ഇമാം നസാഈയുടെ മുഴുവന്‍ പേര് അബൂഅബ്ദിര്‍റഹ്മാന്‍ അഹ്മദുബ്‌നു ശുഐബിബ്‌നി അലി നസാഈ എന്നാണ്. ഖുറാസാന്‍ സംസ്ഥാനത്തില്‍പെട്ട 'നസാ' എന്ന സ്ഥലത്ത് ഹിജ്‌റ 215 ല്‍ ജനിച്ചു. 214 ല്‍ ആണ് എന്നും അഭിപ്രായമുണ്ട്. ജന്മനാട്ടിലേക്ക് ചേര്‍ത്ത്‌കൊണ്ട് ഇമാം 'നസാഈ' എന്ന പേരില്‍ അറിയപ്പെട്ടു. ഖുറാസാന്‍, ഹിജാസ്, ഇറാക്, ജസീറ എന്നീ സ്ഥലങ്ങളിലെല്ലാം അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. ഇസ്ഹാഖുബ്‌നു റാഹ വൈഹി, സുലൈമാനുബ്‌നു അശ്അസ്, അലിയ്യ്ബ്‌നുഹിക്മര്‍, അബൂദാവൂദ് സ്സജസ്താനി മുതലായ പണ്ഡിതന്മാരില്‍ നിന്ന് ഇദ്ദേഹം ഹദീസ് പഠിച്ചിട്ടുണ്ട്. തികഞ്ഞ മതഭക്തനായിരുന്ന ഇമാം നസാഈ, സുന്നത്തുകള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നതില്‍ അതീവ നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്നു. ബിദ്അത്തുകളെ പാടെ അവഗണിക്കുകയും അവയോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ ജീവിതാന്ത്യത്തില്‍ അദ്ദേഹത്തിന് ഏറെ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നു.
സ്വിഹാഹുസ്സിത്തയില്‍ അഞ്ചാമത്തെ ഹദീസ് ഗ്രന്ഥമാണ് സുനനുന്നസാഈ. ഇത് സുനന്‍ എന്ന വിഭാഗത്തില്‍ പെട്ടതാകുന്നു. അത് പേരില്‍ നിന്നു തന്നെ മനസ്സിലാക്കാം. ഇമാം നസാഈ ആദ്യം അസ്സുനനുല്‍ കുബ്‌റാ എന്ന പേരില്‍ ഒരു ഹദീസ് ഗ്രന്ഥം രചിച്ചു. അത് ഇന്ന് നാം കാണുന്ന ''സുനനുന്നസാഇയെക്കാള്‍ രണ്ടിരട്ടിയുള്ളതായിരുന്നു. പിന്നീട് അദ്ദേഹം അതില്‍ നിന്നും തിരഞ്ഞടുത്ത് സംഗ്രഹിച്ച് എഴുതിയതാണ് അല്‍മുജ്തബാ മിനസുനനില്‍ കുബ്‌റാ എന്ന ഹദീസ് ഗ്രന്ഥം. ഇതില്‍ തള്ളപ്പെടേണ്ടതായ (മര്‍ദൂദായ) ഹദീസുകള്‍ വളരെ കുറവാണ്.
ബുഖാരിയുടെയും മുസ്‌ലിമിന്റെയും ശൈലീഭദ്രവും സുന്ദരവുമായ ക്രമീകരണം, സനദിലെ പോരായ്മകളെക്കുറിച്ച് വിശദീകരണം എന്നീ കാരണങ്ങളാല്‍ നസാഇയുടെ സമാഹാരം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഹദീസുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അദ്ദേഹം കടുത്ത നിബന്ധനകള്‍ ചുമത്തി. ബുഖാരി-മുസ്‌ലിമിനെക്കാള്‍ തീവ്രമായ നിബന്ധനകളാണ് നസാഇയുടേതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ബുഖാരിക്കും മുസ്‌ലിമിനും ശേഷം നസാഈക്ക് മൂന്നാംസ്ഥാനം നല്‍കണമെന്നാണ് അവരുടെ പക്ഷം. റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, അവരുടെ ഇരട്ടപ്പേരുകള്‍, തുടങ്ങിയ തിര്‍മിദിയെപ്പോലെ നസാഈയും വ്യക്തമായി രേഖപ്പെടുത്തുന്നു.
മറ്റ് ഹദീസ് ഗ്രന്ഥങ്ങള്‍ക്കുള്ളതുപോലെ ധാരാളം വ്യാഖ്യാനകൃതികള്‍ നസാഇക്ക് ഉണ്ടായിട്ടില്ല. ആറു നൂറ്റാണ്ടിന് ശേഷം ഹി. 911 ല്‍ ജലാലൂദ്ദീന്‍ സുയൂഥിയാണ് ആ ദൗത്യം ഏറ്റെടുത്തത്. മറ്റൊന്ന് മുഹമ്മദുബ്‌നു അലിയ്യില്‍ അസ്‌യൂബിയുടേതാണ്. ശന്‍ഖീത്വിയുടെ കിതാബുര്‍ റാഇഅ് നസാഈയുടെ വ്യാഖ്യാനമാണ്.