നുറ്റാണ്ടുകളുടെ പഴക്കത്തില്‍ കഅ്ബ ഒരിക്കല്‍ ഏറെ ദുര്‍ബലമായി. കൂടാതെ ഒരിക്കല്‍ ഒരു സ്ത്രീയില്‍നിന്ന് തീപ്പൊരി വീണതിനാല്‍ തീപ്പിടിത്തവുമുണ്ടായി. അവര്‍ സുഗന്ധം പുകയ്ക്കുകയായിരുന്നു. അതിനു മുമ്പ് വെള്ളപ്പൊക്കത്തിലും കേടുപാടുകള്‍ പറ്റിയിട്ടുണ്ടായിരുന്നു. മേല്‍ക്കൂരയില്ലാത്തതും ഉയരക്കുറവും മോഷണം പോലുള്ള സമൂഹവിരുദ്ധ ശല്യത്തിനുമിടയാക്കി.
കഅ്ബയുടെ ചുമരുകള്‍ പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ ഭയമായിരുന്നെങ്കിലും രണ്ടുംകല്പിച്ച് ഖുറൈശികള്‍ നവീകരിക്കാന്‍ തന്നെയിറങ്ങി. ഒരു കാര്യത്തില്‍ അവര്‍ ഉറച്ചുനിന്നു; പുനര്‍ നിര്‍മാണ ഫണ്ടിലേക്ക് നല്‍കേണ്ടത് നിഷിദ്ധവഴിയിലൂടെ നേടിയ പണമാവരുത്. ഇതില്‍ സത്യസന്ധത പാലിച്ചതിനാലാവാം, ഫണ്ട് തീരെ കുറഞ്ഞു. ഹിജ്‌റ് ഇസ്മാഈലിന്റെ ഭാഗത്ത് മൂന്നുമീറ്റര്‍ ഒഴിച്ചിടേണ്ടിവന്നു അവര്‍ക്ക്. അര മതില്‍ കെട്ടി ഇതിനെ വേര്‍തിരിച്ചു .
മഖ്‌സൂം കുലത്തിലെ വലീദാണ് ചുമര് പൊളിക്കാന്‍ ധൈര്യം കാണിച്ചത്. പിന്നെ എല്ലാവരും കൂടിയ കൂട്ടത്തില്‍ മുഹമ്മദ് നബി(സ്വ)യും -പ്രവാചകത്വലബ്ധിക്ക് മുമ്പാണിത്- ഉണ്ടായിരുന്നു. ക്രി. 605ലാണിത്.
കഅ്ബയുടെ ഉയരം ഇരട്ടിയായി, ഒമ്പത് മീറ്റര്‍. മേല്‍ക്കൂര നിര്‍മിച്ച് വെള്ളം ഒഴിഞ്ഞുപോകാന്‍ ഒരു പാത്തിയും (മീസാബ്) സ്ഥാപിച്ചു. കിഴക്കെ വാതില്‍ തറയില്‍നിന്ന് അല്പം ഉയര്‍ത്തുകയും പടിഞ്ഞാറെ വാതില്‍ അടയ്ക്കുകയും ചെയ്തു.
നിര്‍മാണത്തിനിടെ, ഹജറുല്‍അസ്‌വദ് യഥാസ്ഥാനത്തുവെക്കുന്നത് സംബന്ധിച്ച തര്‍ക്കമുണ്ടായി. ഇത് പുനര്‍നിര്‍മാണത്തെ ഒരുവേള തടസ്സപ്പെടുത്തുകയും യുദ്ധസമാന സാഹചര്യമുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ മുഹമ്മദ് നബി(സ്വ)യാണ് പ്രശ്‌നം പരിഹരിച്ചത്. (അന്ന് പ്രവാചകത്വം ലഭിച്ചിട്ടില്ല).
പൊളിക്കുന്നതിനിടെ, ഹജറുല്‍അസ്‌വദ്, മഖാമു ഇബ്‌റാഹീം എന്നിവയുടെ ചുവട്ടില്‍ നിന്ന് രണ്ട് ലിഖിതങ്ങള്‍ കിട്ടിയിരുന്നു . ഇതില്‍ സിറിയന്‍ ലിപിയാണുണ്ടായിരുന്നത്.