മക്കയിലും മദീനയിലും ഭരണമുറപ്പിച്ച അബ്ദുല്ലാഹിബ്‌നു സുബൈറി(റ)നെതിരെ അബ്ദുല്‍ മലികുബ്‌നു മര്‍വാന്‍ സൈന്യത്തെ അയച്ചു. ഹജ്ജാജുബ്‌നു യൂസുഫായിരുന്നു പടനായകന്‍. മക്കയില്‍ അഭയംതേടിയ അബ്ദുല്ല(റ)യെയും ഒപ്പമുള്ളവരെയും വധിച്ച ഹജ്ജാജ് മക്ക പിടിച്ചടക്കി. ഈ യുദ്ധത്തിലും കഅ്ബയില്‍ തീപ്പിടിത്തമുണ്ടായി.
മക്കയില്‍ ഗവര്‍ണറായ ഹജ്ജാജ്, അബ്ദുല്ല(റ) മാറ്റങ്ങള്‍ വരുത്തി കഅ്ബ പുതുക്കിപ്പണിത വിവരം അബ്ദുല്‍മലികിനെ അറിയിച്ചു. നബി(സ്വ)യുടെ കാലത്തുള്ളതുപോലെ മാറ്റിപ്പണിയാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഹജ്ജാജ് അതുപോലെത്തന്നെ ചെയ്തു. പടിഞ്ഞാറെ വാതില്‍ അടച്ചു, കിഴക്കെ വാതില്‍ അല്പം ഉയര്‍ത്തി, ഹിജ്‌റ് ഒഴിവാക്കി. എന്നാല്‍ ഉയരം 27 മുഴമാക്കി നില നിര്‍ത്തുകയും ചെയ്തു . ക്രി. വ.693 ലാണിത്.
ഹാറൂന്‍ റശീദ് ഇത് വീണ്ടും പഴയപടിയാക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഇമാം മാലിക് എതിരായപ്പോള്‍ പിന്തിരിഞ്ഞു. സുല്‍ത്താന്‍ സുലൈമാന്‍ മേല്‍ക്കൂരമാറ്റുകയും സുല്‍ത്താന്‍ അഹ്മദ് ചുമരുകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തിരുന്നു ഇതിനിടയില്‍.