Skip to main content

യഹൂദ മത ദൈവവിശ്വാസം

ഏകദൈവ വിശ്വാസം അടിസ്ഥാനമായ ഒരു പഴയ മതമാണ് യഹൂദ മതം. തോറയാണ്  അവരുടെ അടിസ്ഥാന പ്രമാണം. അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പത്താമത്തെ മതമത്രെ അത്. അബ്രഹാം, ഇസ്ഹാഖ്, യാക്കോബ് എന്നീ പുണ്യ പുരുഷന്മാരോടു കൂടിയാണിവരുടെ ചരിത്രം ആരംഭിക്കുന്നത്. ദൈവം തങ്ങളെ അവന്‍റെ ഇഷ്ട ജനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നും കനാന്‍ പ്രദേശം തങ്ങള്‍ക്ക് ഇഷ്ടദാനമായി നല്‍കിയിരിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. ഈ ശ്രേഷ്ഠത തങ്ങള്‍ക്ക് ലഭിക്കാന്‍  നിമിത്തമായത് പൂര്‍വികന്മാരുടെ വിശിഷ്യാ ഏകദൈവത്തെ മാത്രം ആരാധിക്കുകയും ഉപാസിക്കുകയും ബിംബാരാധന തിരസ്കരിക്കുകയും ചെയ്ത അബ്രഹാമിന്‍റെ ദൈവ സാമീപ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകത്വത്തെ കുറിച്ചാണ് യഹൂദ മതം പറയുന്നത്. നാഥനായ ദൈവം ഏകനാണെന്ന് ഇസ്രാഈല്യരോട് ആവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കുന്നതായി കാണാം (നിയമവര്‍ത്തനം 6:4).

'ഞാനല്ലാതെ വേറെ ദേവന്മാര്‍ നിങ്ങള്‍ക്ക് വരാനുണ്ട്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള മുത്തിന്‍റെയും പ്രതിമയോ സ്വരൂപമോ നിര്‍മിക്കരുത്. അവയ്ക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് (പുറപ്പാട് 20:3-5).

സീനായ് പര്‍വത നിരകളില്‍ വെച്ച് ദൈവം മോശയ്ക്കു നല്‍കിയ തോറയിലെ പ്രധാന ഭാഗമായ 10 കല്പനകള്‍ യഹൂദമതത്തിന്‍റെ അന്തസ്സത്ത പ്രകാശിപ്പിക്കുന്നു.

വൈവാഹിക ജീവിതത്തില്‍ പ്രതിഫലിക്കേണ്ടത് ദൈവിക ശാസനകള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ്. ചേലാകര്‍മം, വിവാഹം, മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം, ആഹാര ക്രമം, ദാനധര്‍മങ്ങള്‍ അയല്‍വാസി ബന്ധം എന്നീ സകല മേഖലകളിലും അനുവര്‍ത്തിക്കേണ്ട വ്യക്തവും കര്‍ക്കശവുമായ ശാസനങ്ങളാണ് അവ.

യഹൂദമതം ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാരിലും വിശ്വസിക്കുന്നു. ജനം സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് ദുര്‍ഗന്ധപൂരിതമായ ജീവിതം നയിച്ചപ്പോള്‍ ദൈവത്തിന്‍റെ കല്‍പന അവരെ അറിയിച്ച് അവരെ സന്മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവരലായിരുന്നു പ്രവാചകന്മാരുടെ മുഖ്യ ദൗത്യം. ചെറുതും വലുതുമായ വളരെയധികം പ്രവാചകന്മാര്‍ ഇസ്റാഈല്യര്‍ക്കിടയില്‍ പ്രബോധനം നടത്തിയിട്ടുണ്ട്. ഇസ്റാഈല്യരെ ബാഹ്യസ്വാധീനത്തില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്താല്‍ തന്നെ ന്യായാധിപന്മാര്‍ നിയുക്തനായി. 12 ാംനൂറ്റാണ്ടിന്‍റെ ആരംഭം  മുതല്‍ 11ാം നൂറ്റാണ്ടിന്‍റെ അവസാനം വരെയാണ് ഇവരുടെ കാലഘട്ടം. ബി.സി 1010ല്‍ സാമുവല്‍ ദാവീദിനെ രാജാവായി പ്രഖ്യാപിച്ചു. ദാവീദ്, രാജാവും ദൈവദൂതനുമാകുന്നു. സംഭവ ബഹുലമായിരുന്നു ദാവീദ് ഭരിച്ച വര്‍ഷം. ദാവീദ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പുത്രന്‍ സോളമനെ തുടര്‍ന്ന് അനേകം പ്രവാചകന്മാര്‍ ആഗതരായി.

മസീഹ(രക്ഷകന്‍) യെക്കുറിച്ചുള്ള വിശ്വാസമാണ് യഹൂദ വിശ്വാസ സംഹിതയുടെ ഒരു പ്രധാന ഘടകം. മസീഹയെപ്പറ്റി വിവിധ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും നിലനില്‍ക്കുന്നുണ്ട്. "ജനങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തങ്ങള്‍ വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു മേല്‍ വാളുയര്‍ത്തില്ല" (ഏശയ്യ 2:4).

യഹൂദ മതഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. പഞ്ച ഗ്രന്ഥി എന്നറിയപ്പെടുന്ന പുസ്തകങ്ങളും. ജോഷ്വ ന്യായാധിപന്മാര്‍, റൂത്ത്, സാമുവല്‍ (2പുസ്തകം), രാജാക്കന്മാര്‍ (2പുസ്തകം), ദിനവൃത്താന്തങ്ങള്‍ (2 പുസ്തകം), എസ്രാ, നെഹെമിയ, തോബിന്ത് യൂദിത്ത് എസ്തേര്‍ (2പുസ്തകം) മക്കമ്പായര്‍ എന്നിവയാണ് ചരിത്രപരമായ  ഗ്രന്ഥങ്ങള്‍.

എശെയ്യാ, ജറമിയ്യ, എസെക്കിയേല്‍, ദാനിയേല്‍ എന്നീ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും വിലാപങ്ങള്‍, ബാറുക്ക് എന്നിവയും പ്രവചനപരമായ ഗ്രന്ഥങ്ങളാണ്.

ജോബ്, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാ പ്രാസംഗകന്‍, ഉത്തമ ഗീതം, ജ്ഞാനം, പ്രഭാഷകന്‍, എന്നിവയാണ് പ്രബോധനപരമായ ഗ്രന്ഥങ്ങള്‍.

ബൈബിളിന്‍റെ ഒന്നാം ഭാഗം പഴയ നിയമം (old testament) എന്നും രണ്ടാം ഭാഗം പുതിയ നിയമം (new testament) എന്നും അറിയപ്പെടുന്നു. 

ഉത്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമവര്‍ത്തനം എന്നീ അഞ്ചു പുസ്തകങ്ങള്‍ നിയമം (തോറ) എന്ന വിഭാഗത്തില്‍പെടുന്നു. പ്രവാചകന്മാര്‍, ലിഖിതങ്ങള്‍ എന്നിവയാണ് മറ്റു രണ്ടു വിഭാഗങ്ങള്‍. ഇതിലൊന്നും പെടാത്ത അനേകം അര്‍ധപവിത്ര ഗ്രന്ഥങ്ങള്‍ യഹൂദര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. പഴയ നിയമത്തിന്‍റെ ഒരു തരം അനുബന്ധമായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്.

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446