ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ്, സിന്ധു തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങള്‍ പട്ടണങ്ങളായി മാറുന്നതോടെയാണ് നാഗരികയുഗത്തിന് ആരംഭം കുറിക്കപ്പെടുന്നത്. നാഗരികതയുടെ ആദ്യത്തെ രണ്ടായിരം കൊല്ലങ്ങള്‍ക്കാണ് വെങ്കലയുഗം എന്ന് പറയുന്നത്. നദീതട നാഗരികതകളെക്കുറിച്ച് നമുക്ക് അറിവ് പകര്‍ന്നുതരുന്നത് വ്യക്തമായ ശിലാലിഖിതങ്ങളും പൗരാണിക വസ്തുക്കളുമാണ്. നദീതട സംസ്കാരങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ഭാഷകളില്‍ നിന്ന് അവിടങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ധാരാളം വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
നദീതട നാഗരികതകളില്‍ മിക്കതിലും ജീവിച്ചിരുന്നവര്‍ വിവിധ ദേവന്മാരെ ആരാധിച്ചിരുന്നവരായിരുന്നുവെന്ന് ശിലാലിഖിതങ്ങളും നഗരാവശിഷ്ടങ്ങളും വ്യക്തമാക്കുന്നു. യഥാര്‍ത്ഥ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഇടയാളന്മാരായിട്ടാണ് ദേവന്മാരെ അവര്‍ കണ്ടിരുന്നത്. മരണാനന്തരമുള്ള പരലോകത്ത് മനുഷ്യചെയ്തികള്‍ വിചാരണവിധേയമാക്കപ്പെടുമെന്നും ആ പരലോകത്തിന്‍റെ നാഥന്‍ ഏകനായ ശക്തി മാത്രമാണെന്നുമുള്ള വിശ്വാസമായിരുന്നു അവര്‍ പുലര്‍ത്തിയത്. ബഹുദൈവത്വം നിലകൊണ്ട നദീതട സംസ്കാരങ്ങളില്‍ പൗരോഹിത്യം അവരുടെ ദൈവവിശ്വാസത്തെ ചൂഷണോപാധിയാക്കി.
വിവിധ നദീതടസംസ്കാരങ്ങളിലെ ദൈവികവിശ്വാസം എങ്ങനെയായിരുന്നു എന്ന് തുടര്‍ന്ന് വിശദീകരിക്കുന്നു.