ദുല്‍ഹിജ്ജ പത്തിന് ജംറതുല്‍ അഖബയിലെ ഏറും ബലിയും കഴിഞ്ഞാല്‍ പിന്നീട് ഹാജി തലമു ണ്ഡനം ചെയ്യുകയോ വെട്ടുകയോ ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെയാണ് നബി(സ്വ) ചെയ്തത്. എന്നാല്‍ ഈ ക്രമം പാലിക്കല്‍ നിര്‍ബന്ധമില്ലെന്ന് സ്വഹാബികളുടെ മാതൃകകളിലൂടെ മനസ്സിലാകുന്നു. ജംറയിലെ ഏറ്, ബലി, മുടിയെടുക്കല്‍ എന്നിവ പരസ്പരം മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യാം. എന്നാലും നബി(സ്വ) കാണിച്ച മാതൃക പിന്തുടരുന്നതാണ് ഉത്തമം. മനഃപൂര്‍വം മുടിയെടുക്കാതിരുന്നാല്‍ പ്രായശ്ചിത്തബലി നടത്തേണ്ടതുണ്ട്.
മുടി പൂര്‍ണമായും എടുക്കുന്നതാണ് (മുണ്ഡനം ചെയ്യുക) കൂടുതല്‍ പുണ്യകരം. നബി(സ്വ) പറഞ്ഞു: തലമുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. സഹാബികള്‍ പറഞ്ഞു, റസൂലേ, മുടി മുറിച്ചവരെയും. നബി(സ്വ) അപ്പോഴും, തലമുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. എന്നു പറഞ്ഞു. മുടിമുറിച്ചവരെയും എന്ന് സ്വഹാബികള്‍ ആവര്‍ത്തിച്ചു. അപ്പോഴും റസൂല്‍ മുണ്ഡനം ചെയ്തവരെയും എന്ന് ആവര്‍ത്തിച്ചു. വീണ്ടും സ്വഹാബികള്‍ മുടിമുറിച്ചവരെയും എന്നു പറഞ്ഞപ്പോള്‍ മുടിമുറിച്ചവരെയും എന്ന് റസൂല്‍(സ്വ) പറഞ്ഞു (ബുഖാരി 1727).
മുടിമുറിക്കുക എന്നാല്‍ ഏതെങ്കിലും ഭാഗത്ത് നിന്ന് ഏതാനു ഇഴകള്‍ മുറിക്കുകയല്ല. ഇതെല്ലാം നമ്മുടെ ആരാധനയുടെ ആത്മാര്‍ഥത നശിപ്പിക്കുന്നതും മതത്തില്‍ കുതന്ത്രങ്ങള്‍ നിര്‍മിക്കലുമാണ്. എല്ലാ ഭാഗത്തും നിന്നുമായി മുറിക്കണം. സ്ത്രീകളും മുടി മുറിക്കണം. അവര്‍ മുടി പൂര്‍ണമായി മുറിക്കുകയോ വടിക്കുകയോ പാടില്ല. ഒരു വിരലിന്റെ നീളത്തില്‍ മുടിയുടെ അറ്റത്തുനിന്ന് മുറിച്ചാല്‍ മതി. ഇതോടെ ഹാജിമാര്‍ക്ക് ഇഹ്‌റാമില്‍ നിഷിദ്ധമായിരുന്ന സ്ത്രീബന്ധമല്ലാത്ത മറ്റെല്ലാ കാര്യങ്ങളും അനുവദനീയമാകും.