തറാവീഹ് പതിനൊന്നോ ഇരുപത്തിമൂന്നോ, മുപ്പത്തിമൂന്നോ നമസ്‌ക്കരിക്കാമെന്ന് ചിലര്‍ പറയുന്നു. ഇതു ശരിയാണോ?
മറുപടി : സുബ്ഹിന്നു മുമ്പ് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരമാണല്ലോ പ്രവാചക മാതൃക. എന്നാല്‍ അത് മൂന്നോ നാലോ അഞ്ചോ റക്അത്താക്കുകയാണെങ്കില്‍ 'അധികം ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ'എന്ന് കണക്കാക്കുകയാണോ വേണ്ടത്? 'അധികം ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ' എന്ന തത്ത്വം ഫര്‍ദ് നമസ്‌കാരങ്ങള്‍ക്കും ബാധകമാക്കാന്‍ പറ്റുമോ? നോമ്പ് കൂടുതല്‍ സമയത്തേക്ക് ആക്കുകയാണെങ്കില്‍ പുണ്യം അധികമാവുകയില്ലേ എന്ന് ചോദിച്ചു കൊണ്ട് ഒരാള്‍ സൂര്യാസ്തമനത്തിന് ശേഷവും നോമ്പ് തുറക്കാതെ ഒന്നോ രണ്ടോ മണിക്കൂറും കൂടെ നോമ്പ് നീട്ടുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റുമോ? ഒരു നോമ്പിന് പ്രായശ്ചിത്തമായി ഒരു അഗതിക്ക് വേണ്ട ഭക്ഷണം നല്‍കണമെന്ന് പറഞ്ഞതിന് ശേഷമാണ് 'ആരെങ്കിലും സ്വയം സന്നദ്ധമായി കൂടുതല്‍ നല്‍കുകയാണെങ്കില്‍ അത് അവന് ഉത്തമമാകുന്നു' എന്ന് ഖുര്‍ആനില്‍ (2:185) പറഞ്ഞത്. കൂടുതല്‍ അഗതികള്‍ക്ക് നല്‍കുന്നതോ കൂടുതല്‍ഭക്ഷണം നല്‍കുകയോ ചെയ്യുന്നതും നബി(സ്വ) മാതൃക കാണിച്ചതിനേക്കാള്‍ കൂടുതല്‍ റക്അത്ത് നമസ്‌കരിക്കുന്നതും ഒരുപോലെയല്ല.
''നബി(സ്വ) റമദാനിലോ അല്ലാത്ത കാലത്തോ രാത്രി നമസ്‌കാരം (ഖിയാമുല്ലൈല്‍) പതിനൊന്നു റക്അത്തില്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടില്ല'' എന്നു വരെ പ്രബലമായ ഹദീസ് ഉണ്ടായിരിക്കെ എത്രയും നമസ്‌കരിക്കാമെന്ന നിലപാട് ശരിയാണെന്ന് തോന്നുന്നില്ല.