Skip to main content

സഅ്‌യ്

സഅ്‌യ് എന്ന വാക്കിന് നടത്തം, പരിശ്രമം, ഓട്ടം എന്നെല്ലാം അര്‍ഥമുണ്ട്. കഅ്ബക്കു സമീപത്തായി ഏകദേശം നാനൂറുമീറ്റര്‍ അകലത്തിലുള്ള രണ്ടു ചെറുകുന്നുകളാണ് സഫായും മര്‍വയും. ഇവയ്ക്കിടയില്‍ ഏഴു പ്രാവശ്യം നടക്കല്‍ എന്നത് ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധഘടകമാണ് (റുക്ന്‍). ഇസ്‌ലാംമത പദാവലിയില്‍ സഅ്‌യ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. ഇത് നഷ്ടപ്പെട്ടാല്‍ ഹജ്ജും ഉംറയും നഷ്ടപ്പെടും. ഉംറയുടെ ഭാഗമായി ത്വവാഫുല്‍ ഖുദൂം കഴിയുന്ന വ്യക്തിയും ഹജ്ജ് മാത്രമായി ഇഹ്‌റാം ചെയ്ത ഹാജിയുമെല്ലാം ഇവിടെവന്ന് സഅ്‌യ് നടത്തേണ്ടതുണ്ട്. ഇഫ്‌റാദും ഖിറാനുമായി ഇഹ്‌റാം ചെയ്തവര്‍ നേരത്തെ ഉംറയുടെ ഭാഗമായി സഅ്‌യ് നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ വീണ്ടും സഅ്‌യ് നടത്തേണ്ടതില്ല. എന്നാല്‍ തമത്തുഅ് ആയി ഇഹ്‌റാം ചെയ്തവര്‍ നേരത്തെ ഉംറയോടൊപ്പം നടത്തിയതിനു പുറമെ ത്വവാഫുല്‍ ഇഫാദക്ക് ശേഷം ഹജ്ജിന്റെ സഅ്‌യ് വേറെ നടത്തണം.

ഇബ്‌റാഹീം നബി(അ) തന്റെ ഭാര്യ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും കഅ്ബയുടെ ചാരത്ത് താമസിപ്പിച്ചു തിരിച്ചുപോയി. ഹാജറിന്റെ കൈവശമുള്ള വെള്ളം തീര്‍ന്നപ്പോള്‍ വെള്ളം തേടിയും അഭയമന്വേഷിച്ചും പരിഭ്രാന്തിയോടെ അവര്‍ ഈ രണ്ടു കുന്നുകള്‍ പലവുരു കയറിയിറങ്ങി. തിരിച്ചെത്തിയപ്പോള്‍ സംസം എന്ന നീരുറവ അവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. ഈ ചരിത്രത്തിന്റെ അയവിറക്കല്‍, അടിമയായ ഹാജര്‍ എന്ന സ്ത്രീയെ അമരത്വത്തിലേക്ക് നയിച്ച ആദര്‍ശസ്‌നേഹത്തിന്റെയും മാതൃവാത്സല്യത്തിന്റെയും കഥക്ക് ജീവനേകുകയാണ് സഅ്‌യ്. നൂറ്റാണ്ടുകള്‍കൊണ്ട് ജനകോടികള്‍ കയറിയിറങ്ങിയ ഈ കൊച്ചുകുന്നുകള്‍ ഇന്ന് ഏതാനും അടി ഉയരത്തിലും വിസ്താരത്തിലും മാത്രമേ പുറത്തുകാണാനുള്ളൂ. മസ്ജിദുല്‍ ഹറം വികസിപ്പിച്ചപ്പോള്‍ ഇതിന്റെ അരികുകളെല്ലാം പള്ളിയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഹാജറും മുഹമ്മദ് നബി(സ്വ)യും നടന്ന പാതയില്‍ വെയിലും കല്ലും ഇന്നവിടെയില്ല. ശീതീകരിച്ച് ടൈലുകള്‍ പതിച്ച് മനോഹരവും സുഖകരവുമാക്കിയ ഒരു നീണ്ട ഹാളാണ് ഇന്ന് ഹാജറിനെ ഓര്‍ക്കാനുള്ളത്. എന്നാലും ആ ത്രസിക്കുന്ന ചരിത്രത്തിലേക്ക് ഓരോ ഹാജിയെയും പിടിച്ചു വലിക്കുന്ന കര്‍മമാണ് സഅ്‌യ്.

ത്വവാഫ് കഴിഞ്ഞ് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തുള്ള കവാടത്തിലൂടെ കടന്നെത്തുക സഫായിലേക്കാണ്. ഇവിടെ നിന്നാണ് സഅ്‌യ് തുടങ്ങേണ്ടത്. സഅ്‌യ് നടത്താന്‍ വുദു നിര്‍ബന്ധമില്ല. ആര്‍ത്തവമുള്ള സ്ത്രീക്കും സഅ്‌യ് നിര്‍വഹിക്കാം. സഫായിലേക്കെത്തുമ്പോള്‍ ഹാജി വിശുദ്ധ ഖുര്‍ആനിലെ 2:158 വചനം പാരായണം ചെയ്യണം. ''തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ ത്വവാഫ് നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സ്വയം സന്നദ്ധനായി സത്കര്‍മം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.'' ശേഷം സഫായില്‍ കയറി ഖിബ്‌ലയ്ക്ക് അഭിമുഖമായി നിന്ന് കൈകളുയര്‍ത്തി പ്രാര്‍ഥിക്കണം. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാകുല്ലി ശൈഇന്‍ ഖദീര്‍. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു, വ ഹസമല്‍ അഹ്‌സാബ വഹ്ദഹു. (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ഏകനും പങ്കുകാരനില്ലാത്തവനുമാണ്. അധികാരങ്ങളും സ്തുതികളുമെല്ലാം അവനുള്ളതാണ്. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല, അവന്‍ ഏകനാണ്. അവന്‍ വാഗ്ദാനം നിറവേറ്റി തന്റെ അടിമയെ സഹായിച്ചു. എല്ലാ സംഘങ്ങളെയും അവന്‍ തനിച്ച് പരാജയപ്പെടുത്തുകയും ചെയ്തു). ഇത് മൂന്നു പ്രാവശ്യം ഉരുവിടണം. 

പിന്നീട് തനിക്കാവശ്യമുള്ള എന്തുകാര്യവും പ്രാര്‍ഥിക്കാവുന്നതാണ്. ശേഷം മര്‍വയിലേക്ക് നടക്കുക. വഴിയില്‍ പ്രത്യേകം പച്ച ലൈറ്റ്‌കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍ക്കിടയില്‍ പുരുഷന്മാര്‍ ഓടണം. ഈ നടത്തത്തിനും ഓട്ടത്തിനുമിടയിലെല്ലാം ആവശ്യമായ പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കാം. നിര്‍ണിത പ്രാര്‍ഥനകളോ ദിക്‌റുകളോ ഒന്നും ഇവിടങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. അങ്ങനെ മര്‍വയിലെത്തുന്നതോടെ ഒരു സഅ്‌യ് പൂര്‍ത്തിയായി. ശേഷം മര്‍വയില്‍ കയറി, നേരത്തെ സഫായില്‍ ചൊല്ലിയതുപോലെ ചൊല്ലി പ്രാര്‍ഥിച്ച് സഫയിലേക്ക് തിരിച്ചു നടക്കുക. പച്ച ലൈറ്റുകള്‍ക്കിടയില്‍ പുരുഷന്മാര്‍ ഓടുക. ഇതിനിടയില്‍ പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കുക. അതോടെ രണ്ടാം സഅ്‌യും പൂര്‍ത്തിയായി. ഇങ്ങനെ ഏഴുതവണ സഫാ മര്‍വകള്‍ക്കിടയില്‍ നടന്ന് അവസാനം മര്‍വയിലൂടെ പുറത്തുവരാം.

സ്വന്തമായി സഅ്‌യ് ചെയ്യാന്‍ കഴിയാത്തവരെ വണ്ടിയില്‍ ഇരുത്തി ഉന്തിക്കൊണ്ടു പോകാവുന്നതാണ്. വണ്ടിയില്‍ ഇരിക്കുന്നവര്‍ വേണ്ട പ്രാര്‍ഥനകളും മറ്റും സ്വയം നിര്‍വഹിക്കണം. കൊച്ചുകുട്ടികളെ എടുത്തുകൊണ്ടും സഅ്‌യ് നടത്താം. രണ്ടുപേരുടെയും നിയ്യത്താണ് ഈ സമയത്ത് കുഞ്ഞിനെ എടുത്ത വ്യക്തി കരുതേണ്ടത്.

സഅ്‌യ് ഒറ്റനോട്ടം

സ്വഫായിലേക്ക് പ്രവേശിക്കുക. വുദു നിര്‍ബന്ധമില്ല. ആര്‍ത്തവകാരികള്‍ക്കും നിര്‍വഹിക്കാം. സഫായുടെ സമീപമെത്തുമ്പോള്‍ അതിന് അഭിമുഖമായി നിന്ന് ഹാജി വിശുദ്ധ ഖുര്‍ആനിലെ 2:158 വചനം പാരായണം ചെയ്യണം. ശേഷം സഫായില്‍ കയറി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൈകളുയര്‍ത്തി പ്രാര്‍ഥിക്കണം. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍. ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു, വ ഹസമല്‍ അഹ്‌സാബ വഹ്ദഹു(79) എന്ന് മൂന്നുപ്രാവശ്യം ഉരു വിടണം. പിന്നീട് തനിക്കുവേണ്ടതെല്ലാം പ്രാര്‍ഥിക്കുക. ശേഷം മര്‍വയിലേക്ക് നടക്കുക. രണ്ടു പച്ച ലൈറ്റുകള്‍ക്കിടയില്‍  പുരുഷന്മാര്‍ ഓടണം. ഈ നടത്തത്തിനും ഓട്ടത്തിനുമിടയിലെല്ലാം ആവശ്യമായ പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കാം. മര്‍വയിലെത്തുന്നതോടെ ഒരു സഅ്‌യ് പൂര്‍ത്തിയായി. ശേഷം മര്‍വയില്‍കയറി നേരത്തെ സഫായില്‍ ചൊല്ലിയതുപോലെ ചൊല്ലി പ്രാര്‍ഥിച്ച് സഫായിലേക്ക് തിരിച്ചു നടക്കുക. പച്ച ലൈറ്റുകള്‍ക്കിടയില്‍ പുരഷന്മാര്‍ ഓടുക. ഇതിനിടയില്‍ പ്രാര്‍ഥനകളും ദിക്‌റുകളും നിര്‍വഹിക്കുക. അതോടെ രണ്ടാം സഅ്‌യും പൂര്‍ത്തിയായി. ഇങ്ങനെ ഏഴുതവണ സഫ മര്‍വകള്‍ക്കിടയില്‍ നടന്ന് അവസാനം മര്‍വയിലൂടെ പുറത്തുവരാം.
 

Feedback