Skip to main content

ആഫ്രിക്കന്‍ ആദിവാസികളുടെ ദൈവസങ്കല്‍പം

ആഫ്രിക്കന്‍ ആദിവാസികളായ സുലുകള്‍ (ZULU) ദൈവത്തെ 'ഉംവലിന്‍ക്വന്‍ഗി' (UMVEELINQANGI) എന്നാണ് വിളിച്ചിരുന്നത്. ഉംവലിന്‍ക്വന്‍ഗിയെക്കുറിച്ച് സുലുകള്‍ വെച്ചുപുലര്‍ത്തിയ വിശ്വാസം ദക്ഷിണാഫ്രിക്കയിലെ പ്രഗത്ഭ ഇസ്‌ലാമിക പ്രവര്‍ത്തകനായ അഹമ്മദ് ദീദാത്ത് തന്‍റെ  WHAT IS HIS NAME എന്ന ലഘുകൃതിയില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്, "ഉംവലിന്‍ക്വന്‍ഗി വിശുദ്ധനും പരിശുദ്ധാത്മാവുമാണ്. അവന്‍ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല, അവനെപ്പോലെ ആരും തന്നെയില്ല.[1]

ഏകദൈവത്തെ സംബോധന ചെയ്യാന്‍ ആഫ്രിക്കയിലെ ആദിവാസി വര്‍ഗങ്ങള്‍ (TIXO) മോഡിമോ (MODIMO), ഉന്‍കുലന്‍കുലു (UNKULUNKULU) തുടങ്ങി വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ദൈവത്തിന് പ്രതിനിധികളെയോ പ്രതിപുരുഷന്മാരെയോ അവര്‍ കല്പിച്ചിരുന്നില്ല. പേരുകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം പരിശുദ്ധനും സര്‍വ്വശക്തനുമായ ദൈവത്തെക്കുറിച്ച സങ്കല്പം തന്നെയാണുള്‍ക്കൊള്ളുന്നത്. അവര്‍ ദൈവത്തെ വിളിച്ചിരുന്ന 'ഉന്‍കുലന്‍കുലു' എന്ന പദത്തിന്‍റെ ഭാഷാര്‍ത്ഥം 'മഹാന്മാരില്‍ മഹാനും അജയ്യരില്‍ അജയ്യനും' എന്നാണ്. 

ആഫ്രിക്കന്‍ ആദിവാസികള്‍ ഏകദൈവവിശ്വാസികളാണെന്നതിനുള്ള തെളിവുകളായിട്ടാണ് ഇവയെല്ലാം നമുക്ക് വായിക്കാന്‍ സാധിക്കുന്നത്. ഉംവലിന്‍ക്വന്‍ഗിയുടെ നാമം ആഫ്രിക്കന്‍ ആദിവാസികള്‍ കൂടുതലായി ഉപയോഗിച്ചിരുന്നില്ല. കാരണം അവന്‍ വളരെ വിശുദ്ധനും ഉന്നതനുമായതിനാല്‍ അവന്‍റെ നേര്‍ക്ക് ഇടയാളന്മാരില്ലാതെ അടുക്കാന്‍ സാധ്യമല്ല എന്നാണ് അവരുടെ വിശ്വാസം. ഉന്‍വലിന്‍ക്വന്‍ഗിയുമായി അടുപ്പമുള്ള പൂര്‍വ്വ പിതാക്കളുടെ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനായി വിളിച്ച് തേടുന്നു. അപ്പോള്‍ ആ ഇടയാളന്മാര്‍ക്ക് ദൈവ പരിവേഷം അവര്‍ നല്‍കിയിരുന്നില്ല. അവര്‍ പരിശുദ്ധരായ ദൈവദാസന്മാരായതിനാല്‍ അവരിലൂടെ സാധാരണക്കാര്‍ക്ക് ദൈവത്തിലേക്ക് അടുക്കാമെന്ന് മാത്രമേയുള്ളൂവെന്ന് അവര്‍ വിശ്വസിച്ചു പോന്നു. പരിശുദ്ധമായ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള ഈ വ്യതിയാനം പരേതാത്മാക്കളെ പൂജിക്കുകയും ദിവ്യവത്കരിക്കുകയും ചെയ്യുന്നതിലേക്ക് ക്രമേണ സുലുകളെ (ആഫ്രിക്കന്‍ ആദിവാസികളെ) നയിച്ചു.

References

[1] What ls his Name?, Ahmed Deedat, Islamic Propagation Centre, 1981, Page 7

Feedback