നിയ്യത്തോടുകൂടി ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതിനാണ് ഇഹ്‌റാം എന്നു പറയുക. ഇതിന് നിശ്ചയിക്കപ്പെട്ട സ്ഥലത്തിന് മീഖാത് എന്നു പറയും. നോമ്പും നമസ്‌കാരവും പോലുള്ള ആരാധനാകര്‍മങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേകസ്ഥലത്ത് വെച്ച് നിര്‍വഹിക്കേണ്ടതല്ലാത്തതിനാല്‍ അവയുടെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കാന്‍ പ്രത്യേകസ്ഥലം നിര്‍ണയിക്കേണ്ടതില്ല. എന്നാല്‍ ഹജ്ജ് ഒരു സ്ഥലത്ത് നിര്‍വഹിക്കേണ്ട കര്‍മമാണ്. അതിനാല്‍ അത് ആരംഭിക്കാനും നിര്‍വഹിക്കാനും അവസാനിക്കാനുമുള്ള സ്ഥലങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടണം. ഇതാണ് മീഖാതുകള്‍ നിശ്ചയിച്ചതിന്റെ ഒരു ലക്ഷ്യം.
കഅ്ബ സ്ഥിതിചെയ്യുന്നത് ഭൂമിയില്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളുടെ ഏകദേശം മധ്യത്തിലായിട്ടാണ്. അപ്പോള്‍ കഅ്ബയിലേക്ക് എല്ലാ ദിക്കുകളില്‍ നിന്നും ഹാജിമാര്‍ വരും. മക്കയും കഅ്ബയും ഏറെ ആദരണീയമാണ്. അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി മനുഷ്യചരിത്രത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ഭവനമാണത്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ആരാധനയാണ് ഹജ്ജ്. പ്രവാചകന്മാരും മഹത്തുക്കളുമായ ഒരുപാടുപേരുടെ പാദസ്പര്‍ശമേറ്റ നാടാണിത്. ആ നാട്ടിലേക്ക് ദൂരനാടുകളില്‍നിന്ന് ഹാജിമാര്‍ പുറപ്പെടുന്നത് മാനസികമായും ആത്മീയമായും ശുദ്ധീകരിക്കപ്പെടാനും ആത്മീയ ഔന്നത്യം നേടാനുമാണ്. കഴിവിന്റെ പരമാവധി ഭൗതിക ബാധ്യതകളെല്ലാം തീര്‍ത്ത് സംശുദ്ധമായ പണവും മനസ്സുമായാണവര്‍ വരുന്നത്. ഇങ്ങനെയുള്ള ഹാജിമാര്‍ ഈ മണ്ണിലേക്കും കര്‍മങ്ങളിലേക്കും കടക്കുമ്പോള്‍ ഭക്തിയുടെ മനസ്സും വചസ്സും വസ്ത്രവുമെല്ലാമായി ശുദ്ധിയോടെ വേണം അവിടെ പ്രവേശിക്കാന്‍. അതിന് ബോധപൂര്‍വമായി തയ്യാറെടുക്കേണ്ടതുണ്ട്. ഈ തയ്യാറെടുപ്പാണ് ഇഹ്‌റാം. ഇതിനായി ഓരോ ഭാഗത്തുനിന്നും വരുന്നവര്‍ക്ക് മക്കയ്ക്കു പുറത്ത് പ്രത്യേകമായ സ്ഥലങ്ങള്‍ നബി(സ്വ) നിര്‍ണയിച്ചു തന്നിട്ടുണ്ട്. ഇതാണ് മീഖാതുകള്‍. ഇത് മക്ക എന്ന നാടിനെ ആദരിക്കാനും മഹത്വപ്പെടുത്താനുമായി അല്ലാഹു സംവിധാനിച്ചതാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ നിരീക്ഷിക്കുന്നു. (ശറഹുല്‍ ഉംദ ഫീ ബയാനി മനാസികില്‍ ഹജ്ജി വല്‍ ഉംറ, 1/319,320) തീര്‍ഥാടകര്‍ ഇവിടെ വെച്ചുതന്നെ ഇഹ്‌റാം നിര്‍വഹിക്കുക എന്നത് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം അവരുടെ പ്രതിഫലം കുറയും. കൂടാതെ പ്രായശ്ചിത്തബലിയും നല്കണം.