്കം മതിയാക്കാറായിരിക്കുന്നു. നിന്റെ ഉറക്കം പരിധി വിട്ടിരിക്കുന്നു. താമസിച്ചാല്‍ ബോധക്ഷയമോ മരണം തന്നെയോ സംഭവിച്ചേക്കാം. അതിനാല്‍ നിദ്രവിട്ടുണരുക, കണ്‍പോളകളില്‍ നിന്ന് മയക്കം തുടച്ചുമാറ്റുക. മാറിയ ലോകത്തേക്ക് ദൃഷ്ടികള്‍ പായിക്കുക. ഭൂമി പൂര്‍ണമായും മാറിയിരിക്കുന്നു. മനുഷ്യന്‍ പുരോഗതിയുടെ ഒരു പുതിയഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു''.
കൊച്ചു കേരളത്തിലടക്കം ഇസ്‌ലാമിക നവോത്ഥാനത്തിന്റെ കെടാവിളക്കായി പരിലസിച്ചിരുന്ന അല്‍മനാര്‍ 35 വര്‍ഷക്കാലം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമിന്റെ സാര്‍വദേശീയ മുഖം ഉള്‍ക്കൊണ്ട റശീദ്‌രിദ എല്ലാവിധ സങ്കുചിത വീക്ഷണങ്ങള്‍ക്കും എതിരായിരുന്നു. അറബ് ദേശീയതയെയും തുര്‍ക്കി ദേശീയതയെയും ഒരുപോലെ അദ്ദേഹം എതിര്‍ത്തു. കാലദേശാതീതമായ ഇസ്്‌ലാമിക സന്ദേശത്തിലൂടെ മാത്രമേ മാനവ ഏകീകരണം സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വിശ്വസിച്ചു. അറബികള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്താന്‍ പാശ്ചാത്യര്‍ സൃഷ്ടിച്ച മഹാവിപത്താണ് ദേശീയതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറബ് ദേശീയതക്കു നേരെയുള്ള ഈയൊരു സമീപനം കാരണമായി അദ്ദേഹമൊരു യാഥാസ്ഥിതികനാണെന്ന് മുദ്രകുത്തപ്പെടുക പോലുമുണ്ടായി.
സയ്യിദ് റശീദ് രിദയുടെ ധൈഷണിക പ്രഭാവം തെളിഞ്ഞുനില്ക്കുന്നത് അല്‍മനാര്‍ എന്ന മാസികയിലായിരുന്നുവെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാനത്തിന് പുതിയ ദിശ നിര്‍ണയിച്ച കൃതിയാണ് തഫ്‌സീറുല്‍ മനാര്‍. ചരിത്രബോധം നഷ്ടപ്പെട്ടതാണ് മുസ്‌ലിം ഉമ്മത്തിന്റെ പരാജയത്തിനു കാരണമെന്ന് വിലയിരുത്തിയ അദ്ദേഹം ഖുര്‍ആനിക അടിത്തറയുള്ള ഒരു നാഗരികത കെട്ടിപ്പടുക്കുന്നതിനായിരുന്നു തഫ്‌സീറുല്‍ മനാറിലൂടെ ശ്രമിച്ചത്. പന്ത്രണ്ട് വാള്യങ്ങളുള്ള തഫ്‌സീറുല്‍ മനാറിനു പുറമെ മറ്റ് ധാരാളം ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. താരീഖുല്‍ ഉസ്താദുല്‍ ഇമാം (മൂന്ന് വാള്യം), അല്‍വഹ്‌യുല്‍ മുഹമ്മദി, ശുബ്ഹാതുന്നസ്വാറാ വഹുജ്ജതുല്‍ ഇസ്‌ലാം, അഖീദതുസ്സവാബ് വല്‍ഫിദാഅ്, അല്‍മുസ്‌ലിമൂന വല്‍ ഖിബ്ത് വല്‍മുഅ്തമറുല്‍ മിസ്‌രി, മുഹാവറാതുല്‍ മുസ്വ്‌ലിഹ് വല്‍ മുഖല്ലിദ്, അല്‍വഹ്ഹാബിയ്യൂന വല്‍ഹിജാസ്, അല്‍ഖിലാഫ അവില്‍ ഇമാമതുല്‍ ഉദ്വ്മാ, നിദാഉല്‍ ജിന്‍സില്ലത്വീഫ്, യുസ്‌റുല്‍ ഇസ്‌ലാം വ ഉസൂലുത്തശ്‌രീഅ് എന്നിവ അദ്ദേഹത്തിന്റെ സുപ്രധാന കൃതികളില്‍ ചിലതാണ്.
1912ല്‍ അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ സയ്യിദ് രിദ നദ്‌വതുല്‍ ഉലമ ലഖ്‌നോ, ദാറുല്‍ഉലൂം ദയൂബന്ദ് എന്നിവ സന്ദര്‍ശിക്കുകയുണ്ടായി.
സയ്യിദ് റശീദ് രിദയും ഹസനുല്‍ ബന്നയും വളരെ ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു. സയ്യിദിന്റെ മരണശേഷം അല്‍മനാര്‍ പത്രം ഏറ്റെടുത്ത് നടത്താന്‍പോലും ബ്രദര്‍ഹുഡ് തയ്യാറായി.പിന്നീട് അല്പകാലത്തിനുശേഷം 1936 മാര്‍ച്ചില്‍ ഒരിക്കല്‍കൂടി അത് പുനരുജ്ജീവിച്ചു. പക്ഷേ മൂന്ന് നാലു ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ രണ്ടാം പ്രാവശ്യവും അത് നിലച്ചുപോയി.