നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത് മാനവചരിത്രത്തില്‍ രണ്ടരലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഘട്ടത്തില്‍ മനുഷ്യന്‍ ജീവിച്ചത് ഇതര ജീവികളെപ്പോലെ മാത്രമാണ് എന്നാണ്. പ്രാചീന ശിലായുഗമെന്ന് പുരാതന ശാസ്ത്രജ്ഞന്മാര്‍ പേരുവിളിച്ച പ്രസ്തുത കാലഘട്ടത്തില്‍ മനുഷ്യ സമൂഹത്തിന്‍റെ സംസ്കാരത്തെ പ്രഗത്ഭ നരവംശ ശാസ്ത്രജ്ഞനായ മോര്‍ഗന്‍ പേര് വിളിച്ചത് കാടത്തം എന്നാണ്. ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ പര്യാപ്തമായ ലിഖിതരേഖകളോ മറ്റോ ലഭ്യമല്ല. എങ്കിലും പ്രാചീന ശിലായുഗ സംസ്കാരം സ്വീകരിച്ചിരിക്കുന്ന വിഭാഗങ്ങള്‍ ഇന്ന് മലായിലെയും മധ്യാഫ്രിക്കയിലെയും വനാന്തരങ്ങളിലും വടക്കു പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെയും തെക്കെ ആഫ്രിക്കയിലെയും മരുഭൂമികളിലും ആര്‍ട്ടിക് പ്രദേശങ്ങളിലും ജീവിച്ചിരിപ്പുണ്ട്. ആ സമൂഹങ്ങള്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ സസ്കാരവും ജീവിതരീതിയും തന്നെയാണ് പിന്തുടരുന്നത്. പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മനുഷ്യരുടെ ദൈവസങ്കല്‍പ്പത്തെ മനസ്സിലാക്കാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന പുരാതനശിലായുഗ സംസ്കാരം സ്വീകരിച്ചിരിക്കുന്നവരുടെ ദൈവസങ്കല്‍പ്പത്തെ പഠനവിധേയമാക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല.