Skip to main content

സുനനു തിര്‍മിദി

അബൂഈസാ മുഹമ്മദുബ്‌നു ഈസബ്‌നു സൗറ ഹിജ്‌റ 209 ല്‍ തിര്‍മിദ് എന്ന പുരാതന പട്ടണത്തില്‍ ജനിച്ചു. കുട്ടിക്കാലത്തു തന്നെ ഹദീസിനോട് വലിയ താല്പര്യം കാണിച്ച തിര്‍മിദി പല നാടുകളിലും സഞ്ചരിച്ച് ഹദീസുകള്‍ പഠിച്ചു. ഇമാം ബുഖാരി, മുസ്‌ലിം, ഖുത്വയ്ബ, അബൂദാവൂദ് തുടങ്ങിയ പ്രമുഖരായിരുന്നു ഗുരുക്കന്മാര്‍. ഇമാം ബുഖാരിയുടെ അരുമശിഷ്യനായിരുന്നു തിര്‍മിദി. ബുഖാരി അദ്ദേഹത്തില്‍ നിന്ന് രണ്ട് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. ഫിഖ്ഹ്, തഫ്‌സീര്‍ വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. നിരവധി വിഷയങ്ങളെ അധികരിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എട്ടു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളെയാണ് 'ജാമിഅ്' എന്നു വിളിക്കുന്നത്. തിര്‍മിദിയുടെ സമാഹാരം ഈ വിശേഷണത്തിന് അര്‍ഹമാണ്. എന്നാല്‍ കര്‍മശാസ്ത്ര വിഷയങ്ങളുടെ ക്രോഡീകരണം പോലെ, ശുചിത്വം, സംസ്‌കാരം, സകാത്ത്, നോമ്പ് എന്നീ ക്രമമനുസരിച്ച് രചിക്കപ്പെട്ട ഗ്രന്ഥമായതുകൊണ്ട് ഇതിന് 'സുനന്‍' എന്നും പേര്‍ വിളിക്കാറുണ്ട്.

സച്ചരിതരായ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ ഈ സുനനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആവര്‍ത്തന വിരസതയുടെ പഴുതടച്ച് മെച്ചപ്പെട്ട ക്രോഡീകരണമാണ് നിര്‍വഹിച്ചത്. കര്‍മശാസ്ത്ര പണ്ഡിതന്മാരെക്കുറിച്ചും അവരുടെ വീക്ഷണങ്ങളെക്കുറിച്ചും അവര്‍ നിരത്തുന്ന തെളിവുകളെക്കുറിച്ചും വിവരണങ്ങള്‍ കാണാം. ഹദീസുകളുടെ ഇനങ്ങള്‍ (സ്വഹീഹ്, ഹസന്‍, ദഊഫ്, ഗരീബ്, മുഅല്ലല്‍) വിശദീകരിക്കുന്നു. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍, സ്ഥാനപ്പേരുകള്‍, ഓമനപ്പേരുകള്‍ എന്നിവ സംബന്ധിച്ച് പ്രത്യേകം നിര്‍വചനങ്ങളും തിര്‍മിദി നടത്തിയിട്ടുണ്ട്.

ഹദീസുകളില്‍ ഹസന്‍ എന്ന ഒരിനത്തിന്റെ ഉപജ്ഞാതാവ് തിര്‍മിദിയാണെന്ന് ഇബ്‌നു സ്വലാഹ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോ വിഷയത്തിലും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ (മദ്ഹബ്) ക്രോഡീകരിക്കുക തിര്‍മിദിയുടെ പ്രധാന ലക്ഷ്യമായിരുന്നു. മുന്‍ഗാമികളും സമകാലികരുമായ നിരവധി പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ സുനനില്‍ സമാഹരിച്ചതായി കാണാം.

ഇമാം തിര്‍മിദി സ്വീകാര്യമായ സനദുള്ള പ്രസിദ്ധമായ ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ടാണ് അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കുക. സ്വിഹാഹുസ്സിത്തയില്‍ (സ്വീകാര്യയോഗ്യമായ ആറ് ഹദീസ് ഗ്രന്ഥങ്ങളില്‍) പ്രസ്തുത ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ശേഷം അത്ര പ്രസിദ്ധമല്ലാത്ത മറ്റൊരു ഹദീസ് ഉദ്ധരിച്ച് അധ്യായത്തിന് കൊടുത്ത തലക്കെട്ടിനോട് നീതി പുലര്‍ത്തും. തുടര്‍ന്ന് പ്രസ്തുത വിഷയം റിപ്പോര്‍ട്ട് ചെയ്ത പലരുടെയും പേരുകള്‍ (ആദ്യം റിപ്പോര്‍ട്ട് ചെയ്ത സ്വഹാബിയുടേത് ഉള്‍പ്പെടെ) ചേര്‍ക്കുന്നു. ഹദീസ് കുതുകികള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. പ്രശസ്തരല്ലാത്ത ആ ഹദീസിനെക്കുറിച്ച് വിശദാംശങ്ങള്‍ അതിലുണ്ടാവും എന്നതാണ് കാരണം. സ്വഹാബിമാരുടെയും അവരുടെ പുത്രന്മാരുടെയും പേരുകളില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നു. ഒരേ പേരിലുള്ളവയ്ക്ക് പ്രത്യേകം വിശേഷണങ്ങള്‍ നല്‍കി വ്യക്തത നല്‍കുന്നു. ദീര്‍ഘമായ ഹദീസുകളെ ചുരുക്കി അവതരിപ്പിക്കുന്നു എന്നതും സുനനുത്തിര്‍മിദിയുടെ മറ്റൊരു പ്രത്യേകതയാണ്. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ മുതലായവരുടെ നിലവാരത്തെ അപേക്ഷിച്ച് തിര്‍മിദി പിന്നിലാണെങ്കിലും സ്വഹീഹായ ഹദീസുകള്‍ കൊടുത്ത ശേഷം പ്രസ്തുത വിഷയത്തിലുള്ള സ്വഹീഹായ മറ്റു ഹദീസുകളിലേക്ക് വിരല്‍ ചൂണ്ടി സനദിലെ ശരികേടുകളെ കുറിച്ച് ഉണര്‍ത്തുന്നതിനാല്‍ തിര്‍മിദിയുടെ സ്ഥാനവും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.

ജാമിഉത്തിര്‍മിദിക്ക് പലരും വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്.  അവയില്‍ പ്രസിദ്ധമായത് അബ്ദുറഹ്മാന്‍ അല്‍ മുബാറക് പൂരി (ഹിജ്‌റ 1353) എന്ന ഇന്ത്യന്‍ പണ്ഡിതന്‍ രചിച്ച 'തുഹ്ഫതുല്‍ അഹ്‌വദി' എന്ന ഗ്രന്ഥമാകുന്നു.
 

Feedback